പ്രവാസി സേവനത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ചാറ്റ്ബോട്ടുകൾ; സംശയങ്ങൾക്ക് മറുപടി നൽകും
'സോഹോ' കോർപറേഷനുമായി സഹകരിച്ചാണ് ഈ സേവനം ലഭ്യമാക്കുന്നത്.
ദുബൈ: ദുബെെയിലെ ഇന്ത്യൻ കോൺസുലേറ്റ് വെബ്സൈറ്റിൽ പ്രവാസികളുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ ചാറ്റ്ബോട്ടുകളുടെ സേവനം ഏർപ്പെടുത്തി. 24 മണിക്കൂറും നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ചാറ്റ്ബോട്ടുകളാണ് സഹായത്തിന് സജ്ജമായിരിക്കും. പ്രവാസി ഭാരതീയ സഹായ കേന്ദ്രം അഥവാ പി.ബി.എസ്.കെയുടെ സേവനങ്ങളാണ് ചാറ്റ്ബോട്ടുകൾ ലഭ്യമാക്കുക.
ദുബൈ കോൺസുലേറ്റ് വെബ്സൈറ്റിൽ പ്രവേശിക്കുമ്പോൾ പി.ബി.എസ്.കെ ഹെൽപ് ഡെസ്ക് എന്ന ചാറ്റ്ബോട്ടിൽ നിന്ന് മെസേജുകൾ വന്നു തുടങ്ങും. ഉപഭോക്താവിന്‍റെ ഇ-മെയിൽ ഐ.ഡി നൽകി കഴിഞ്ഞാൽ അന്വേഷണങ്ങൾക്ക് ചാറ്റിങിലൂടെ മറുപടി നൽകും. 'സോഹോ' കോർപറേഷനുമായി സഹകരിച്ചാണ് ഈ സേവനം ലഭ്യമാക്കുന്നത്.
കോൺസുലേറ്റ് നൽകുന്ന പാസ്പോർട്ട്, അറ്റസ്റ്റേഷൻ, കോൺസുലാർ, ലേബർ, വിസ, ഒ.സി.ഐ വ്യാപാരം, വാണിജ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ സേവനങ്ങളെ കുറിച്ച് അന്വേഷണങ്ങൾക്ക് ചാറ്റ് ബോട്ട് മറുപടി ലഭിക്കും. ഇ-മെയിൽ നൽകുന്നതിനാൽ നേരത്തെ നടത്തിയ അന്വേഷണങ്ങളുടെ റെക്കോർഡ് സൂക്ഷിക്കാൻ ചാറ്റ്ബോട്ടിന് സാധിക്കും. ചാറ്റ് മെയിൽ ലഭിക്കുകയും ചെയ്യും. ഇ-മെയിൽ ഐഡി ഇല്ലാത്ത തൊഴിലാളികൾക്ക് വേണ്ടി മൊബൈൽ നമ്പർ വഴി സേവനം ലഭ്യമാക്കാനും അധികൃതർ ആലോചിക്കുന്നുണ്ട്.