യുഎഇയിലെ വിവിധയിടങ്ങളിൽ വരും ദിവസങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത
താപനില പകൽ 29°C- 32°C, രാത്രി 11°C- 20°C വരെ
ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ മൂടൽമഞ്ഞിനും അന്തരീക്ഷ ഈർപ്പം വർധിക്കാനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പുലർകാലങ്ങളിൽ മൂടൽമഞ്ഞ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ഇന്നും നാളെയും ആകാശം പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും. രാത്രിയിൽ അന്തരീക്ഷ ഈർപ്പം വർധിക്കുകയും നാളെ പുലർച്ചെയോടെ തീരപ്രദേശങ്ങളിലും ഉൾനാടൻ മേഖലകളിലും മൂടൽമഞ്ഞ് രൂപപ്പെടുകയും ചെയ്യും. ഇത് കാഴ്ചപരിധി കുറയ്ക്കാൻ കാരണമായേക്കും.
പകൽ സമയത്ത് താപനില 29°C മുതൽ 32°C വരെയായിരിക്കും. രാത്രിയിൽ ഇത് 11°C മുതൽ 20°C വരെയായി കുറയാൻ സാധ്യതയുണ്ട്. മലയോര മേഖലകളിൽ തണുപ്പ് കൂടുതലായിരിക്കും. തിങ്കളാഴ്ചയോടെ താപനിലയിൽ നേരിയ കുറവുണ്ടാകുമെങ്കിലും ചൊവ്വാഴ്ച മുതൽ വീണ്ടും ചൂട് കൂടാൻ തുടങ്ങും. സീസൺ മാറുന്നതിന്റെ ഭാഗമായുള്ള സ്വാഭാവിക മാറ്റമാണിതെന്ന് കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തി.