ലോകത്തിലെ ഏറ്റവും വലിയ വാട്ടർ ഫൗണ്ടനായ പാം ഫൗണ്ടൻ പ്രദർശനം നിർത്തുന്നു
ഇന്ന് മുതൽ മെയ് 14 വരെ അവസാന പ്രദർശനം ആസ്വദിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്
ദുബൈ: ലോകത്തിലെ ഏറ്റവും വലിയ വാട്ടർ ഫൗണ്ടൻ പ്രദർശനം നിർത്തിവെക്കുന്നു. പാം ജുമൈറയിലെ പാം ഫൗണ്ടനാണ് പ്രദർശനം നിർത്തുകയാണ് എന്നറിയിച്ചത്. ഇന്ന് മുതൽ മെയ് 14 വരെ അവസാന പ്രദർശനം ആസ്വദിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.
2020 ഒക്ടോബറിലാണ് ദുബൈയിലെ കൃത്രിമ ദ്വീപായ പാം ജുമൈറയിലെ ദി പോയിന്റേയിൽ പാം ഫൗണ്ടൻ റെക്കോർഡുകൾ ഭേദിച്ച് ലോകത്തിലെ ഏറ്റവും വലിയ വാട്ടർ ഫൗണ്ടൻ എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം പിടിച്ചത്. ദുബൈയിലെ തന്നെ ബുർജ് ഖലീഫക്ക് താഴെയുള്ള ജലധാരയുടെ റെക്കോർഡാണ് അന്ന് പാം ഫൗണ്ടൻ തകർത്തത്. പുനർനിർമാണത്തിനാണ് ഫൗണ്ടൻ പ്രദർശനം നിർത്തിവെക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, വീണ്ടും പ്രദർശനം ആരംഭിക്കുന്ന തിയതി പ്രഖ്യാപിച്ചിട്ടില്ല.
മെയ് 15 പാം ഫൗണ്ടന്‍റെ പ്രദർശനം അവസാനിപ്പിക്കുമെന്നും അവസാന പ്രദർശനം കാണാൻ ഇന്ന് മുതൽ മേയ് 14 അവസരമുണ്ടാകുമെന്നും നിർമാതാക്കാളായ നഖീൽ ഇസ്റ്റഗ്രമിൽ അറിയിച്ചിട്ടുണ്ട്. 14,000 ചതുരശ്ര അടി വിസ്തൃതിയിൽ 105 മീറ്റർ ഉയരത്തിൽ ഉയർന്നുപൊങ്ങുന്ന ജലധാരയിൽ 3000 എൽ.ഇ.ഡി ബൾബുകൾ കൊണ്ടാണ് ഇവിടെ വർണക്കാഴ്ചകൾ ഒരുക്കിയിരുന്നത്. ദ്വീപിലെ ആഢംബര ഹോട്ടലായ അറ്റ്ലാന്റിസിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ജലനൃത്തവും ഒപ്പമുള്ള വെടിക്കെട്ടും കാണാൻ നൂറുകണക്കിന് പേരാണ് വൈകുന്നേരങ്ങളിൽ പോയിന്റേയിൽ എത്തിയിരുന്നത്.