ദുബൈയിലെ എല്ലായിടത്തും ഇനി പ്രതിമാസ പാർക്കിങ്; പാർക്കിൻ ഓപറേറ്റ് ചെയ്യുന്ന സ്ഥലങ്ങളിലാണ് സൗകര്യം
300 ദിർഹം മുതലാണ് സബ്സ്ക്രിപ്ഷൻ ആരംഭിക്കുന്നത്
ദുബൈ: ദുബൈ എമിറേറ്റിലെ എല്ലാ മേഖലകളിലേക്കും പ്രതിമാസ പാർക്കിങ് വ്യാപിപ്പിച്ച് പബ്ലിക് പാർക്കിങ് ഓപ്പറേറ്ററായ പാർക്കിൻ. സമൂഹമാധ്യമം വഴിയാണ് ഇതേക്കുറിച്ചുള്ള വിവരങ്ങൾ കമ്പനി പങ്കുവച്ചത്. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമായ തീരുമാനമാണ് പ്രതിമാസ പാർക്കിങ് സബ്‌സ്‌ക്രിപ്ഷൻ. ഈ സൗകര്യം എടുക്കുന്ന ഉപഭോക്താക്കൾക്ക് പാർക്കിങ് സമയ പരിധിയെ കുറിച്ച് ആശങ്കപ്പെടേണ്ടി വരില്ല. അധികസമയം പാർക്ക് ചെയ്തതിൻറെ പിഴ വരുന്നതും മണിക്കൂർ ഇടവിട്ട് പാർക്കിങ് പുതുക്കുന്നതും ഇതോടെ ഇല്ലാതാക്കാനാകും.
മുന്നൂറ് ദിർഹം മുതലാണ് തിങ്കളാഴ്ച മുതൽ പ്രഖ്യാപിക്കപ്പെട്ട പ്രതിമാസ പാർക്കിങ്ങിന്റെ ഏറ്റവും ചെറിയ നിരക്ക്. കറാമ, ഖിസൈസ്, അൽ കിഫാഫ് ഉൾപ്പെടുന്ന വസ്ൽ റിയൽ എസ്റ്റേറ്റ് കമ്യൂണിറ്റിയിലെ സോൺ ഡബ്ല്യൂ, ഡബ്ല്യൂ പി മേഖലയിലാണ് മുന്നൂറ് ദിർഹം.
സിലിക്കൺ ഒയാസിസിലെ സോൺ 'എച്ച്' മേഖലയിൽ മൂന്ന് മാസത്തേക്ക് 1,400 ദിർഹം മുതൽ ആരംഭിക്കുന്നതാണ് സബ്‌സ്‌ക്രിപ്ഷൻ. സിലിക്കൺ ഒയാസിസിലെ മറ്റു ചില ഭാഗങ്ങളിൽ മൂന്ന് മാസത്തേക്ക് 1,000 ദിർഹം മുതൽ ആരംഭിക്കുന്ന സബ്‌സ്‌ക്രിപ്ഷനുമുണ്ട്. ദുബൈ ഹിൽസ് മേഖലയിൽ പ്രതിമാസം 500 ദിർഹം മുതലാണ് ആരംഭം.
റോഡരികിലും പ്ലോട്ട് പാർക്കിങിലും 500 ദിർഹം മുതൽ പ്രതിമാസ സബ്‌സ്‌ക്രിപ്ഷൻ എടുക്കാം. ദുബൈയിലെ വിവിധ സ്ഥലങ്ങളിലായി എ, ബി, സി, ഡി എന്നീ കോഡുകളുള്ള പ്രദേശങ്ങൾ ഇവയിൽ ഉൾപ്പെടും. പ്ലോട്ട് പാർക്കിങിന് സബ്സ്‌ക്രിപ്ഷൻ എടുക്കുന്നതിലൂടെ വാഹനമുടമകൾക്ക് 48 ശതമാനം വരെ ചിലവ് ലാഭിക്കാൻ കഴിയുമെന്ന് പാർക്കിൻ പറയുന്നു.