മൽസ്യമേഖലാ വ്യവസായങ്ങൾക്ക് ഉണർവായി ഉമ്മുൽഖുവൈൻ മറൈൻ ഫെസ്‌റ്റ്
രണ്ടാം തവണ നടന്ന ഫെസ്റ്റിവൽ കാണാൻ പുറത്തുനിന്നും നിരവധി സന്ദർശകരും എത്തി
യു.എ.ഇയിലെ ഉമ്മുൽഖുവൈനിൽ നടന്ന മറൈൻ ഫെസ്റ്റിവൽ ആയിരങ്ങളെ ആകർഷിച്ചു. മത്സ്യബന്ധന വ്യവസായം, വിനോദസഞ്ചാരമേഖല എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മേള അരങ്ങേറിയത്. രണ്ടാം തവണ നടന്ന ഫെസ്റ്റിവൽ കാണാൻ പുറത്തുനിന്നും നിരവധി സന്ദർശകരും എത്തി
സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുടെ രക്ഷാധികാരത്തിലാണ് മറൈൻ ഫെസ്‌റ്റ് നടന്നത്. ഉമ്മുൽഖുവൈൻ ഫിഷർമാൻ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പാണ് മറൈൻ ഫെസ്റ്റിവൽ എന്ന് പുനർനാമകരണം ചെയ്തത്. 2019 ൽ ആയിരുന്നു മേള ആദ്യം നടന്നത്. പരിപാടികളും മത്സരങ്ങളും ഇക്കുറി കൂടുതൽ മികച്ചതും വ്യത്യസ്തവുമായിരുന്നു.
മുക്കാൽ ലക്ഷത്തോളം ദിര്ഹത്തിന്റെസമ്മാനങ്ങളാണ് മത്സരവിജയികൾക്ക് കൈമാറിയത്. നൂറുകണക്കിന് കുടുംബങ്ങളാണ് പ്രദർശനം വീക്ഷിക്കാൻ എത്തിയത്. പ്ലേ ഏരിയകളും ഫുഡ് കോർട്ടും കണ്ടൽകാടുകളുടെ സൗന്ദര്യം ആസ്വദിച്ച് ബോട്ട്സവാരിക്കുള്ള അവസരവും മേളയുടെ ഭാഗമായി ഒരുക്കിയിരുന്നു.
മത്സ്യബന്ധന മേഖലയിലെ സാധനസാമഗ്രികളുടെ പ്രദർശനവും വിൽപനയും നടന്നു. മൽസ്യബന്ധന മേഖലയിലെ കമ്പനികൾക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കാനും മേളയിൽ അവസരം ഒരുക്കി. ജലാശയങ്ങൾ കൂടുതലുള്ള ഉമ്മുൽ ഖുവൈനിലെ പ്രത്യേകത സഞ്ചാരികളിലേക്ക് എത്തിക്കാനും മേള ഉപകരിച്ചതായി സംഘാടകർ അറിയിച്ചു.