ഉറക്കക്കുറവും അല്‍ഷിമേഴ്‌സും തമ്മില്‍ അടുത്തബന്ധം

എത്രമണിക്കൂര്‍ ഉറങ്ങുന്നു എന്നതിനേക്കാള്‍ എത്ര ഗാഢമായ ഉറക്കം ലഭിക്കുന്നുവെന്നതും ‘ടോ’യുടെ സാന്നിധ്യത്തെ സ്വാധീനിക്കുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു

Update: 2019-01-10 13:32 GMT

ഉറക്കക്കുറവ് അല്‍ഷിമേഴ്‌സിന്റെ സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ നടത്തിയ പഠനമാണ് അല്‍ഷിമേഴ്‌സിന് ഉറക്കക്കുറവുമായി നേരിട്ട് ബന്ധമുണ്ടെന്ന സൂചന നല്‍കുന്നത്. നല്ല ഉറക്കം ലഭിക്കാതെ ഉറക്കച്ചവടോടെ എഴുന്നേല്‍ക്കുന്നവരുടെ തലച്ചോറില്‍ ദോഷകരമായ പ്രോട്ടീനായ 'ടോ'യുടെ സാന്നിധ്യം കൂടുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.

ഓര്‍മ്മക്കുറവിനും തലച്ചോറിലെ കോശങ്ങളുടെ ക്ഷതത്തിനും കാരണമാകുന്നതാണ് ടോ എന്ന പ്രോട്ടീന്‍. 'ഉറക്കക്കുറവ് പലതിന്റേയും ലക്ഷണമാണ്. ഉറക്കക്കുറവുള്ള പലരിലും ഓര്‍മ്മശക്തിക്കും ചിന്താശക്തിക്കും പ്രശ്‌നങ്ങളുണ്ട്. ഇത് അല്‍ഷിമേഴ്‌സ് പോലുള്ള മറവി രോഗത്തിലേക്കും ഭാവിയില്‍ നയിക്കുന്നു' വാഷിങ്ടണ്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ബ്രണ്ടന്‍ ലുകെ പറയുന്നു.

Advertising
Advertising

ഉറക്കക്കുറവിനൊപ്പം ഗാഢമായ ഉറക്കം ലഭിക്കാത്തതും പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നുണ്ട്. എത്രമണിക്കൂര്‍ ഉറങ്ങുന്നു എന്നതിനേക്കാള്‍ എത്ര ഗാഢമായ ഉറക്കം ലഭിക്കുന്നുവെന്നതും 'ടോ'യുടെ സാന്നിധ്യത്തെ സ്വാധീനിക്കുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. മറവിരോഗികളായ പലര്‍ക്കും മുന്‍ കാലങ്ങളില്‍ ഗാഢമായ ഉറക്കം ലഭിച്ചിരുന്നില്ല. രാത്രിയില്‍ കൃത്യമായ ഉറക്കം ലഭിക്കാത്തതിനെ തുടര്‍ന്ന പകല്‍ ഉറക്കം തൂങ്ങുകയോ മയങ്ങുകയോ ചെയ്യുന്ന സ്വഭാവവും ഇവരിലുണ്ടായിരുന്നു.

ഗവേഷണ സംഘം 60ഉം അതിന് മുകളിലും പ്രായമുള്ള 119 പേരിലാണ് പഠനം നടത്തിയത്. അല്‍ഷിമേഴ്‌സ് ബാധിക്കുന്ന പലരിലും ചെറിയ തോതിലുള്ള ലക്ഷണങ്ങള്‍ രണ്ട് പതിറ്റാണ്ട് മുമ്പേ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ ടോയുടെ സാന്നിധ്യം വര്‍ധിക്കുകയും തലച്ചോറിലെ നിര്‍ണ്ണായക കോശങ്ങള്‍ നശിക്കുകയും ചെയ്തതിന് ശേഷം മാത്രമാണ് പലപ്പോഴും ഓര്‍മ്മക്കുറവ് ഒരു രോഗമെന്ന നിലയില്‍ തിരിച്ചറിയപ്പെടുന്നത്. അല്‍ഷിമേഴ്‌സ് രോഗവും ഉറക്കക്കുറവും നേരിട്ട് ബന്ധമുള്ള കാര്യങ്ങളാണെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

Tags:    

Similar News