ജനിതകഘടന നയം പ്രഖ്യാപിച്ച് യു.എ.ഇ; എമിറേറ്റ്‌സ് ജീനോം കൗൺസിൽ രൂപീകരിച്ചു
ജനിതക രോഗങ്ങൾ നിയന്ത്രിക്കുക ലക്ഷ്യം
യു.എ.ഇ ജീനോം നയം പ്രഖ്യാപിച്ചു. ജനിതഘടന പഠിച്ച് പൗരൻമാരുടെ ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിടുന്നതാണ് ജീനോം സ്ട്രാറ്റജി. ഈരംഗത്തെ പദ്ധതികൾക്കായി 'എമിറേറ്റ്‌സ് ജീനോം കൗൺസിലിനും' രൂപം നൽകിയിട്ടുണ്ട്.
പ്രമേഹം, രക്തസമ്മർദ്ദം, കാൻസർ തുടങ്ങി ജനിതക സ്വഭാവമുള്ള രോഗങ്ങളുടെ വ്യാപനം കുറക്കാനുള്ള മാർഗങ്ങൾ വികസിപ്പിക്കുകയാണ് ജീനോം നയത്തിന്റെ ലക്ഷ്യം.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് ജീനോം നയം പ്രഖ്യാപിച്ചത്.
ജനിതക ഗവേഷണ മേഖലയിലെ നിയമനിർമാണത്തിനുള്ള മേൽനോട്ടം ജീനോം കൗൺസിലിനായിരിക്കും. ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് എമിറേറ്റ്‌സ് ജീനോം കൗൺസിൽ ചെയർമാൻ. മന്ത്രി സാറ ബിൻത് യൂസുഫ് അൽ അമീരിയാണ് ജനറൽ സെക്രട്ടറി.
ശാസ്ത്രവും വിജ്ഞാനവും എപ്പോഴും യു.എ.ഇയുടെ വികസനത്തിന്റെ പ്രധാന ചാലകങ്ങളാണ്, ജനിതക രോഗങ്ങളെ നിയന്ത്രിച്ച് ആരോഗ്യ പരിരക്ഷയും ജീവിത നിലവാരവും ഉറപ്പാക്കുകയാണ് നയം ലക്ഷ്യമിടുന്നതെന്നും പ്രസിഡന്റ് ശൈഖ് മുഹമ്മദ് ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു.
പൗരന്മാരുടെ ജനിതകഘടന പഠിക്കുന്നതിന് നിലവിൽ 4 ലക്ഷത്തിലധികം രക്ത സാമ്പിളുകളും ഡി.എൻ.എ സ്രവങ്ങളും ശേഖരിച്ചിട്ടുണ്ട്. പത്തു ലക്ഷം പേരുടെ വിവരങ്ങൾ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്.