രുചി വൈവിധ്യങ്ങൾക്കൊപ്പം വിലക്കിഴിവും; ലുലു ഭക്ഷ്യമേളക്ക് യു.എ.ഇയിൽ തുടക്കം
ഫെസ്റ്റിവലിന്‍റെ ഭാഗമായി വിവിധ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ തത്സമയ പാചക മത്സരങ്ങൾ നടക്കും
ദുബൈ: ലുലു വേൾഡ് ഫുഡ് ഫെസ്റ്റ് 2023ന് യു.എ.ഇ യിൽ തുടക്കം. ലോക വിഭവങ്ങളുടെ രുചികൾ വിളമ്പുന്ന മേള ഇത്തവണ 14 ദിവസം നീണ്ടു നിൽക്കും. പലതരം രുചിവൈവിധ്യങ്ങളാണ് മേളയുടെ ഭാഗമായി യു.എ.ഇ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഒരുക്കിയിരിക്കുന്നത്.
അബുദാബി ഡബ്ല്യു.ടി.സി ലുലു ഹൈപ്പർ മാർക്കറ്റ്, ദുബൈ അൽ ഖിസൈസ് ലുലു ഹൈപ്പർമാർക്കറ്റ്, ഷാർജ മുവൈല ലുലു ഹൈപ്പർമാർക്കറ്റ് , അൽ ഐൻ കുവൈത്താത് ലുലു എന്നിവിടങ്ങളിൽ ലുലു ഭക്ഷ്യമേളയുടെ ഉദ്ഘാടന ചടങ്ങുകൾ നടന്നു. ഷെഫ് പങ്കജ് ബദൗരിയ, ഷെഫ് സുമയ ഉബൈദ്, ഷെഫ് അഹമ്മദ് ദർവീഷ്, ഇന്ത്യൻ നടി ആൻ അഗസ്റ്റിൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ഓരോ രാജ്യങ്ങളിലെയും തനത് ഭക്ഷണ വിഭവങ്ങൾ രുചിക്കാനും വാങ്ങാനുമുള്ള മികച്ച അവസരം കൂടിയായി മാറുകയാണ് ലുലു ഭക്ഷ്യമേള.
ഫെസ്റ്റിവലിന്‍റെ ഭാഗമായി വിവിധ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ തത്സമയ പാചക മത്സരങ്ങൾ നടക്കും. മത്സര വിജയികൾക്ക് 3,000 ദിർഹം വരെയുള്ള ക്യാഷ് പ്രൈസുകൾ ലഭിക്കും. ഷെഫ് പങ്കജ് ബദൗരിയയാണ് തത്സമയ പാചക വർക്ക് ഷോപ്പ് അവതരിപ്പിക്കുക. പ്രമുഖ പാചകക്കാരുടെ ലൈവ് ഡെമോ, തെരുവു ഭക്ഷണ കൗണ്ടറുകൾ, മലബാർ ചായക്കട, തട്ടുകട, ബേക്കറി ബ്രെഡ് ഹൗസ് തുടങ്ങിയവും ആഘോഷ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഭക്ഷ്യമേളയുടെ ഭാഗമായി ഫ്രഷ് ഫുഡ്, ഫ്രൂട്ട്സ് ആൻഡ് വെജിറ്റബ്ൾസ്, ബേക്കറി, സ്നാക്സ്, ഫിഷ് , മീറ്റ് തുടങ്ങിയ എല്ലാ ഫുഡ് പ്രോഡക്റ്റുകൾക്കും ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഭക്ഷ്യ വിഭവങ്ങൾക്കു പുറമെ വിവിധ ഉൽപന്നങ്ങൾ, പാത്രങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവക്ക് 50 ശതമാനം വരെ വിലക്കിഴിവും ലഭിക്കും.