ഇത്തിരി ചോറ് തൈര് കൂട്ടി കഴിച്ചാലോ? വെറുതെ വേണ്ട സന്തോഷം കിട്ടും
പോഷകസമ്പന്നമായ തൈര് ചോറ് നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നു
ദക്ഷിണേന്ത്യക്കാരുടെ പ്രത്യേകിച്ച് തമിഴ്നാട്ടുകാരുടെ ഇഷ്ടവിഭവമാണ് തൈര് സാദം അഥവാ തൈര് ചോറ്. പോഷകസമ്പന്നമായ തൈര് ചോറ് നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നു. മാനസിക സമ്മര്‍ദ്ദം അകറ്റി സന്തോഷം പ്രദാനം ചെയ്യുന്നു. അതുകൊണ്ട് തന്നെ തൈര് സാദം സ്ഥിരമായി കഴിയ്ക്കുന്നത് സന്തോഷം നല്‍കുന്നു.
ഹൃദയാരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ് തൈര് സാദം. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ തൈര് സാദം കഴിയ്ക്കുന്നത് ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കി ശരീരം ഒതുക്കി നിര്‍ത്തുന്നു.
മുടിയ്ക്ക് തിളക്കം നല്‍കുന്ന കാര്യത്തിലും തൈര് മുന്നിലാണ്. സ്ഥിരമായി തൈര് സാദം കഴിയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. കൂടാതെ കാല്‍സ്യത്തിന്റെ കലവറയാണ് തൈര്. ഇത് എല്ലിനും പല്ലിനും ആരോഗ്യം നല്‍കുന്നു. ദഹനപ്രശ്നങ്ങളെ ഇല്ലാതാക്കാനും തൈര് ചോറ് നല്ലതാണ് .
തൈര് ചോറ് എങ്ങിനെ ഉണ്ടാക്കാം
വേവിച്ച ചോറ് – രണ്ടു കപ്പ്, തൈര് – രണ്ടര കപ്പ്,കറി വേപ്പില – രണ്ട് തണ്ട്,വറ്റല്‍ മുളക്- 2, പച്ചമുളക് – 3, ജീരകം – അര ടി സ്പൂണ്‍, കടുക് – അര ടി സ്പൂണ്‍, കായം – കാല്‍ ടി സ്പൂണ്‍, അണ്ടിപ്പരിപ്പ് -10, വെജിറ്റബിള്‍ ഓയില്‍ – രണ്ട് ടേബിള്‍ സ്പൂണ്‍, ഉഴുന്ന് പരിപ്പ് – ഒരു ടേബിള്‍ സ്പൂണ്‍, ഇഞ്ചി – ഒരു ചെറിയ കഷണം, ഉപ്പ് – ആവശ്യത്തിന്.
ചോറ് നേരത്തെ വേവിച്ചു വയ്ക്കുക. തൈര് നല്ലതുപോലെ ഉടച്ചു അല്പം പഞ്ചസാരയും ഉപ്പും ചേര്‍ത്ത് മാറ്റി വെക്കുക. ചോറ് തണുത്തു കഴിയുമ്പോള്‍ ഉടച്ചു വെച്ച തൈര് നന്നായി ഇളക്കി ചേര്‍ക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക്,ജീരകം ,ഉഴുന്ന് എന്നിവ ചേര്‍ത്ത് വറക്കുക.കടുക് പൊട്ടി ,ഉഴുന്ന് ബ്രൌണ്‍ നിറം ആകുമ്പോള്‍ വറ്റല്‍ മുളക് ,ഇഞ്ചി,നെടുകെ കീറിയ പച്ചമുളക് ,കറി വേപ്പില,കായം,കശുവണ്ടി ഇവ ചേര്‍ത്ത് വറക്കുക. ഈ വറുത്ത കൂട്ട് തൈര് ചേര്‍ത്ത ചോറില്‍ ചേര്‍ത്ത് ഇളക്കുക . തൈര് ചോറ് റെഡി.