പാര്‍ക്കിന്‍ ഓഹരിവിലയില്‍ ആദ്യദിനം വന്‍കുതിപ്പ്; ലിസ്റ്റ് ചെയ്ത് മിനുറ്റുകള്‍ക്കകം 30 ശതമാനം ഉയര്‍ച്ച

നിക്ഷേപകരില്‍ നിന്ന് ശക്തമായ ആവശ്യമുയര്‍ന്നതാണ് ഓഹരിവില വര്‍ധിക്കാന്‍ കാരണമായത്

Update: 2024-03-22 16:39 GMT
Advertising

ദുബൈ: എമിറേറ്റിലെ പൊതു പാര്‍ക്കിങ് സംവിധാനം നിയന്ത്രിക്കുന്ന 'പാര്‍ക്കിന്‍' കമ്പനിയുടെ ഓഹരികള്‍, ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്ത ആദ്യ ദിനത്തില്‍ വന്‍കുതിപ്പ്. വ്യാഴാഴ്ച ലിസ്റ്റ് ചെയ്ത കമ്പനിയുടെ ഓഹരി വില 35ശതമാനം വര്‍ധിച്ചാണ് ക്ലോസ് ചെയ്തത്. ഇതോടെ ഒരു ഓഹരിവില 2.84 ദിര്‍ഹമായി ഉയര്‍ന്നു.

2.10ദിര്‍ഹമായിരുന്നു പാര്‍ക്കിന്‍ ഐ.പി.ഒ നിരക്ക്. ലിസ്റ്റ് ചെയ്ത് മിനുട്ടുകള്‍ക്കകം ഓഹരി വില 30ശതമാനം വരെ വര്‍ധിച്ചിരുന്നു. നിക്ഷേപകരില്‍ നിന്ന് ശക്തമായ ആവശ്യമുയര്‍ന്നതാണ് ഓഹരിവില വര്‍ധിക്കാന്‍ കാരണമായത്.

ഈ വര്‍ഷം ആദ്യമായി ഓഹരിവിപണിയിലെത്തിയ കമ്പനി പ്രാഥമിക ഓഹരി വില്‍പനയില്‍ 165 മടങ്ങ് ഓവര്‍ സബ്‌സ്‌ക്രിപ്ഷന്‍ രേഖപ്പെടുത്തിയിരുന്നു. ഓഹരിവില്‍പനയിലൂടെ 160കോടി ദിര്‍ഹം സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടത്. കമ്പനിയുടെ ഐ.പി.ഒ ഓഹരികളില്‍ റീടെയ്ല്‍ നിക്ഷേപകര്‍ക്ക് ലഭ്യമാക്കുന്നവയുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. അസാധാരണമായ സബ്‌സ്‌ക്രിപ്ഷനും റീടെയ്ല്‍ നിക്ഷേപകര്‍ കൂടുതലായി ആവശ്യക്കാരായി എത്തിയ സാഹചര്യവും പരിഗണിച്ചാണ് നടപടി സ്വീകരിച്ചത്.

കമ്പനിയുടെ 24.99 ശതമാനം ഓഹരികളാണ് ഐ.പി.ഒ വഴി ദുബൈ ഫിനാന്‍ഷ്യന്‍ മാര്‍ക്കറ്റിലെത്തിയത്. ഈവര്‍ഷം ജനുവരിയിലാണ് പബ്ലിക് ജോയിന്റ് സ്റ്റോക് കമ്പനിയായി 'പാര്‍ക്കിന്‍' സ്ഥാപിതമായത്. 2024 ല്‍ യു.എ.ഇ പ്രഖ്യാപിക്കപ്പെടുന്ന ആദ്യ ഐ.പി.ഒ , പാര്‍ക്കിന്‍ കമ്പനിയുടേതൊണ്.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News