യുഎഇയിലെ സ്വകാര്യ ജീവനക്കാർ എപ്പോഴാണ് 30 ദിവസത്തെ പൂർണ ശമ്പളത്തോടെയുള്ള അവധിക്ക് അർഹരാവുന്നത്?
യുഎഇയിലെ സ്വകാര്യ ജീവനക്കാർ എപ്പോഴാണ് 30 ദിവസത്തെ പൂർണ ശമ്പളത്തോടെയുള്ള അവധിക്ക് അർഹരാവുന്നത്? കഴിഞ്ഞ ദിവസം മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക ട്വീറ്റിലൂടെ സ്വകാര്യ മേഖലാ ജീവനക്കാരുടെ വാർഷിക അവധി വ്യവസ്ഥകൾ വിശദീകരിച്ചത്.
യു.എ.ഇ നിയമപ്രകാരം സ്വകാര്യ ജീവനക്കാർ ഒരു വർഷത്തെ സേവനം പൂർത്തിയാക്കുന്നതോടെയാണ് 30 ദിവസത്തെ പൂർണ ശമ്പളത്തോടെയുള്ള വാർഷിക അവധിക്ക് അർഹരാവുന്നത്. കൂടാതെ, നിശ്ചിത ജോലിസ്ഥലത്ത് ഒരു വർഷം പൂർത്തിയാക്കാത്തവർക്കും ആറ് മാസം പൂർത്തിയാക്കിയതിന് ശേഷം വാർഷിക ലീവ് എടുക്കാവുന്നതാണ്.
പക്ഷെ, വാർഷിക അവധിയുടെ ആനുകൂല്യം ഇവർക് ലഭിക്കില്ല. ഒരു വ്യക്തി ജോലിയിൽ ചെലവഴിച്ച യഥാർത്ഥ ജോലി സമയം അനുസരിച്ച് പാർട്ട് ടൈം ജീവനക്കാർക്കും വാർഷിക അവധിക്ക് അർഹതയുണ്ടായിരിക്കും.
തൊഴിലുടമയ്ക്ക് ജോലി ആവശ്യകതകൾക്കനുസൃതമായി, ജീവനക്കാരനുമായുള്ള കരാർ പ്രകാരം അവധി തീയതികൾ മുന്നേ നിശ്ചയിക്കാവുന്നതാണ്. എന്നാൽ, തൊഴിലുടമ ഒരു മാസം മുമ്പെങ്കിലും അവധിയുടെ തീയതി ജീവനക്കാരനെ അറിയിച്ചിരിക്കണം എന്നാണ് നിബന്ധന.
തൊഴിലുടമയുടെ സമ്മതത്തോടെയും കമ്പനിയുടെ നിയന്ത്രണങ്ങൾക്കനുസൃതമായും ജീവനക്കാരന് തന്റെ വാർഷിക ലീവ് ബാലൻസ് അടുത്ത വർഷത്തേക്ക് നീട്ടിയെടുക്കാനും സാധിക്കും. ഈ സാഹചര്യത്തിൽ, വാർഷിക അവധിക്കാലത്ത് ജോലി ചെയ്ത ദിവസങ്ങളിലെ ശമ്പളത്തിനും ജീവനക്കാരന് അർഹതയുണ്ടായിരിക്കും. വാർഷിക അവധി ഉപയോഗിക്കുന്നതിൽ നിന്ന് രണ്ട് വർഷത്തിൽ കൂടുതൽ തൊഴിലുടമ ജീവനക്കാരനെ തടയാന് പാടില്ലെന്നും നിബന്ധനയുണ്ട്.