വേനൽ കനത്തു; ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ച് യുഎഇ

ഈ മാസം പതിനഞ്ചു മുതൽ നിർദേശം പ്രാബല്യത്തിലാകും

Update: 2025-06-03 16:56 GMT
Editor : Thameem CP | By : Web Desk

ദുബൈ: കൊടുംചൂടിൽ നിന്ന് തൊഴിലാളികൾക്ക് ആശ്വാസമായി യുഎഇയിൽ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ഈ മാസം പതിനഞ്ചു മുതൽ നിർദേശം പ്രാബല്യത്തിലാകും. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് യുഎഇ മാനവവിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയമാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഇതനുസരിച്ച് അടുത്ത മൂന്നു മാസം ഉച്ചയ്ക്ക് പന്ത്രണ്ടര മുതൽ മൂന്നു മണിവരെ സൂര്യപ്രകാശത്തിന് കീഴിൽ നേരിട്ട് ജോലികൾ പാടില്ല. ജൂൺ 15മുതൽ സെപ്റ്റംബർ 15വരെയാണ് നിയമം നിലവിലുണ്ടാവുക.

തുടർച്ചയായ ഇരുപത്തിയൊന്നാം വർഷമാണ് രാജ്യത്ത് ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത്. അന്താരാഷ്ട്ര തൊഴിൽ സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുക, വേനൽക്കാല അസുഖങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് നിയന്ത്രണത്തിന്റെ ലക്ഷ്യം.

Advertising
Advertising

ഉച്ചവിശ്രമ സമയങ്ങളിൽ കമ്പനികൾ തൊഴിലാളികൾക്ക് ഇൻഡോർ ആയതോ തണലുള്ളതോ ആയ സ്ഥലങ്ങൾ ഒരുക്കി നൽകണം. ആവശ്യത്തിന് വെള്ളം, അംഗീകൃത ഹൈഡ്രേഷൻ സപ്ലിമെൻറ്‌സ്, പ്രാഥമിക ശുശ്രൂഷാ സംവിധാനം എന്നിവയും ഒരുക്കണം. കഴിഞ്ഞ വർഷങ്ങളിൽ ഉച്ചവിശ്രമനിയമം രാജ്യത്ത് 99 ശതമാനം പാലിക്കപ്പെട്ടപ്പെട്ടതായി മന്ത്രാലയത്തിലെ പരിശോധനാ വിഭാഗം അസി. അണ്ടർ സെക്രട്ടറി മുഹ്‌സിൽ അലി അൽ നാസി പറഞ്ഞു. പരിശോധനകൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമലംഘനം നടത്തുന്ന കമ്പനികളിൽ നിന്ന് ഒരു തൊഴിലാളിക്ക് 5,000 ദിർഹം പിഴ ഈടാക്കും. പരമാവധി 50,000ദിർഹം വരെയാണ് പിഴ ചുമത്തുക.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News