കോടതിക്ക് പുറത്ത് ഒത്തുതീർപ്പിനില്ല, അപകീർത്തി കേസുകളിൽ നിയമനടപടി തുടരുമെന്ന് ലുലു ഗ്രൂപ്പ്
കേസുകൾ പിൻവലിക്കില്ലെന്ന് ലുലു കമ്യൂണിക്കേഷൻസ് മേധാവി
ദുബൈ: അപകീർത്തി കേസുകളിൽ നിയമനടപടി തുടരുമെന്ന് ലുലു ഗ്രൂപ്പ്. എം.എ യൂസഫലിയേയും സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തിയതിന് ഫയൽ ചെയ്ത കേസുകൾ പിൻവലിക്കില്ലെന്ന് ലുലു കമ്യൂണിക്കേഷൻസ് മേധാവി വി. നന്ദകുമാർ. പ്രതികൾ മാപ്പ് പറഞ്ഞോ ഇല്ലയോ എന്നത് വിഷയമല്ല. മാപ്പ് രേഖപ്പെടുത്തിയെന്ന് അവകാശപ്പെടുന്നത് പ്രതിസ്ഥാനത്തുള്ളവരാണ്. കോടതിക്ക് പുറത്ത് ഒത്തുതീർപ്പിനില്ലെന്നും ലുലു ഗ്രൂപ്പ് അധികൃതർ പറഞ്ഞു.
അപകീർത്തികരമായ വീഡിയോ ചെയ്തതിൽ എം.എ യൂസുഫലിയോട് മാപ്പുപറഞ്ഞ് മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയ രംഗത്ത് വന്നിരുന്നു. യൂസഫലിക്കെതിരെ വ്യാജ ആരോപണങ്ങൾ അടങ്ങിയ വീഡിയോ ചെയ്തതിലാണ് മാപ്പ് പറഞ്ഞിരുന്നത്. വ്യാജ ആരോപണം ഉന്നയിച്ചതിനെതിരെ യൂസുഫലി നിയമപോരാട്ടം ആരംഭിച്ചതിന് പിന്നാലെയാണ് ഷാജൻ സ്‌കറിയ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
തിരുവനന്തപുരം വിമാനത്താവളം വഴി യൂസുഫലി അനധികൃതമായി സ്വർണം കടത്തിയെന്ന ആരോപണം 2020 നവംബറിലാണ് ഷാജൻ സ്‌കറിയ ഉന്നയിച്ചത്. എറണാകുളം സബ് കോടതിയിൽ എം.എ യൂസുഫലി അപകീർത്തിക്കേസ് ഫയൽ ചെയ്തിരുന്നു. അടിസ്ഥാനരഹിതമായ വാർത്തകളിലൂടെ യൂസഫലിയെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്നും തെറ്റായ വീഡിയോ ചെയ്തതിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഷാജൻ സ്‌കറിയ വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.