ദുബൈയിൽ ജ്വല്ലറി കൊള്ളടിച്ച രണ്ട് യൂറോപ്യൻ പൗരൻമാരെ വിമാനത്തിനകത്ത് വെച്ച് പിടികൂടി
കൊള്ളയടിച്ച ആഭരണവും മോഷണത്തിന് തയാറാക്കിയ പ്ലാനും, വിഗുമടക്കം പൊലീസ് പിടിച്ചെടുത്തു
ദുബൈ: ജ്വല്ലറി കൊള്ളയടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് യൂറോപ്യൻ പൗരൻമാർ അറസ്റ്റിൽ. സ്വന്തം നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവെ വിമാനത്തിൽ നിന്നാണ് ദുബൈ പൊലീസ് ഇവരെ പിടികൂടിയത്. ഇവരുടെ നീക്കങ്ങളുടെ വീഡിയോ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. മോഷ്ടാക്കൾ ദുബൈ വിമാനത്താവളത്തിൽ ഇറങ്ങിയത് മുതലുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടാണ് ദുബൈ പൊലീസ് ഇവരുടെ അറസ്റ്റുവാർത്ത പങ്കുവെച്ചത്.
ഹോട്ടലിൽ മുറിയെടുത്ത മോഷ്ടാക്കൾ അവിടെ നിന്ന് പുറത്തിറങ്ങി ആറ് കിലോമീറ്റർ ദൂരം നടന്നു. പിന്നീട് നിർമാണം പുരോഗമിക്കുന്ന കെട്ടിടത്തിന്‍റെ മറവിൽ വിഗും മറ്റും വെച്ച് രൂപവും വേഷവും മാറി. പൊലീസിനെയും നിരീക്ഷണ ക്യാമറകളെയും കബളിപ്പിക്കാൻ ഇവർ മൂന്ന് കിലോമീറ്റർ നടന്ന് ആറ് മണിക്കൂറിനിടെ പത്ത് വാഹനങ്ങൾ കയറിയിറങ്ങി. ഓരോ വാഹനം കയറുന്നതിനുമിടക്ക് മൂന്ന് കിലോമീറ്റർ നടക്കും. പൊലീസിനെ കബളിപ്പിക്കാൻ മറ്റൊരു ഹോട്ടലിൽ കയറി വിശ്രമിച്ചു. അവിടെ നിന്ന് ഇറങ്ങി ജ്വല്ലറിയിലെത്തിയ മോഷ്ടാക്കാൻ വിലപിടിപ്പുള്ള ആഭരണം കൈക്കലാക്കി. കൃത്യം നിർവഹിച്ച ശേഷവും രാത്രി വീണ്ടും പൊലീസിനെയും നീരിക്ഷണ കാമറകളെയും കബളിപ്പിക്കാൻ പലയിടങ്ങിലായി കറങ്ങി.
മോഷണം നടത്തുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളും ഷൂസുമെല്ലാം നിർമാണം നടക്കുന്ന കെട്ടിടത്തിനടുത്തെ മാലിന്യ കുപ്പയില്‍ ഉപേക്ഷിച്ചു. പുറപ്പെടുമ്പോൾ ധരിച്ചിരുന്ന വേഷത്തിൽ താമസിക്കുന്ന ഹോട്ടലിൽ തിരിച്ചെത്തി. വസ്ത്രം മാറ്റി വിമാനത്താവളത്തിലേക്ക് തിരിച്ചു. ഇവർ കയറിയ വിമാനം പുറപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുമ്പാണ് ദുബൈ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. കൊള്ളയടിച്ച ആഭരണവും മോഷണത്തിന് തയാറാക്കിയ പ്ലാനും, വിഗുമടക്കം പൊലീസ് പിടിച്ചെടുത്തു. മോഷണം സംബന്ധിച്ച വിവരം ലഭിച്ച് 12 മണിക്കൂറിനുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്യാനായെന്ന് ദുബൈ പൊലീസ് അറിയിച്ചു.