' ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം" എന്നത് കേട്ടുപഴകിച്ചൊരു ആരോഗ്യ ചൊല്ലാണ്. ഇന്ത്യയില്‍ സുലഭമായി ലഭിക്കുന്ന പഴങ്ങളിലൊന്നു കൂടിയാണ് ആപ്പിള്‍.രുചിയിലും ഒട്ടും പിന്നിലല്ലാത്തതിനാല്‍ ആളുകള്‍ക്ക് കഴിക്കാനും ഇഷ്ടമാണ്. എന്നാല്‍ ആപ്പിളിനെ പോലെ പേരോ പെരുമയോ ഇല്ലെങ്കിലും നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിക്കുന്ന പഴമാണ് പേരക്ക. എന്നാല്‍ ആപ്പിളിനാണോ പേരക്കയ്ക്കാണോ കൂടുതല്‍ ആരോഗ്യഗുണം എന്നത് എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ.. ? ആപ്പിളിന് വില കൂടുതലായതിനാൽ അവ കൂടുതൽ ആരോഗ്യകരമാണെന്ന് മിക്ക ആളുകളും കരുതുന്നു. ശരിക്കും അങ്ങനെയാണോ...?നമുക്ക് നോക്കാം..
ആപ്പിളിന്റെയും പേരയ്ക്കയുടെയും പോഷകമൂല്യം (100 ഗ്രാമിന്)
കലോറി
ആപ്പിള്‍- 52 കിലോ കലോറി
പേരക്ക- 68 കിലോ കലോറിയും
പ്രോട്ടീൻ
ആപ്പിള്‍- 0.3 ഗ്രാം
പേരക്ക- 2.6 ഗ്രാം
ഫൈബർ
ആപ്പിള്‍- 2.4 ഗ്രാം
പേരക്ക- 68 5.4 ഗ്രാം
വിറ്റാമിൻ സി
ആപ്പിള്‍- 4.6 മില്ലിഗ്രാം
പേരക്ക- 228 മില്ലിഗ്രാം
പൊട്ടാസ്യം
ആപ്പിള്‍- 107 മില്ലിഗ്രാം
പേരക്ക- 417 മില്ലിഗ്രാം
വിറ്റാമിൻ എ
ആപ്പിള്‍- 54 IU
പേരക്ക- 624 IU ഉം (അന്താരാഷ്ട്ര യൂണിറ്റ്)
ഈ പട്ടിക ഒന്ന് കണ്ണോടിച്ചാല്‍ വിറ്റാമിന്‍ സിയിലെ അന്തരം മനസിലാക്കാം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍റെയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെയും പഠങ്ങളില്‍ പറയുന്നത്, ഒരു ഓറഞ്ചിലുള്ളതിനേക്കാള്‍ 250 ശതമാനം കൂടുതലും ഒരു ആപ്പിളിനേക്കാൾ 50 മടങ്ങ് കൂടുതലും വിറ്റാമിന്‍ സി പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട് എന്നാണ്. അതായത് ഒരു ആപ്പിള്‍ കഴിക്കുന്നതിലൂടെ ഒരു ദിവസം ശരീരത്തിന് ആവശ്യമുള്ള വിറ്റാമിന്‍ സിയുടെ 8 മുതൽ 10% വരെ മിതമായ അളവിൽ ലഭിക്കും. എന്നാല്‍ ഒരു പേരക്കയാകട്ടെ 200% ത്തിലധികം നൽകും. ചുരുക്കത്തില്‍ രോഗ പ്രതിരോധ ശേഷിക്ക് ഏറ്റവും മികച്ച പഴങ്ങളിലൊന്നാണ് പേരക്ക.
പ്രോട്ടീനും ഫൈബറും
പേരയ്ക്കയിൽ പ്രോട്ടീനും ഫൈബറും ആപ്പിളിനേക്കാള്‍ കൂടുതല്‍ അടങ്ങിയിട്ടുണ്ട്. ആപ്പിളിനേക്കാള്‍ നാലിരിട്ടി ഫൈബര്‍ പേരക്കയില്‍ അടങ്ങിയിട്ടുണ്ടെന്ന് ചുരുക്കം.
പേരയ്ക്കയുടെ മൂന്ന് ആരോഗ്യ ഗുണങ്ങൾ
രോഗപ്രതിരോധം
വിറ്റാമിൻ സി, ലൈക്കോപീൻ എന്നിവ കൂടുതല്‍ അടങ്ങിയിട്ടുള്ളതിനാല്‍ പേരയ്ക്ക രോഗപ്രതിരോധ ശേഷിയുണ്ടാക്കുകയും ശരീരത്തിലെ അണുബാധകള്‍ക്കെതിരെ കവചമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ജേണൽ ഓഫ് ഫുഡ് കോമ്പോസിഷൻ ആൻഡ് അനാലിസിസ് അനുസരിച്ച്, പേരയ്ക്കയുടെ ആന്റിഓക്‌സിഡന്റ് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.
പ്രമേഹ നിയന്ത്രണം
പേരക്കയില്‍ ഗ്ലൈസെമിക് സൂചിക കുറവാണ്.പേരക്കയുടെ ഇലയുടെ സത്ത് ഇൻസുലിൻ സംവേദനക്ഷമത ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് ചില ഇന്ത്യൻ പഠനങ്ങൾ പറയുന്നു.ഫൈബറുകള്‍ കൂടുതല്‍ അടങ്ങിയിട്ടുള്ളതിനാല്‍ രക്തത്തില്‍ ഷുഗര്‍ ഉയരുന്നതിനെ തടയാന്‍ സഹായിക്കുമെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക് റിസർച്ച് പറയുന്നു.ടൈപ്പ് ടു പ്രമേഹമുള്ളവര്‍ക്കും പേരക്ക അനുയോജ്യമായ പഴമാണെന്നും പഠനങ്ങള്‍ പറയുന്നു.
ഉയർന്ന രക്തസമ്മർദ്ദവും ഹൃദയാരോഗ്യവും
പേരയ്ക്കയിൽ പൊട്ടാസ്യവും ലയിക്കുന്ന നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നുവെന്ന് ജേണൽ ഓഫ് ഹ്യൂമൻ ഹൈപ്പർടെൻഷൻ പറയുന്നു .
ആപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ
ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നം
ആപ്പിളിൽ ക്വെർസെറ്റിൻ, കാറ്റെച്ചിൻ എന്നിവ അടങ്ങിയിട്ടുണ്ട്, ഇവ പഴങ്ങളിലെ ആന്റിഓക്‌സിഡന്റുകളാണ്, ഇവ ആസ്ത്മ, ചില അർബുദങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ആപ്പിളിന്റെ തൊലിയിൽ പ്രീബയോട്ടിക് ആയി പ്രവർത്തിക്കുന്ന പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് കുടലിലെ നല്ല ബാക്ടീരിയകളെ വളര്‍ത്താന്‍ സഹായിക്കുന്നു.
ഹൃദയാരോഗ്യവും കൊളസ്ട്രോളും
ആപ്പിളില്‍ അടങ്ങിയിട്ടുള്ള ഫൈബറുകള്‍ 'മോശം' എൽഡിഎൽ കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് തടയാന്‍ സഹായിക്കുമെന്ന് യൂറോപ്യൻ ജേണൽ ഓഫ് ന്യൂട്രീഷൻ പറയുന്നു. ഹൃദയാരോഗ്യത്തിന് ആപ്പിള്‍ ഏറ്റവും മികച്ചൊരു പഴമാണെന്നും വിദഗ്ധര്‍ പറയുന്നു.
ആപ്പിളോ പേരക്കയോ...ഏതാണ് ആരോഗ്യത്തിന് നല്ലത്?
പോഷകങ്ങളുടെ മൂല്യങ്ങള്‍ താരതമ്യം ചെയ്യുമ്പോൾ ആപ്പിളിനെ അപേക്ഷിച്ച് കൂടുതൽ പ്രോട്ടീൻ, കൂടുതൽ നാരുകൾ, കൂടുതൽ വിറ്റാമിൻ എ, ഉയര്‍ന്ന വിറ്റാമിൻ സി എന്നിവ നൽകുന്നത് പേരക്ക തന്നെയാണ്.കൂടാതെ രോഗ പ്രതിരോധത്തിനും പേരക്ക മികച്ച ഓപ്ഷനാണ്. ആപ്പിളും പേരക്കയും ദഹനത്തിന് നല്ലതാണെങ്കിലും കൂടുതല്‍ ഫൈബറുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ മലബന്ധം ഇല്ലാതാക്കാന്‍ പേരക്ക സഹായിക്കും. അതേസമയം,ഹൃദയാരോഗ്യത്തിന് ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുള്ള ആപ്പിള്‍ തന്നെയാണ് ഏറ്റവും നല്ലത്.
ശരീരഭാരം കുറയ്ക്കാൻ ആപ്പിളിനേക്കാൾ ആരോഗ്യകരമാണ് പേരയ്ക്ക. പേരയ്ക്കയിൽ കൂടുതൽ നാരുകളും പ്രോട്ടീനും അടങ്ങിയിരിക്കുന്നതിനാൽ വിശപ്പ് കുറക്കുന്നു.ഇതുമൂലം വറുത്തതും പൊരിച്ചതുമായ ലഘുഭക്ഷണങ്ങള്‍ക്ക് അമിതമായി കഴിക്കുന്നത് കുറക്കാന്‍ സാധിക്കും.
സീസണ്‍ നോക്കി വാങ്ങാം..
ഇന്ത്യയിൽ, ആഗസ്റ്റ് മുതൽ നവംബർ വരെയാണ് ആപ്പിൾ സീസണ്‍.നവംബർ മുതൽ ഫെബ്രുവരി വരെയാണ് പേരക്കകളുടെ സീസണ്‍. ആപ്പിളിന്‍റേയും പേരക്കയുടെയും പോഷകങ്ങളുടെ വലിയൊരു ഭാഗം തൊലിയിലാണ്.നന്നായി കഴുകി ഉപയോഗിക്കുകയാണെങ്കില്‍ തൊലിയോട് കൂടി കഴിക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം. പഴങ്ങളിലെ പുറംഭാഗത്ത് അടങ്ങിയിരിക്കുന്ന മെഴുക് അല്ലെങ്കിൽ കീടനാശിനികൾ നീക്കം ചെയ്യാൻ വിനാഗിരി അല്ലെങ്കിൽ ഫ്രൂട്ട് വാഷ് ഉപയോഗിച്ച് നന്നായി കഴുകിയതിന് ശേഷം ഉപയോഗിക്കാം...