സ്കൂൾ യാത്രയ്ക്ക് ടാക്സികൾ ബുക്ക് ചെയ്യാം; 'ഇൻ-സേഫ് ഹാൻഡ്‌സ്' സേവനം ഡി.ടി.സി ആപ്പിൽ
പ്രധാനമായും സ്കൂൾ ബസ് സർവീസുകൾ സജീവമല്ലാത്ത പ്രദേശങ്ങളിലാണ് സേവനം ലഭിക്കുക
ദുബൈ: എമിറേറ്റിലെ സ്കൂളുകളിൽ കുട്ടികളെ എത്തിക്കുന്നതിനും തിരിച്ചുകൊണ്ടുവരുന്നതിനും ടാക്സി സേവനം നേരത്തെ ബുക്ക്ചെയ്യാം. രക്ഷിതാക്കൾക്ക് കുട്ടികളെ സ്കൂളിലെത്തിക്കാൻ ഈ സംവിധാനം നേരത്തെ ബുക് ചെയ്യാൻ സൗകര്യമുണ്ടെന്ന് റോഡ് ഗതാഗത അതോറിറ്റി അറിയിച്ചു. സുരക്ഷിത യാത്ര വാഗ്ദാനം ചെയ്യുന്ന സേവനത്തിന് 'ഇൻ സേഫ് ഹാൻഡ്‌സ്' എന്നാണ് പേരിട്ടിരിക്കുന്നത്. പ്രധാനമായും സ്കൂൾ ബസ് സർവീസുകൾ സജീവമല്ലാത്ത പ്രദേശങ്ങളിലാണ് സേവനം ലഭിക്കുക.
ആർ.ടി.എയുടെ ദുബൈ ടാക്സി കോർപ്പറേഷൻ ആപ്പ് വഴിയാണ് ബുക്കിങ് നടത്തേണ്ടത്. 'ഇൻ-സേഫ് ഹാൻഡ്‌സ്' എന്ന സേവനം ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. ആപ്പിൾ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ടാക്സി സേവനങ്ങൾ കൂടുതൽ മേഖലകളിൽ ലഭ്യമാക്കാനും കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര വിദ്യാർഥികൾക്ക് ഉറപ്പുവരുത്താനുമാണ് പദ്ധതിയിലൂടെ ആർ.ടി.എ ലക്ഷ്യമിടുന്നത്.
2021നും 2022 നും ഇടയിൽ ടാക്സികൾ വഴി സ്കൂളിലേക്ക് അയക്കുന്ന രക്ഷിതാക്കളുടെ എണ്ണം 122 ശതമാനം വർധിച്ചതായാണ് കണക്ക്. സേവനത്തിന് ആവശ്യക്കാർ വർധിച്ചതാണ് ഡിജിറ്റൽ ആപ്പിൽ സേവനം ആരംഭിക്കുന്നതിന് കാരണമായത്. പൊതുജനങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞുകൊണ്ട്വിവിധ രീതികളിലെ ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കാൻ ഡി.ടി.സി പ്രതിജ്ഞാബദ്ധമാണെന്ന് ഡി.ടി.സി ഡിജിറ്റൈസേഷൻ ആൻഡ് കൊമേഴ്സ്യൽ ഡെവലപ്മെന്‍റ് ഡയറക്ടർ അബ്ദുല്ല ഇബ്രാഹീം അൽ മീർ പറഞ്ഞു.