ഏഷ്യാകപ്പിനൊരുങ്ങി യു.എ.ഇയിലെ മൈതാനങ്ങൾ; ദുബൈയിലാണ് പ്രധാന മത്സരങ്ങൾ

27ന് ശ്രീലങ്കയും അഫ്ഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം

Update: 2022-08-07 07:51 GMT
Advertising

ട്വന്റി 20 ലോകകപ്പിന് പിന്നാലെ തീപാറുന്ന മറ്റൊരു ക്രിക്കറ്റ് മാമാങ്കത്തിന് കൂടി യു.എ.ഇയിലെ മൈതാനങ്ങൾ ഒരുങ്ങുന്നു. ഏഷ്യാകപ്പ് മത്സരങ്ങൾക്ക് ഈമാസം 27 മുതൽ ദുബൈയിൽ തുടക്കമാകും. 28ന് ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടും.

ശ്രീലങ്കയിൽ നടത്താൻ നിശ്ചയിരുന്ന ഏഷ്യാകപ്പ് മത്സരങ്ങളാണ് യു.എ.ഇയിലേക്ക് മാറ്റിയത്. മുഴുവൻ ഏഷ്യൻ രാജ്യങ്ങളിലെയും ക്രിക്കറ്റ് പ്രേമികളുള്ള ദുബൈ, ഷാർജ നഗരങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്ക് ആവേശം ഇരട്ടിയാകുമെന്ന് ഉറപ്പാണ്.

ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടർന്നാണ് മത്സരവേദി യു.എ.ഇയിലേക്ക് മാറ്റിയത്. ആതിഥേയ രാജ്യമായി നിശ്ചയിച്ചിരുന്ന ശ്രീലങ്കയും അഫ്ഗാനിസ്താനും തമ്മിലാണ് ദുബൈയിലെ ഉദ്ഘാടന മത്സരം. സെപ്റ്റംബർ 11 നാണ് ഫൈനൽ പോരാട്ടം നടക്കുക. 2018ൽ യു.എ.ഇയിൽ തന്നെയാണ് ഏറ്റവുമൊടുവിൽ ഏഷ്യകപ്പ് മത്സരം നടന്നത്. അന്ന് മുതൽ ടി20 ഫോർമാറ്റിലാണ് ടൂർണമെന്റ് നടക്കുന്നത്.

പ്രധാന മത്സരങ്ങൾക്ക് പുറമെ, യു.എ.ഇ, കുവൈത്ത്, സിങ്കപ്പൂർ, ഹോങ്കോങ് ടീമുകളുടെ യോഗ്യതാ മത്സരവും നടക്കും. ഇന്ത്യ, പാകിസ്താൻ എന്നിവ ഉൾപ്പടെ എ ഗ്രൂപ്പിൽ യോഗ്യത നേടുന്ന ടീമിന് ഇടം ലഭിക്കും. ശ്രീലങ്ക, അഫ്ഗാനിസ്താൻ, ബംഗ്ലേദേശ് ടീമുകൾ ഉൾപ്പെടുന്നതാണ് ബി ഗ്രൂപ്പ്. ഫൈനൽ ഉൾപ്പെടെ പത്ത് മത്സരങ്ങളാണ് ദുബൈയിൽ നടക്കുക. മൂന്ന് മത്സരങ്ങൾ ഷാർജയിലായിരിക്കും. കഴിഞ്ഞവർഷം ഒക്ടോബറിൽ ട്വന്റി 20 ലോകകപ്പിനും യു.എ.ഇ ആയിരുന്നു വേദിയൊരുക്കിയത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News