ഫിഫ അറബ് കപ്പിൽ മൂന്നാം സ്ഥാനം പങ്കിട്ട് യുഎഇയും സൗദിയും
മഴ മൂലം നിർത്തിയ ലൂസേഴ്‌സ് ഫൈനൽ ഫലം 0-0 സമനിലയായി പ്രഖ്യാപിച്ചു
Update: 2025-12-19 12:21 GMT
ദോഹ: ഖത്തറിൽ നടന്ന ഫിഫ അറബ് കപ്പിൽ മൂന്നാം സ്ഥാനം പങ്കിട്ട് യുഎഇയും സൗദിയും. ഇരുടീമുകളും തമ്മിലുള്ള ലൂസേഴ്‌സ് ഫൈനൽ മഴ മൂലം നിർത്തിവച്ചിരുന്നു. ഇതോടെ മത്സരം 0-0 സമനിലയായി ഫിഫ പുരുഷ ദേശീയ ടീം കമ്മിറ്റി പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് മൂന്നാം സ്ഥാനം ഇരു ടീമുകളും പങ്കിട്ടു. മൂന്നാം സ്ഥാനത്തിനും നാലാം സ്ഥാനത്തിനും അനുവദിച്ച സമ്മാനത്തുക രണ്ട് ടീമുകൾക്കും തുല്യമായി വിഭജിച്ചു നൽകും.
കനത്ത മഴ മൂലം മത്സരത്തിന്റെ രണ്ടാം പകുതി ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചിരുന്നു.
ഫിഫ അറബ് കപ്പിൽ മൊറോക്കോയാണ് ജേതാക്കളായത്. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ജോർദാനെ പരാജയപ്പെടുത്തുകയായിരുന്നു.