ദുബൈ നഗരത്തിലെ ഉൾറോഡ് നിർമാണം 70% പൂർത്തിയായി

അല്‍ഖൂസ്, നാദല്‍ശൈബ, ബര്‍ഷ മേഖലയിലാണ് പദ്ധതി

Update: 2022-07-17 13:41 GMT

ദുബൈ നഗരത്തിലെ വിവിധ മേഖലകളില്‍ ഉള്‍പ്രദേശങ്ങളിലേക്കെത്താന്‍ സഹായിക്കുന്ന പുതിയ റോഡുകളുടെ നിര്‍മാണം 70 ശതമാനം വരെ പൂര്‍ത്തിയായതായി ആര്‍.ടി.എ അറിയിച്ചു. 34 കിലോമീറ്റര്‍ റോഡുകളാണ് ഉള്‍പ്രദേശങ്ങളിലേക്ക് നിര്‍മിക്കുന്നത്.

ദുബൈ നഗരത്തിലെ അല്‍ഖൂസ് 2, നാദല്‍ശൈബ 2, അല്‍ബര്‍ഷ സൗത്ത് ത്രീ എന്നിവിടങ്ങളിലാണ് പുതിയ ഇന്റേണല്‍ റോഡുകള്‍ നിര്‍മാണം പുരോഗമിക്കുന്നത്. റോഡുകളുടെ നിര്‍മാണം 60 ശതമാനം മുതല്‍ 70 ശതമാനം വരെ പൂര്‍ത്തിയായെന്ന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മതാര്‍ അല്‍ തായര്‍ ആണ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്. അല്‍ ഖൂസ് രണ്ടില്‍ അല്‍ഖൈസ് ലേക് പാര്‍ക്ക്, മാര്‍ക്കറ്റ് കോംപ്ലക്‌സ് എന്നിവിടങ്ങളിലേക്കടക്കം 16 കിലോമീറ്റര്‍ റോഡാണ് നിര്‍മിക്കുന്നത്.

Advertising
Advertising

മൈതാന്‍ റോഡിനും അല്‍ഖൈല്‍ റോഡിനുമിടയിലെ താമസമേഖലയിലേക്ക് മണിക്കൂറില്‍ 1250 വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സൗകര്യമൊരുക്കുന്നതാണ് ഈ റോഡ് പദ്ധതി. അല്‍ബര്‍ഷ സൗത്ത് ത്രീയില്‍ അല്‍ബര്‍ഷ മുഹമ്മദ് ബിന്‍ റാശിദ് ഗാര്‍ഡന്‍സ്, അല്‍ ഹെബിയ വണ്‍, മോട്ടോര്‍ സിറ്റി, സ്‌പോര്‍ട്‌സ് സിറ്റി എന്നിവിടങ്ങളിലേക്ക് ആറര കിലോമീറ്റര്‍ റോഡാണ് നിര്‍മിക്കുന്നത്.

നാദല്‍ഷിബ 2ല്‍ 12 കിലോമീറ്റര്‍ പുതിയ ഇന്റേണല്‍ റോഡിന് പുറമെ നിലവിലെ 24 കിലോമീറ്റര്‍ റോഡിന്റെ മെച്ചപ്പെടുത്തല്‍ ജോലികളും പുരോഗമിക്കുന്നുണ്ട്. ദുബൈ അല്‍ഐന്‍ റോഡ്, നാദല്‍ഹമര്‍ സ്ട്രീറ്റ്, അല്‍മനാമ സ്ട്രീറ്റ് തുടങ്ങിയ മേഖലയിലേക്കുള്ള സഞ്ചാരം സുഗമമാക്കാന്‍ പുതിയ റോഡുകള്‍ക്ക് കഴിയുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News