സംസ്ഥാന ബജറ്റിലെ പദ്ധതികൾ; പ്രവാസികളിൽ സമ്മിശ്ര പ്രതികരണം
പ്രഖ്യാപിച്ച പ്രവാസി പദ്ധതികൾ പലതും കണ്ണിൽ പൊടിയിടൽ മാത്രമാണെന്ന് പ്രതിപക്ഷ സംഘടനാ നേതാക്കൾ
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പ്രവാസി പദ്ധതികളോട് സമ്മിശ്ര പ്രതികരണം. കേന്ദ്ര ബജറ്റുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികളെ ബജറ്റാണ് സംസ്ഥാനത്തിന്റേതെന്ന് ഗൾഫിലെ ഭരണപക്ഷ അനുകൂല സംഘടനാപ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു. പ്രഖ്യാപിച്ച പ്രവാസി പദ്ധതികൾ പലതും കണ്ണിൽ പൊടിയിടൽ മാത്രമാണെന്നും നാട്ടിലെ നികുതി ഭാരം പ്രവാസി കുടുംബങ്ങളെ വലക്കുമെന്നും പ്രതിപക്ഷ സംഘടനാ നേതാക്കൾ ആരോപിക്കുന്നു.
നോർക്ക വഴി ഓരോ പ്രവാസിക്കും 100 തൊഴിൽ ദിനങ്ങൾ, പ്രവാസി പുനരധിവാസത്തിന് 84.60 കോടി. മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിന് 50 കോടി, സാന്ത്വന പദ്ധതിക്ക് 33 കോടി, മൂന്ന് പ്രവാസി വായ്പാ പദ്ധതികൾ, വിമാന ടിക്കറ്റ് നിരക്ക് ഉയരുന്നത് ഒഴിവാക്കാൻ 15 കോടിയുടെ കോർപസ് ഫണ്ട് എന്നിവയാണ് ബജറ്റിലെ പ്രധാന പ്രവാസി പദ്ധതികൾ.
നാട്ടിലെ നടുവൊടിക്കുന്ന നികുതി വർധനയും വിലക്കയറ്റവും പ്രവാസികളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.\