അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്താനും നേർക്കുനേർ; കലാശപ്പോര് നാളെ ദുബൈയിൽ
മത്സരം ഐസിസി അക്കാദമി ഗ്രൗണ്ടിൽ യുഎഇ സമയം 9 AM
ദുബൈ: അണ്ടർ-19 ഏഷ്യാ കപ്പിന്റെ ഫൈനലിൽ ഞായറാഴ്ച ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും. ഐസിസി അക്കാദമി ഗ്രൗണ്ടിൽ യുഎഇ സമയം 9 AM നാണ് പോരാട്ടം. ഇന്നലെ ദുബൈയിൽ നടന്ന സെമിഫൈനലുകളിൽ ഇന്ത്യ ശ്രീലങ്കയെയും പാകിസ്താൻ ബംഗ്ലാദേശിനെയും എട്ട് വിക്കറ്റിന് തകർത്താണ് ഫൈനലിൽ കടന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യക്കായിരുന്നു ജയം.
11 വർഷത്തിന് ശേഷമാണ് അണ്ടർ 19 ഏഷ്യാ കപ്പിൽ ഇരു ടീമുകളും ഫൈനലിൽ നേർക്കുനേർ കളിക്കുന്നത്. ശ്രേയസ് അയ്യർ, സർഫറാസ് ഖാൻ, സഞ്ജു സാംസൺ, കുൽദീപ് യാദവ് തുടങ്ങിയവരടങ്ങിയ ടീമുമായി 2014 ലാണ് ഇന്ത്യ അവസാനമായി ഫൈനലിൽ പാകിസ്താനെ നേരിട്ടത്.
മഴയെ തുടര്‍ന്ന് 20 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ശ്രീലങ്കയെ 138/8 എന്ന നിലയിൽ ഇന്ത്യ തളച്ചിട്ടു. കനിഷ്ക് ചൗഹാൻ, ഹേനിൽ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശ്രീലങ്കൻ നായകൻ വിമത്ത് ദിൻസാര (32), ചാമിക ഹീനതിഗല (42), സെത്ത്മിക (22 പന്തിൽ 30) എന്നിവർ പ്രതിരോധം തീർത്തു.
ഇന്ത്യയുടെ ചേസിങ് തുടക്കത്തിൽ ഇളകി ആയുഷ് മാത്രെ (7), വൈഭവ് സൂര്യവംശി (9) എന്നിവർ നേരത്തെ പുറത്തായി. പിന്നീട് വൈസ് ക്യാപ്റ്റൻ വിഹാൻ മൽഹോത്ര (45 പന്തിൽ 61), ആരോൺ ജോർജ് (49 പന്തിൽ 58) എന്നിവരുടെ 114 റൺസോടെ ഇന്ത്യയെ 18 ഓവറിൽ വിജയത്തിലെത്തിച്ചു. ഇതോടെ ഇന്ത്യ അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിലെ എട്ടാം പ്രവേശനം ഉറപ്പാക്കി.