ഈദുൽ ഇത്തിഹാദ്; അബൂദബി സായിദ് നാഷണൽ മ്യൂസിയത്തിൽ ഒത്തുകൂടി യുഎഇ ഭരണാധികാരികൾ

ഇത്തിഹാദ് എന്ന പ്രമേയത്തിലാണ് യുഎഇ പ്രസിഡന്റും ഇതര ഭരണാധികാരികളും ഒത്തുകൂടിയത്

Update: 2025-12-03 08:50 GMT

അബൂദബി: 54-ാമത് ഈദുൽ ഇത്തിഹാദ് ദിനത്തിൽ അബൂദബി സായിദ് നാഷണൽ മ്യൂസിയത്തിൽ ഒത്തുകൂടി യുഎഇ ഭരണാധികാരികൾ. ഇത്തിഹാദ് അഥവാ ഐക്യം എന്ന പ്രമേയത്തിലാണ് യുഎഇ പ്രസിഡന്റും ഇതര ഭരണാധികാരികളും ഒത്തുകൂടിയത്. ചടങ്ങിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനൊപ്പം സുപ്രീം കൗൺസിൽ അംഗങ്ങൾ, എമിറേറ്റ്സുകളിലെ ഭരണാധികാരികൾ, കിരീടാവകാശികൾ, ഡെപ്യൂട്ടി ഭരണാധികാരികൾ, ശൈഖുമാർ തുടങ്ങിയവരും പങ്കെടുത്തു.

 

രാഷ്ട്രത്തിന്റെ സ്ഥാപകൻ പരേതനായ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാന്റെ പാരമ്പര്യത്തെ ചടങ്ങ് ഓർത്തെടുത്തു. യുഎഇയുടെ സ്വത്വത്തെ രൂപപ്പെടുത്തിയ മൂല്യങ്ങളെയും സ്മരിച്ചു.

സായിദ് നാഷണൽ മ്യൂസിയം ശേഖരത്തിൽ നിന്നുള്ള പുരാവസ്തുക്കൾ ചടങ്ങിൽ പ്രദർശിപ്പിച്ചു. ഏകദേശം 8,000 വർഷം പഴക്കമുള്ളതും ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതായി കരുതപ്പെടുന്നതുമായ പ്രകൃതിദത്ത മുത്ത് അബൂദബി പേൾ, യുഎഇയിലെ പ്രധാന പുരാതന ലോഹനിർമാണ കേന്ദ്രമായ സറൂഖ് അൽ ഹദീദ് സൈറ്റിൽ നിന്ന് കണ്ടെത്തിയ വെങ്കല വാളുകൾ, മേഖലയിൽ ഉപയോഗിച്ചിരുന്ന ആദ്യകാല കറൻസികളിൽ ഒന്നായ അബീൽ നാണയം, നക്ഷത്രങ്ങളുടെ സ്ഥാനം അളക്കുന്നതിലൂടെ കടലിൽ ദിശ കാണാൻ ഉപയോഗിച്ചിരുന്ന പരമ്പരാഗത ഉപകരണമായ കമാൽ തുടങ്ങിയവയാണ് പ്രദർശിപ്പിച്ചത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News