ഓർമ്മകൾ നശിച്ച 80കാരന്റെ പേരും വിലാസവും തിരിച്ചറിഞ്ഞു; റാഷിദ് അൻവർ ധർ നാളെ ജന്മനാട്ടിലേക്ക്
പത്ത് മാസം മുൻപാണ് സ്വന്തം പേര് പോലും ഓർമ്മയില്ലാത്ത ഇദ്ദേഹത്തെ ഷാർജ ഇന്ത്യൻ അസോ. പരിസരത്ത് ആരോ ഉപേക്ഷിച്ചത്
പത്ത് മാസം മുൻപ്, പാസ്പോർട്ടോ രേഖകളോ ഇല്ലാതെ, സ്വന്തം പേര് പോലും ഓർമ്മയില്ലാതെ, ഒരു മനുഷ്യൻ ഷാർജ ഇന്ത്യൻ അസോസിയേഷന്റെ പരിസരത്ത് ഉപേക്ഷിക്കപ്പെട്ടു. ആശുപത്രി വേഷത്തിൽ, നരച്ച താടിയും ജീർണ്ണിച്ച ഓർമ്മകളുമായി എത്തിയ അദ്ദേഹത്തെ ആര് ഉപേക്ഷിച്ചതാണെന്നോ, എവിടെ നിന്നാണ് വന്നതെന്നോ ആർക്കും അറിയില്ലായിരുന്നു. 2024 മെയ് 17-ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച ഓപ്പൺ ഹൗസിൽ വെച്ചാണ് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ അദ്ദേഹത്തെക്കുറിച്ച് അറിയുന്നത്. തുടർന്ന്, മാധ്യമങ്ങളിലൂടെ വിവരങ്ങൾ പുറംലോകത്തുമെത്തി.
മറവിയുടെ കരിമ്പടം മൂടിയ മനസ്സുമായി, തളർന്ന ശരീരവുമായി എത്തിയ ആ മനുഷ്യനെ ഷാർജ ഇന്ത്യൻ അസോസിയേഷനിലെ മുസ്തഫയും അയ്മനും സ്വന്തം പിതാവിനെപ്പോലെ നാളിത്രയും ശുശ്രൂഷിച്ചു. ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, ഡെപ്യൂട്ടി സി.ജി. യതിൻ പട്ടേൽ, കോൺസുൽ പബിത്രകുമാർ എന്നിവർക്കൊപ്പം പ്രസിഡന്റ് നിസാർ തളങ്കരയടക്കം ഷാർജ ഇന്ത്യൻ അസോസിയേഷൻ നേതൃത്വവും, പി.ആർ.ഒ ഹരിയും, മാധ്യമപ്രവർത്തകരും അദ്ദേഹത്തിന്റെ വിവരങ്ങൾ കണ്ടെത്താൻ രാപ്പകലില്ലാതെ പരിശ്രമിച്ചു.
ഒരു ഡോക്ടറാണെന്നുള്ള അവ്യക്തമായ ഓർമ്മ മാത്രമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. പാസ്‌പോർട്ടോ, നാടോ, പേരോ ഇല്ലാത്തതിനാൽ ആശുപത്രികളും പൊലീസ് സ്റ്റേഷനുകളുമെല്ലാം കയറിയിറങ്ങി. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ, കശ്മീരിലെ ഒരു ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ കുടുംബമെന്ന് തിരിച്ചറിഞ്ഞു. റാഷിദ് അൻവർ ധർ എന്നാണ് അദ്ദേഹത്തിന്റെ പേരെന്നും കണ്ടെത്തി. ഷാർജ ഇന്ത്യൻ അസോ. സെക്രട്ടറി ശ്രീപ്രകാശാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഈ സന്തോഷവാർത്ത പങ്കുവെച്ചത്.
പ്രവാസ ലോകത്തുനിന്നും മനുഷ്യത്തത്തിന്റെ ഉദാത്ത മാതൃക വരച്ചുവെക്കുന്ന മറ്റൊരു കഥയാണ് റാഷിദ് അൻവർ ധർ വീടണയുമ്പോൾ പൂർത്തിയാവുന്നത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി അംഗം പ്രഭാകരന്റെ കൂടെയാണ് നാളെ അദ്ദേഹം തന്റെ ഉറ്റവരുടെ അടുത്തെത്തുക.
ഷാർജ ഇന്ത്യൻ അസോ. സെക്രട്ടറി ശ്രീ പ്രകാശ് പങ്കുവെച്ച പോസ്റ്റിന്റെ പൂർണരൂപം:
ഓർമ്മകൾ നഷ്ടപ്പെട്ടു പോവുമ്പോൾ ഒറ്റക്കായി പോവുന്നത് മനസ്സിനകത്തു മാത്രമല്ല.. ജീവിതത്തിൽ കൂടിയാണ്. പക്ഷെ അതു തിരിച്ചുപിടിക്കാൻ സഹായിക്കുന്നതാണ് മനുഷ്യത്വം.അതാണ് ആർജവവും ഇഛാശക്തിയും.
ആശുപത്രി വസ്ത്രത്തിൽ മാസങ്ങൾക്കു മുമ്പേ ഷാർജ ഇന്ത്യൻ അസോസിയേഷന്റെ മുന്നിൽ ഉപേക്ഷിക്കപ്പെട്ട നരച്ച താടിയും ജീർണിച്ച ഓർമ്മകളുമുള്ള ഒരു മനുഷ്യൻ.
എട്ടൊമ്പതു മാസക്കാലം അച്ഛനെ പോലെ ശുശ്രൂഷിച്ച മുസ്തഫയും അയ്മനും. വിത്തും വേരും കണ്ടെത്താൻ ഇക്കാലമത്രയും ശ്രമിച്ചു വിജയിച്ച CG HE സതീഷ് കുമാർ ശിവൻ, DCG HE യതിൻ പട്ടേൽ , Consul Pabithrakunar ( Consulate ) , പ്രസിഡണ്ട് നിസാർ തളങ്കരക്കൊപ്പം ഇക്കാര്യത്തിൽ അവസാനം വരെ കൂടെ നിന്ന ഷാർജ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വം - മാനേജിംഗ് കമ്മിറ്റി , നമ്മുടെ PRO ശ്രീഹരി.. , നാടു മുഴുവൻ ചികഞ്ഞന്വേഷിച്ച വിവിധ മാധ്യമ പ്രവർത്തകർ..
പാസ്‌പോർട്ടില്ല, നാടറിയില്ല, പേരറിയില്ല.. താനൊരു ഡോക്ടർ ആണ് എന്ന് മാത്രമാണ് ഓർമ്മ.
ആശുപത്രികൾ, പോലീസ് സ്റ്റേഷനുകൾ, എത്രയെത്ര പരിശ്രമങ്ങൾ... നിരന്തരമായ ആ അന്വേഷണങ്ങൾക്കൊടുവിലാണ് കാശ്മീരിലെവിടെയോ ഉള്ള ഒരു കുഗ്രാമത്തിലാണ് കുടുംബം എന്നറിയുന്നത്.
ഇന്ന് അദ്ദേഹം, റാഷിദ് അൻവർ ധർ, കാശ്മീരിലേക്ക് യാത്ര തിരിക്കുന്നു. അദ്ദേഹത്തിന് തടസ്സങ്ങളില്ലാതെ സുരക്ഷിതമായി കുടുംബത്തോടൊപ്പം ചേരാൻ കഴിയട്ടെ.. പുണ്യമാസത്തിന്റെ പ്രാർത്ഥനകൾ കൂടെയുണ്ടാവട്ടെ..
ഇന്ത്യൻ അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി അംഗം പ്രഭാകരനാണ് കൂടെ..
മതങ്ങൾക്കും രാജ്യങ്ങൾക്കുമപ്പുറത്ത് മനുഷ്യത്വത്തിന്റെ, സ്‌നേഹത്തിന്റെ ചരിത്രം.