ദുബൈയിൽ കളഞ്ഞു കിട്ടുന്ന വസ്തുക്കൾ പൊലീസിൽ ഏൽപിച്ചാൽ 50,000 ദിർഹം വരെ സമ്മാനം

48 മണിക്കൂറിനകം പൊലീസിൽ ഏൽപിക്കണമെന്ന് വ്യവസ്ഥ

Update: 2025-11-25 15:18 GMT
Editor : Mufeeda | By : Web Desk

ദുബൈ: ദുബൈയിൽ കളഞ്ഞു കിട്ടുന്ന വസ്തുക്കൾ പൊലീസിൽ ഏൽപിച്ചാൽ അരലക്ഷം ദിർഹം വരെ സമ്മാനം. യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പുതിയ ലോസ്റ്റ് & ഫൗണ്ട് നിയമം പ്രഖ്യാപിച്ചത്. നിയമമനുസരിച്ച് വസ്തുവിന്റെ മൂല്യത്തിന്റെ 10 ശതമാനം വരെ പ്രതിഫലം ലഭിക്കും. ഇത് പരമാവധി 50,000 ദിർഹം ആയിരിക്കും.

നിയമത്തിൽ വസ്തുക്കളെ നഷ്ടപ്പെട്ടത്, ഉപേക്ഷിച്ചത് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. മൂല്യവും ഉടമസ്ഥാവകാശമുള്ളതുമായ ബോധപൂർവം ഉപേക്ഷിച്ചതല്ലാത്ത പണമോ മറ്റു വസ്തുക്കളെയോ ആണ് നഷ്ടപ്പെട്ട ​ഗണത്തിൽ ഉൾപെടുത്തുന്നത്. മനപൂർവം ഉപേക്ഷിച്ച ഇത്തരം വസ്തുക്കൾ ഉപേക്ഷിച്ചത് എന്ന ​ഗണത്തിലും ഉൾപ്പെടും. അലഞ്ഞുതിരിയുന്ന മൃഗങ്ങളെ ഈ വിഭാഗങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Advertising
Advertising

വസ്തുക്കൾ ലഭിക്കുന്നവർ 24 മണിക്കൂറിനുള്ളിൽ ദുബൈ പൊലീസിന്റെ ഇലക്ട്രോണിക് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണം. ശേഷം 48 മണിക്കൂറിനുള്ളിൽ ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷനിൽ വസ്തു ഏൽപിക്കണം. കളഞ്ഞുകിട്ടുന്നവർ വസ്തു ഉപയോഗിക്കുകയും സ്വന്തമാണെന്ന് അവകാശപ്പെടുകയും ചെയ്യരുത്. എന്നാൽ, ഒരു വർഷത്തിനുള്ളിൽ ഉടമസ്ഥൻ അവകാശവാദം ഉന്നയിച്ച് എത്തിയില്ലെങ്കിൽ കണ്ടെത്തിയയാൾക്ക് പൊലീസ് നിബന്ധനകൾക്ക് വിധേയമായി വസ്തു സ്വന്തമാക്കാൻ അപേക്ഷിക്കാം. ഒരു വർഷത്തിന് ശേഷം ഉടമസ്ഥൻ എത്തിയാൽ വസ്തു നൽകുകയും ചെയ്യണം. ഇവ ലംഘിച്ചാൽ ക്രിമിനൽ വസ്തു കണ്ടെത്തിയ ആൾ നിയമനടപടി നേരിടേണ്ടി വരും. നിയമലംഘകർക്ക് 2 ലക്ഷം ദിർഹം വരെയാണ് പിഴ.

നഷ്ടപ്പെട്ട വസ്തു അവകാശി എത്താതെ വിറ്റുപോയാൽ മൂന്ന് വർഷത്തിനുള്ളിൽ ഉടമസ്ഥന് അതിന്റ മൂല്യം അവകാശപ്പെടാം. ഒന്നിലധികം ആളുകൾ ഉടമസ്ഥാവകാശവുമായി വന്നാൽ അന്തിമവിധിയിലൂടെ സ്ഥിരീകരിച്ച വ്യക്തിക്ക് വസ്തുവോ അതിന്റെ മൂല്യമോ നൽകും. നഷ്ടപ്പെട്ട വസ്തുവിന്റെ മൂല്യം വീണ്ടെടുക്കുന്നതിന് പരസ്യപ്പെടുത്തുന്നതിനുണ്ടായ ചെലവുകൾ ഉടമയാണ് വഹിക്കേണ്ടത്. 2015 ലോസ്റ്റ് & ഫൗണ്ട് നിയമത്തെ ഭേദ​ഗതി ചെയ്താണ് പുതിയ നിയമം നിലവിൽ വന്നിരിക്കുന്നത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന ദിവസം മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News