ഷാർജ എമിറേറ്റിൽ നടപ്പിലാക്കിയ മൂന്നു ദിവസത്തെ വാരാന്ത്യ അവധി സംവിധാനം ഗുണകരമായെന്ന് വിലയിരുത്തൽ
വിദ്യാർഥികളുടെ പഠന നിലവാരത്തിലും മാനസിക തലത്തിലും നല്ല മാറ്റങ്ങൾ ഉണ്ടായതായി പഠന റിപ്പോർട്ടിൽ പറയുന്നു.
(Representative Image)
ദുബൈ: ഷാർജ എമിറേറ്റിൽ നടപ്പിലാക്കിയ മൂന്നു ദിവസത്തെ വാരാന്ത്യ അവധി സംവിധാനം ഗുണകരമായെന്ന് വിലയിരുത്തൽ. വിദ്യാർഥികളുടെ പഠന നിലവാരത്തിലും മാനസിക തലത്തിലും നല്ല മാറ്റങ്ങൾ ഉണ്ടായതായി പഠന റിപ്പോർട്ടിൽ പറയുന്നു.
ഷാർജ സ്വകാര്യ വിദ്യാഭ്യാസ വകുപ്പ്, രക്ഷിതാക്കളെയും അധ്യാപകരെയും ഉൾപ്പെടുത്തി നടത്തിയ വിപുലമായ സർവേയിലാണ് കണ്ടെത്തൽ. വിവിധ രാജ്യക്കാരായ 31,198 വിദ്യാർഥികളുടെ കുടുംബങ്ങളുടെയും ആയിരക്കണക്കിന് അധ്യാപകരുടെയും അഡ്മിനിസ്ട്രേറ്റർമാരുടെയും സഹായത്തോടെയായിരുന്നു പഠനം. അക്കാദമിക് നേട്ടം, ഉൽപ്പാദനക്ഷമത, മാനസിക ക്ഷേമം എന്നീ സൂചകങ്ങളിൽ കാര്യമായ മികവ്സർവെയിൽ തെളിഞ്ഞതായി എസ്.പി.ഇ.എ അധ്യക്ഷ ഡോ. മുഹദ്ദിസ അൽ ഹാഷിമി പറഞ്ഞു.
വിദ്യാർഥികളുടെ പഠന നിലവാരത്തിൽ ഗണ്യമായ വർധനവുണ്ടായെന്നാണ് പ്രധാന കണ്ടെത്തൽ. വിദ്യാർഥികളുടെ സാമൂഹിക കഴിവുകളിലും ഇടപെടലുകളിലും മികവ്വർധിച്ചു. ആഗോള നിലവാരത്തിന് അനുസൃതമായാണ് സ്‌കൂൾ സമയമാറ്റമെന്നും പഠനം വിലയിരുത്തുന്നു. ഷാർജയിൽ കഴിഞ്ഞ വർഷം ജനുവരി മുതലാണ് പുതിയ വാരാന്ത പ്രവൃത്തി സമയം നടപ്പിലാക്കിയത്. തിങ്കൾ മുതൽ വ്യാഴം വരെയാണ് നിലവിലെ പ്രവൃത്തി ദിനങ്ങൾ.
നേരത്തെ ഞായർ മുതൽ വ്യാഴം വരെയായിരുന്നു പ്രവൃത്തി ദിവസങ്ങൾ. യു.എ.ഇയിലെ മറ്റു എമിറേറ്റുകളിൽ പ്രവൃത്തി ദിവസങ്ങൾ തിങ്കൾ മുതൽ വെള്ളി വരെയാക്കിയ സന്ദർഭത്തിലാണ് ഷാർജയും മാറ്റം പ്രഖ്യാപിച്ചത്. മറ്റു എമിറേറ്റുകളിൽ സ്കൂളുകൾ തിങ്കൾ മുതൽ വെള്ളി വരെയാണ് പ്രവർത്തിക്കുന്നത്.