ദുബൈ ഹെസ്സ സ്ട്രീറ്റ് വികസനം; രണ്ടാം ഘട്ടത്തിനുള്ള കരാർ അനുവദിച്ച് റോഡ് ട്രാൻസ്പോർട് അതോറിറ്റി

യാത്രാസമയം 24 മിനുട്ടിൽ നിന്ന് 5 മിനുട്ടാകും

Update: 2026-02-22 10:00 GMT

ദുബൈ: ദുബൈയിലെ ഹെസ്സ സ്ട്രീറ്റിലെ രണ്ടാം ഘട്ട നിർമാണത്തിനുള്ള കരാർ അനുവദിച്ച് റോഡ് ട്രാൻസ്പോർട് അതോറിറ്റി. അൽ ഖൈൽ റോഡിനും ഷൈഖ് മുഹമ്മദ് ബിൻ സൈദ് റോഡിനും ഇടയിലുള്ള 3 കി.മീ ഭാ​ഗത്താണ് നിർമാണം നടക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതിലൂടെ യാത്രാസമയം 24 മിനുട്ടിൽ നിന്നും അഞ്ച് മിനുട്ടായി കുറക്കാനാകും.

രണ്ടാം ഘട്ടത്തിൽ 8,835 മീറ്റർ ദൈർഘ്യമുള്ള പാലങ്ങളും 480 മീറ്റർ നീളമുള്ള തുരങ്കവും നിർമിക്കും. കൂടാതെ പ്രധാനപ്പെട്ട മൂന്ന് ഇന്റർസെക്ഷനുകൾ നവീകരിക്കുകയും ചെയ്യും. ഹെസ്സ സ്ട്രീറ്റിലെ വാഹന ശേഷി മണിക്കൂറിൽ 4,000 എന്നതിൽ നിന്ന് 8,000 ആയി ഉയരും. ഹെസ്സ സ്ട്രീറ്റ് ഇരുവശങ്ങളിലേക്കും രണ്ട് വരികളിൽ നിന്ന് നാല് വരികളായി വികസിപ്പിക്കും. അൽ ഖൈൽ റോഡിൽ നിന്ന് അബൂദബി ഭാഗത്തേക്കും ഷാർജ ഭാഗത്തേക്കും പോകുന്നവർക്കായി പ്രത്യേക ഫ്ലൈഓവറുകളും റാമ്പുകളും സജ്ജീകരിക്കും.

ഹെസ്സ സ്ട്രീറ്റ് വികസനത്തിന്റെ ഒന്നാം ഘട്ടം ഈ ഏപ്രിലിൽ തുറന്നു കൊടുക്കും. ഇതിൽ ഷെയ്ഖ് സായിദ് റോഡ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്, അൽ അസായേൽ സ്ട്രീറ്റ് തുടങ്ങിയ പ്രധാന ജംഗ്ഷനുകളുടെ നവീകരണം ഉൾപ്പെടുന്നു. അൽ സൂഫു മുതൽ ദുബായ് ഹിൽസ് വരെ നീളുന്ന 13.5 കിലോമീറ്റർ സൈക്ലിംഗ് ട്രാക്കും ഒന്നാം ഘട്ടത്തിൽ പൂർത്തിയാകും. 

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News