ദുബൈയിലെ വില്ലയിൽ നിന്ന് 18 എസികൾ മോഷ്ടിച്ചു; ഒരാൾക്ക് ഒരു വർഷം തടവും 1,30,000 ദിർഹം പിഴയും
ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താനും ഉത്തരവ്
ദുബൈയിലെ വില്ലയിൽ നിന്ന് 18 എയർ കണ്ടീഷനിംഗ് യൂണിറ്റുകൾ മോഷ്ടിച്ച സംഭവത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഒരാൾക്ക് ഒരു വർഷം തടവും 1,30,000 ദിർഹം പിഴയും. ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താനും ദുബൈ കോടതി ഉത്തരവിട്ടു. അൽ മുഹൈസ്ന പ്രദേശത്തുള്ള ഒരു വില്ലയിൽ നിന്നാണ് എസികൾ മോഷണം പോയത്. തുടർന്ന് ഗൾഫ് പൗരനായ ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
വാടക ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് വില്ല അടച്ചുപൂട്ടാൻ അധികൃതർ തീരുമാനിച്ചിരുന്നു. ഇതിന് ശേഷം വില്ല സന്ദർശിച്ചപ്പോഴാണ് അവിടെ ആരോ കടന്നതും കേടുപാട് ഉണ്ടാക്കിയതും പരാതിക്കാരൻ ശ്രദ്ധിച്ചത്. വില്ലയുടെ മേൽക്കൂരയിൽ സ്ഥാപിച്ചിരുന്ന എല്ലാ എയർ കണ്ടീഷനിംഗ് യൂണിറ്റുകളും നീക്കം ചെയ്തതായി തുടർന്നുള്ള പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.
കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഫോറൻസിക് സാമ്പിളുകൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചു. സമാന മോഷണ കേസിൽ ഇതിനകം ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന പ്രതിയാണ് വില്ല മോഷണത്തിലെ പ്രധാന പ്രതിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് തിരിച്ചറിഞ്ഞു. എസികൾ മോഷ്ടിച്ചതായും സമാന മോഷണങ്ങൾ വേറെയും നടത്തിയതായും ചോദ്യം ചെയ്യലിൽ പ്രതി സമ്മതിക്കുകയും ചെയ്തു.