ഭക്ഷണശേഷം 10 മിനിറ്റ് നടന്നു നോക്കൂ...; ശരീരത്തിൽ ഈ അത്ഭുത മാറ്റങ്ങൾ സംഭവിക്കും!
ഭക്ഷണത്തിൽ നിന്നുള്ള ഊർജം ആഗിരണം ചെയ്യാൻ ശരീരത്തെ ചെറു നടത്തം സഹായിക്കും
ദഹനം മെച്ചപ്പെടുത്തുന്നതോടൊപ്പം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ ഏറ്റവും നല്ല ശീലമാണ് ഭക്ഷണശേഷമുള്ള ചെറിയൊരു നടത്തം. പലരും മടി കൊണ്ട് ചെയ്യാറില്ലെങ്കിലും ആഹാരം കഴിച്ച ശേഷമുള്ള ചെറു നടത്തം ശരീരത്തിന് വലിയ ഗുണങ്ങൾ ചെയ്യും.
ഭക്ഷണത്തിൽ നിന്നുള്ള ഊർജ്ജം ആഗിരണം ചെയ്യാൻ ശരീരത്തെ ഈ നടത്തം സഹായിക്കുന്നുണ്ട്. എയ്ംസ്, ഹാർവാർഡ്, സ്റ്റാൻഫോർഡ് സർവകലാശാലകളിലെ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഠി വ്യക്തമാക്കുന്ന ഭക്ഷണ ശേഷമുള്ള നടത്തത്തിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
1. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും
ഭക്ഷണശേഷമുള്ള നടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. പ്രമേഹമുള്ളവർ ഇത് ശീലമാക്കുന്നത് വളരെ നല്ലതാണ്. ഗ്ലൂക്കോസ് രക്തത്തിലേക്ക് എത്തുന്നതിന്റെ വേഗത കുറച്ച്, രക്തത്തിലെ പഞ്ചസാരയുടെ അളവ് 30% വരെ കുറയ്ക്കാൻ നിങ്ങൾക്ക് ഇതിലൂടെ സാധിക്കും.
2. ദഹനം മെച്ചപ്പെടുത്തും
നടത്തം ദഹനത്തിന് ഏറ്റവും നല്ലതാണ്. ദഹനവ്യവസ്ഥയെ ഉത്തേജിപ്പിച്ച് കുടലിലൂടെ ഭക്ഷണം വേഗത്തിൽ കടന്നുപോകാൻ ചെറുനടത്തം വളരെ നല്ലതാണ്. നടത്തം സ്ഥിരമാക്കിയാൽ വയറു വീർപ്പുമുട്ടലും അസ്വസ്ഥതകളും നിങ്ങൾക്ക് ഈസിയായി കുറയ്ക്കാം.
3. വയറു വീർക്കൽ ഒഴിവാക്കാം
പലർക്കും ഭക്ഷണം കഴിച്ചാൽ വയർ വീർക്കുന്ന പ്രശ്നമുണ്ട്. ഭക്ഷണശേഷമുള്ള നടത്തം ഗ്യാസ് കുറച്ച് ദഹനപ്രക്രിയ എളുപ്പമാക്കും. ഭക്ഷണം കഴിച്ചതിന് ശേഷം വയറ്റിൽ ഭാരക്കൂടുതൽ തോന്നുന്നവർ തീർച്ചയായും നടത്തം ശീലമാക്കിയിരിക്കണം.
4. നെഞ്ചെരിച്ചിൽ കുറയ്ക്കും
ഭക്ഷണശേഷം ഇരിക്കുകയോ കിടക്കുകയോ ചെയ്ത് കഴിഞ്ഞാൽ നെഞ്ചെരിച്ചിൽ കൊണ്ട് പൊറുതിമുട്ടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ആഹാരം കഴിച്ച ശേഷം പതുക്കെ നടക്കുന്നത് വഴി ഭക്ഷണം മുന്നോട്ട് നീങ്ങാനും ആസിഡ് കയറുന്നത് തടയുകയും ചെയ്യും.
5. ഉറക്കം മെച്ചപ്പെടുത്തുന്നു
ആഹാര ശേഷമുള്ള നടത്തം രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ച് രാത്രിയിലെ അസിഡിറ്റി തടയാൻ സഹായിക്കും. ഇതുവഴി നിങ്ങൾക്ക് മെച്ചപ്പെട്ട ഉറക്കം കിട്ടും.
എങ്ങനെ ആരംഭിക്കാം?
10 മുതൽ 12 മിനിറ്റ് വരെ സാവധാനത്തിലോ അല്പം വേഗതയിലോ ആയിരിക്കണം നടക്കേണ്ടത്. പരമാവധി പ്രയോജനം കിട്ടാൻ ദിവസേനയോ ആഴ്ചയിൽ പലതവണയോ ശീലമാക്കാം.
എപ്പോഴൊക്കെ നടക്കാം?
ഉച്ചഭക്ഷണത്തിന് ശേഷം
അത്താഴത്തിന് ശേഷം
അല്ലെങ്കിൽ നിങ്ങൾ ഏറ്റവും കൂടുതൽ ഭക്ഷണം കഴിക്കുന്ന സമയത്ത്