യുഎഇ ദേശീയ ദിനം നാളെ; ആഘോഷത്തിനൊരുങ്ങി ഗ്ലോബൽ വില്ലേജ്
ഇന്ന് രാത്രി 9ന് ഡ്രോൺ ഷോ, വെടിക്കെട്ട് ആകാശത്ത് തെളിയും
ദുബൈ: 54-ാമത് യു.എ.ഇ ദേശീയദിന ആഘോഷത്തിനൊരുങ്ങി ദുബൈ ഗ്ലോബൽ വില്ലേജ്. വിനോദം, സാംസ്കാരിക അനുഭവങ്ങൾ, ഷോപ്പിങ് എന്നിവയാണ് സന്ദർശകരെ കാത്തിരിക്കുന്നത്. ഇന്ന് മുതൽ ഡിസംബർ 3 വരെ രാത്രി 9ന് ആകാശത്ത് ഡ്രോൺ ഷോയും വെടിക്കെട്ടുകളും തെളിയും. ഇന്നും നാളെയും വൈകിട്ട് 5:45 മുതൽ 9:30 വരെ അറേബ്യൻ സ്ക്വയർ, ഹാപ്പിനസ് സ്ട്രീറ്റ്, ഫാൽക്കൺ, മെയിൻ സ്റ്റേജ് എന്നിവിടങ്ങളിൽ എമിറാത്തി ഹർബിയ നൃത്തവും അരങ്ങേറും.
ലോകത്തിലെ ഏറ്റവും വലിയ അണ്ടർവാട്ടർ ഡിസ്പ്ലേ സ്ക്രീനിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ച ഡ്രാഗൺ തടാകത്തിന്റെ നവീകരിച്ച രൂപവും ഒരുക്കിയിട്ടുണ്ട്. ആറ് ലേസർ ഷോകൾ, വിഷ്വൽ ഇഫക്റ്റുകൾ, ഫയർ, ആനിമേഷനുകൾ എന്നിവയാണ് പുതുക്കിയവയിൽ ഉൽപ്പെടുന്നത്.
യു.എ.ഇ പവിലിയനിൽ പൈതൃക അനുഭവം ഒരുക്കി പരമ്പരാഗത കരകൗശല തൊഴിലാളികളെ കാണാനാവും. എൻട്രി ടിക്കറ്റിലൂടെയാണ് പ്രവേശനം. 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും 3 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനം സൗജന്യമാണ്.