അതിദാരിദ്ര്യമുക്ത സംസ്ഥാനം; കേരളത്തെ അഭിനന്ദിച്ച് യുഎഇ സഹിഷ്ണുതാ മന്ത്രി

മറ്റുള്ളവർ മാതൃകയാക്കണമെന്ന് മന്ത്രി ശൈഖ് നഹ്‌യാൻ

Update: 2025-11-10 06:02 GMT

അബൂദബി: അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട കേരളത്തെ അഭിനന്ദിച്ച് യുഎഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് ആൽനഹ്‌യാൻ. മറ്റുള്ളവർ മാതൃകയാക്കേണ്ട നേട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. അബൂദബിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത മലയാളോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ശൈഖ് നഹ്‌യാൻ. മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞാണ് യുഎഇ സഹിഷ്ണുതാ മന്ത്രി അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന് പ്രഖ്യാപനത്തെ അഭിനന്ദിച്ചത്.

കേരളപിറവിയുടെ 70ാം വാർഷികത്തിന്റെ ഭാഗമായി അബൂദബിയിലെ സിറ്റി ഗോൾഫ് ക്ലബ്ബിൽ സംഘടിപ്പിച്ച മലയാളോത്സവത്തിൽ വൻ വരവേൽപാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. കേരളത്തെ അതിദാരിദ്ര്യ മുക്തമാക്കാനുളള തീരുമാനം ഒരു ദിവസം കൊണ്ട് എടുത്തതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. 2018 ലെ മഹാപ്രളയകാലത്ത് കേരളത്തെ സഹായിക്കാൻ സന്നദ്ധമായ യുഎഇ ഭരണാധികാരികളെ മറക്കാനാവില്ല. ആപത്ത് കാലത്ത് ഒപ്പമുണ്ടാവുമെന്ന് തന്ന ഉറപ്പിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു. യുഎഇ-കേരള ബന്ധം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർഭരണത്തിൽ കേരളത്തിലുണ്ടായ വികസനത്തിലൂന്നിയ മുഖ്യമന്ത്രിയുടെ പ്രസംഗം രണ്ട് മണിക്കൂറോളം നീണ്ടു.

Advertising
Advertising

സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ, ചീഫ് സെക്രട്ടറി ഡോ. ജയതിലക്, നോർക്ക വൈസ് ചെയർമാൻ കൂടിയായ എം.എ യുസഫ് അലി തുടങ്ങിയവരും മലയാളോത്സവത്തിൽ സംസാരിച്ചു. യുഎഇ പര്യടനം തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അബൂദബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തും.


Full View

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News