യു.എ.ഇ അറബ് സിലബസ് പ്ലസ്ടു; മലയാളി വിദ്യാർഥി ദേശീയ ടോപ്പർ

കൊല്ലം ഓച്ചിറ സ്വദേശി ഇബ്രാഹിം ഹസ്സനാണ് 98.21 ശതമാനം മാർക്ക് നേടി യു.എ.ഇയുടെ ദേശീയ ടോപ്പർ പട്ടികയിൽ ഇടം നേടിയത്

Update: 2023-07-24 17:52 GMT

യു.എ.ഇയുടെ അറബി സിലബസ് പ്ലസ്ടുവിൽ ഏറ്റവും ഉയർന്ന മാർക്ക് നേടി മലയാളി വിദ്യാർഥിക്ക് മിന്നുന്ന വിജയം. കൊല്ലം ഓച്ചിറ സ്വദേശി ഇബ്രാഹിം ഹസ്സനാണ് 98.21 ശതമാനം മാർക്ക് നേടി യു.എ.ഇയുടെ ദേശീയ ടോപ്പർ പട്ടികയിൽ ഇടം നേടിയത്. പഠന മികവിനുള്ള ഗോൾഡൻ വിസയും കഴിഞ്ഞദിവസം ഇബ്രാഹിം ഹസ്സാനെ തേടിയെത്തി.

അജ്മാനിലെ അൽഹിക്മ സ്‌കൂളിൽ നിന്നാണ് ഹസ്സൻ ഹയർസെക്കൻഡറി പരീക്ഷ പാസായത്. യു.എ.ഇയുടെ അറബി സിലബസ് പഠിക്കാൻ തയ്യാറാവുന്ന മലയാളികൾ വിരളമാണ്. ഹസന്റെ അഞ്ച് സഹോദരങ്ങളടക്കം വിരലിലെണ്ണാവുന്നവർ മാത്രമാണ് ഈ സ്‌കൂളിലെ മലയാളി വിദ്യാർഥികൾ.

Advertising
Advertising

മികച്ച വിജയം നേടിയ ഹസ്സന് സർട്ടിഫിക്കറ്റ് സമ്മാനിച്ചത് അജ്മാൻ രാജകുടുംബാംഗവും അമീരി ദിവാൻ ചെയർമാനുമായ ശൈഖ് മാജിദ് ബിൻ സഈദ് അൽനുഐമിയാണ്. രണ്ട് വർഷം മുമ്പ് ഖുർആൻ പൂർണമായി മനപാഠമാക്കി ഹാഫിളായ ഇബ്രാഹിം ഹസ്സനെ അജ്മാൻ ഭരണാധികാരി തന്റെ ഇഫ്താർ വിരുന്നിൽ പങ്കെടുപ്പിച്ച് ആദരിച്ചിരുന്നു.

അജ്മാൻ മതകാര്യ വകുപ്പിന് കീഴിലെ ഇമാമായ ഓച്ചിറ മരുതവന മുഹമ്മദ് ഇസ്ഹാഖ് നദ് വിയുടേയും ഭാര്യ ആലുവ സ്വദേശി ഫർഹത്തിന്റെ മൂത്തമകനാണ് ഇബ്രാഹിം ഹസ്സൻ. ഇസ്ഹാഖ് നദ്‌വി വർഷങ്ങൾക്ക് മുമ്പ് മക്കയിൽ നടന്ന ഖുർആൻ പാരായണ മൽസരത്തിൽ ഒന്നാം സ്ഥാനം നേടി മദീന മുനവ്വറയിൽ ഇമാവാൻ യോഗ്യത നേടിയ പണ്ടിതനാണ്. അതുകൊണ്ട് തന്നെ എട്ടാം ക്ലാസ് വരെ ഹസ്സന്റെ പഠനം മദീനയിലെ അറബി സ്‌കൂളിലായിരുന്നു.

വീട്ടിൽ മലയാളം പോലെ തന്നെ അറബിയും കൈകാര്യം ചെയ്യുന്നവരാണ് ഈ കുടുംബം.തിളക്കുള്ള പ്ലസ്ടു വിജയത്തിന് പിന്നാലെ യു.എ.ഇയിൽ തന്നെ മെഡിക്കൽ പഠനത്തിനുള്ള ശ്രമത്തിലാണ് ഇബ്രാഹിം ഹസ്സനിപ്പോൾ.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News