പത്ത് കിലോ സ്വർണം മോഷ്ടിച്ചു; രണ്ട് മലയാളികൾക്ക് ദുബൈയിൽ തടവും പിഴയും

രണ്ട് പ്രതികളും കോട്ടയം സ്വദേശികൾ

Update: 2025-12-22 16:47 GMT
Editor : razinabdulazeez | By : Web Desk

ദുബൈ: ദുബൈയിലെ ജ്വല്ലറിയിൽ നിന്ന് പത്ത് കിലോ സ്വർണം തട്ടിയെടുത്ത കേസിൽ രണ്ട് മലയാളി ജീവനക്കാർക്ക് ദുബൈ അപ്പീൽ കോടതി തടവും പിഴയും വിധിച്ചു. രണ്ട് കോട്ടയം സ്വദേശികൾക്കാണ് ഒരുവർഷം തടവും 14 ലക്ഷം ദിർഹം പിഴയും വിധിച്ചത്. പ്രതികളിലൊരാൾ ദുബൈയിൽ പിടിയിലായെങ്കിലും മറ്റൊരാൾ നാട്ടിലേക്ക് രക്ഷപ്പെട്ടു.

ദുബൈ ദേര ഗോൾഡ് സൂഖിലെ റിച്ച് ഗോൾഡ് ജ്വല്ലറിയിൽ നിന്ന് പത്ത് കിലോ സ്വർണം തട്ടിയെടുത്തു എന്ന കേസിലാണ് രണ്ട് കോട്ടയം സ്വദേശികൾക്ക് ദുബൈയിലെ അപ്പീൽ കോടതി ശിക്ഷ വിധിച്ചത്. ജ്വല്ലറി മാനേജറായിരുന്ന മുഹമ്മദ് അജാസ്, സൂപ്പർവൈസറായിരുന്ന അജ്മൽ കബീർ എന്നിവരാണ് പ്രതികൾ. ഇതിൽ അജ്മൽ കബീർ ദുബൈ പൊലീസിന്റെ പിടിയിലായെങ്കിലും മുഹമ്മദ് അജാസ് ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു.

Advertising
Advertising

2022-23 കാലയളവിൽ വളരെ ആസൂത്രിതമായി ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടിയെടുത്തു എന്നാണ് കേസ്. വിവാഹ ആവശ്യത്തിനാണെന്ന് പറഞ്ഞ് മറ്റൊരു ജ്വല്ലറിയിൽ നിന്ന് വാങ്ങിയ 120 ഗ്രാം സ്വർണം തിരികെ കിട്ടാൻ അതിന്റെ നടത്തിപ്പുകാർ റിച്ച് ജ്വല്ലറിയെ സമീപിച്ചപ്പോഴാണ് മോഷണത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോടികൾ വിലമതിക്കുന്ന സ്വർണം നഷ്ടപ്പെട്ടതായി വ്യക്തമായി. വിവാഹത്തിന് നാട്ടിൽ പോയ അഹമ്മദ് കബീറിനെ ദുബൈയിലെത്തിച്ചാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി വിധിക്കെതിരെ പ്രതി അപ്പീൽ നൽകിയെങ്കിലും ആദ്യ വിധി അപ്പീൽ കോടതി ശരിവെച്ചു. നഷ്ടപ്പെട്ട സ്വർണം തിരികെ ലഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഇന്ത്യയിലേക്ക് രക്ഷപ്പെട്ട മുഹമ്മദ് അജാസിനെതിരെ റിച്ച് ഗോൾഡ് ഉടമയായ മുഹമ്മദ് സലിം കേരളത്തിൽ പരാതി നൽകിയിട്ടുണ്ട്. അജാസിനെ പിടികൂടാൻ കോടതിയുടെ സഹായത്തോടെ ഇന്‍റർപോളിനെ സമീപിക്കാനാണ് നീക്കം. എട്ട് ജീവനക്കാർ മാത്രമുണ്ടായിരുന്ന സ്വർണമൊത്ത വ്യാപാര സ്ഥാപനം ഇപ്പോൾ മുഴുവൻ തൊഴിലാളികളെയും പിരിച്ചുവിട്ട് അടച്ചപൂട്ടിയിരിക്കുകയാണ്. അപ്പീൽ കോടതി വിധിക്കെതിരെ പ്രതികൾക്ക് വേണമെങ്കിൽ ഫെഡറൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും നിയമവിദ്ഗധർ പറഞ്ഞു. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News