Writer - razinabdulazeez
razinab@321
അബൂദബി: ഖത്തർ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്ത് യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ്. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു. അബൂദബിയിലായിരുന്നു കൂടിക്കാഴ്ച.
അബൂദബി ഖസ്ർ അൽ ബഹ്ർ കൊട്ടാരത്തിലായിരുന്നു പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായുള്ള കൂടിക്കാഴ്ച. പരസ്പര സഹകരണത്തിന്റെ വിവിധ വശങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഇരു രാജ്യങ്ങൾക്കും പ്രയോജനപ്രദമാകുന്ന രീതിയിൽ സഹകരണം ശക്തിപ്പെടുത്താനും ധാരണയായി.
ഇരുപക്ഷത്തിനും പൊതു ആശങ്കയുള്ള വിവിധ പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ ഇരുനേതാക്കളും അവലോകനം ചെയ്തു. സമീപകാല സംഭവവികാസങ്ങളിൽ രാഷ്ട്രങ്ങളുടെ കാഴ്ചപ്പാടുകളും അവതരിപ്പിക്കപ്പെട്ടു. ഇരു നേതാക്കളും പരസ്പരം ബലി പെരുന്നാൾ ആശംസകൾ കൈമാറുകയും ചെയ്തു.
അബൂദബിയിലെ അൽ ബതീൻ വിമാനത്താവളത്തിൽ എത്തിയ ഖത്തർ പ്രധാനമന്ത്രിയെ അബൂദബി ഉപഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ, അൽ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങിയവർ പങ്കെടുത്തു.