യു.എ.ഇയിൽ ഇന്ധനവില വർധന ഇന്ന് അർധരാത്രി മുതൽ
പെട്രോൾ വില 14 ഫിൽസ് വരെ കൂടും
യു.എ.ഇയിൽ ഇന്ന് അർധരാത്രി മുതൽ ഇന്ധനവില വർധിക്കും. പെട്രോൾ ലിറ്ററിന് 14 ഫിൽസ് വരെ വർധിക്കുമ്പോൾ, ഡീസലിന് 19 ഫിൽസ് വിലകൂടും.
സൂപ്പർ പെട്രോളിനും, ഇപ്ലസ് പെട്രോളിനുമാണ് ലിറ്ററിന് 14 ഫിൽസ് വില കൂട്ടിയത്. സ്പെഷ്യൽ പെട്രോളിന് 13 ഫിൽസാണ് വർധന. ലിറ്ററിന് മൂന്ന് ദിർഹം വിലയുണ്ടായിരുന്ന സൂപ്പർ പെട്രോളിന് ആഗസ്റ്റ് ഒന്ന് മുതൽ 3 ദിർഹം 14 ഫിൽസായിരിക്കും നിരക്ക്. സ്പെഷ്യൽ പെട്രോളിന്റെ വില 2 ദിർഹം 89 ഫിൽസിൽ നിന്ന് 3 ദിർഹം 02 ഫിൽസാക്കി. ഇപ്ലസിന്റെ വില 2 ദിർഹം 95 ഫിൽസായി.
നേരത്തേ 2 ദിർഹം 81 ഫിൽസായിരുന്നു നിരക്ക്. ഡിസലിന്റെ വില 19 ഫിൽസ് വർധിച്ചതോടെ ഇനി മുതൽ ലിറ്ററിന് 2 ദിർഹം 95 ഫിൽസ് നൽകണം. 2 ദിർഹം 76 ഫിൽസായിരുന്നു നിലവിലെ ഡീസൽ വില. അന്താരാഷ്ട്ര ക്രൂഡോയിൽ വിലക്ക് അനുസരിച്ച് ഊർജമന്ത്രാലയമാണ് ഓരോ മാസവും യു എ ഇ ആഭ്യന്തരവിപണിയിലെ ഇന്ധനവില നിശ്ചയിക്കുന്നത്.