ഇന്ത്യ- പാക് പ്രശ്നപരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് യു.എൻ; അന്താരാഷ്ട്ര ഇടപെടൽ വേണ്ടെന്ന് ഇന്ത്യ

''കശ്മീരി ജനതയുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടാനും അത് അനിവാര്യമാണ്'', ആന്റോണിയോ ഗുട്ടറസ്

Update: 2021-01-29 07:49 GMT
Advertising

ഇന്ത്യ-പാക് പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് യു.എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ്. ''ഞങ്ങൾ എപ്പോഴും തയ്യാറാണ്. സൈനിക പരിഹാരമില്ലാത്ത പ്രശ്നങ്ങൾക്ക് സമാധാനപരമായ പരിഹാരമാർഗങ്ങൾ അവലംബിക്കണം എന്നാണ് യു.എൻ ആഗ്രഹിക്കുന്നത്. '' ആന്റോണിയോ ഗുട്ടറസ് പറഞ്ഞു. ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും പ്രശ്‍നങ്ങൾ പരിഗണിക്കുമ്പോൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ വലിയ ദുരന്തത്തിലേക്ക് നയിക്കും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2019ലും ആന്റോണിയോ ഗുട്ടറസ് ഇരു രാജ്യങ്ങൾക്കിടയിലെയും പ്രശ്ന പരിഹാരത്തിന് നിർദേശം നൽകിയിരുന്നു. നിർഭാഗ്യവശാൽ, അത് തന്നെയാണ് വീണ്ടും പറയാനുള്ളത് എന്നും യു.എൻ വക്താവ് പറഞ്ഞു. ''ഇതുവരെയും കാര്യങ്ങൾ ശെരിയായ ദിശയിൽ ചലിച്ച് തുടങ്ങിയിട്ടില്ല. ഇരു രാജ്യങ്ങളും ഒന്നിച്ച് മുന്നിട്ടിറങ്ങി പ്രശ്നങ്ങളെ ഗൗരവത്തോടെ തന്നെ ചർച്ചക്ക് വിധേയമാക്കേണ്ടതുണ്ട്. കശ്മീരി ജനതയുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടാനും അത് അനിവാര്യമാണ്.'' ഗട്ടറസ് പറഞ്ഞു.

എന്നാൽ പാകിസ്താനുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ അന്താരാഷ്ട്ര ഇടപെടലുകൾ വേണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്. 1972ലെ ഷിംല കരാർ പ്രകാരം ഇന്ത്യ- പാക് ഉഭയകക്ഷി പ്രശ്നങ്ങൾ അന്താരഷ്ട്ര ഇടപെടൽ ഇല്ലാതെ പരിഹരിക്കപ്പെടേണ്ടതുണ്ട് എന്നാണ്. അതേസമയം, വിഷയത്തിൽ അന്തരാഷ്ട്ര സമൂഹം ശ്രദ്ധ ചെലുത്തുന്നതിനെ പാകിസ്ഥാൻ അനുകൂലിക്കുന്നുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Tags:    

Similar News