20,000 കോടി ഡോളറിന്റെ കരാറുകളിൽ ഒപ്പുവച്ച് യുഎസും യുഎഇയും
യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് സായിദ്' ട്രംപിന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് സമ്മാനിച്ചു
അബൂദബി: 20,000 കോടി രൂപയുടെ വ്യാപാര കരാറുകളിൽ ഒപ്പുവച്ച് യുഎസും യുഎഇയും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യുഎഇ സന്ദർശന വേളയിലാണ് കരാറുകൾ യാഥാർഥ്യമായത്. പത്തു വർഷത്തിനിടെ യുഎസിൽ യുഎഇ ലക്ഷം കോടി ഡോളറിന്റെ നിക്ഷേപവും നടത്തും.
എണ്ണ, പ്രകൃതിവാതക ഉൽപാദനം, വ്യോമയാനം, എഐ മേഖലകളിലാണ് ഇരുരാഷ്ട്രങ്ങളും സുപ്രധാന കരാറുകൾ ഒപ്പുവച്ചത്. പ്രകൃതിവാതക മേഖലയിൽ യുഎസ് ബഹുരാഷ്ട്ര ഭീമന്മാരായ എക്‌സോൺ മൊബിൽ, ഓക്‌സിഡന്റൽ പെട്രോളിയം, ഇഒജി റിസോഴ്‌സസ് എന്നീ കമ്പനികളുമായി അഡ്‌നോക് 6000 കോടി ഡോളറിന്റെ കരാറിലെത്തി. ബോയിങ്, ജെഇ എയറോസ്‌പേസ് കമ്പനികളുമായി അബൂദബി ആസ്ഥാനമായ ഇത്തിഹാദ് 14,50 കോടി ഡോളറിന്റെ ധാരണാപത്രത്തിലും ഒപ്പുവച്ചു.
അബൂദബിയിൽ ഇരുരാഷ്ട്രങ്ങളും ചേർന്ന് അഞ്ച് ജിഗാവാട്ട് ശേഷിയുള്ള കൂറ്റൻ ആർടിഫിഷ്യൽ ഇന്റലിജൻസ് ക്യാംപസ് തുറക്കാനും ധാരണയായി. ഇതിന്റെ ആദ്യഘട്ടം ട്രംപും ശൈഖ് മുഹമ്മദും ചേർന്ന് ഉദ്ഘാടനം ചെയ്തു. യുഎഇ ആസ്ഥാനമായ ജി ഫോർട്ടി ടുവും മൈക്രോസോഫ്റ്റും ചേർന്നാണ് ക്യാംപസ് നിർമിക്കുന്നത്. ചിപ് നിർമാണ കമ്പനി എൻവീഡിയ അടക്കം നിരവധി സ്ഥാപനങ്ങൾ പദ്ധതിയുമായി സഹകരിക്കും.
സന്ദർശനത്തിന്റെ ഭാഗമായി രാജകൊട്ടാരമായ ഖസ്ർ അൽ വതനിൽ ഒരുക്കിയ ചടങ്ങിൽ യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് സായിദ്' ട്രംപിന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് സമ്മാനിച്ചു. രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ പേരിലുള്ള പുരസ്‌കാരമാണിത്.
വ്യാഴാഴ്ച പ്രാദേശിക സമയം മൂന്നു മണിയോടെയാണ് എയർഫോഴ്‌സ് വൺ വിമാനത്തിൽ ട്രംപ് അബൂദബിയിലെത്തിയത്. യുഎഇ വ്യോമപാതയിൽ പ്രവേശിച്ച ഉടൻ ഫൈറ്റർ ജെറ്റുകൾ യുഎഇ പ്രസിഡന്റിന്റെ വിമാനത്തിന് അകമ്പടി നൽകി. പരമ്പരാഗത വാദ്യമേളങ്ങളോടെയായിരുന്നു വിമാനത്താവളത്തിലെ സ്വീകരണം. അബൂദബി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദും ട്രംപ് സന്ദർശിച്ചു. കൊട്ടാരത്തിൽ ട്രംപിനായി യുഎഇ പ്രസിഡന്റ് പ്രത്യേക അത്താഴവിരുന്നും ഒരുക്കിയിരുന്നു.