യുഎഇയിൽ ഇസ്‌ലാമിക ധനകാര്യ രംഗവും ഹലാൽ വ്യവസായവും ശക്തമാക്കാൻ പ്രത്യേക സമിതി
യുഎഇ സെൻട്രൽബാങ്ക് ഗവർണർ ചെയർമാനാകും
അബൂദബി: യുഎഇയിൽ ഇസ്‌ലാമിക ധനകാര്യ രംഗവും ഹലാൽ വ്യവസായവും ശക്തമാക്കാൻ മന്ത്രിസഭ പ്രത്യേക സമിതിയെ നിയമിച്ചു. യുഎഇ സെൻട്രൽബാങ്ക് ഗവർണറായിരിക്കും സമിതിയുടെ ചെയർമാൻ. ആഗോള ഇസ്‌ലാമിക് ബാങ്കിങ് ഹബ്ബ് എന്ന യുഎഇയുടെ സ്ഥാനം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് മന്ത്രിസഭ പുതിയ സമിതിയെ നിയോഗിച്ചത്. അന്താരാഷ്ട തലത്തിൽ മൽസരക്ഷമതയുള്ള ഇസ്‌ലാമിക ധനകാര്യമേഖല വളർത്തിക്കൊണ്ടുവരാനും സമിതിക്ക് ചുമതലയുണ്ട്. അതോടൊപ്പം പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ഹലാൽ ഉൽപന്നങ്ങളുടെ എക്‌പോർട്ടും റീ എക്‌സ്‌പോർട്ടും പ്രോത്സാഹിപ്പിക്കും.
2031 നകം ഇസ്‌ലാമിക് ബാങ്കുകളുടെ ആസ്തി 2.56 ട്രില്യൺ ദിർഹമായി ഉയർത്തും. 660 ബില്യൺ ദിർഹമിന്റെ ഇസ്‌ലാമിക് കടപത്രമായ സുകൂക്ക് പുറത്തിറക്കും. ആഗോള ഹലാൽ മാർക്കറ്റിൽ യുഎഇ ഉൽപന്നങ്ങളുടെ മാർക്കറ്റ് ഷെയർ 315 ബില്യണായി ഉയർത്താനും സമിതി ലക്ഷ്യമിടുന്നുണ്ട്.