Writer - രാഗേന്ദു പി.ആർ
Web Journalist
ചായ ഒരു ശീലമാണ്. ചിലര്‍ക്ക് ചായ ഇല്ലാത്ത ഒരു ദിവസം സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. പാല്‍ ചായയും കട്ടന്‍ ചായയും ഗ്രീന്‍ ടീയുമാണ് പ്രധാന താരങ്ങള്‍. എന്നാല്‍ ഏത് ചായ ആണെങ്കിലും സ്ഥിരമായി ഒന്നില്‍ കൂടുതല്‍ കുടിക്കുന്നത് ശരീരത്തിന് ആരോഗ്യകരമല്ല.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിക്കുന്നത് പാല്‍ ചായയാണ്. ഇത് പെട്ടെന്ന് ഉന്മേഷം നല്‍കുകയും ചെയ്യും. എന്നാല്‍ ഇതില്‍ ചേര്‍ക്കുന്ന പഞ്ചസാരയും പാലും ശരീരത്തില്‍ കലോറിയും കൊഴുപ്പും വര്‍ധിക്കുന്നതിന് കാരണമാകും. പലപ്പോഴും ഒരു ലഘുഭക്ഷണമായാണ് ചായ പ്രവര്‍ത്തിക്കുന്നത്.
വിശപ്പില്ലായ്മ അനുഭവിക്കുന്നവര്‍ക്കും അധിക കലോറി ആവശ്യമുള്ളവര്‍ക്കും ചായ നല്ലൊരു ഓപ്ഷനാണ്. പക്ഷെ അമിതമായാല്‍ അത് മധുരത്തോടുള്ള ആസക്തി വര്‍ധിപ്പിക്കും. എന്നാല്‍ മിതമായ അളവില്‍ പഞ്ചസാര ചേര്‍ത്ത് കുറഞ്ഞ അളവില്‍ ചായ കുടിക്കുന്നത് അനാരോഗ്യകരമല്ല.
അതേസമയം ദി അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലീനിക്കല്‍ ന്യൂട്രീഷന്റെ പഠനമനുസരിച്ച്, പാലില്ലാതെ തയ്യാറാക്കുന്ന കട്ടന്‍ ചായ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡുകള്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും.
കട്ടന്‍ ചായ കുടിക്കുന്നതിലൂടെ ശരീരത്തിലേക്ക് ജലാംശമെത്തുകയും ചെയ്യും. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഗ്രീന്‍ ടീ തന്നെയാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഗുണകരമാണ്. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായതിനാല്‍ ചര്‍മത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും ഗ്രീന്‍ ടീന്‍ ഉത്തമമാണ്.
ദീര്‍ഘകാല ആരോഗ്യമാണ് ഗ്രീന്‍ ടീയുടെ മറ്റൊരു പ്രത്യേകത. മറ്റുള്ളവ തല്‍ക്ഷണം മാത്രമാണ് ആശ്വാസം നല്‍കുന്നത്. എന്നാല്‍ ഈ മൂന്ന് പാനീയങ്ങളും അളവില്‍ കൂടുതല്‍ കുടിക്കുന്നത് ഗുണകരമല്ല. ഓരോ ദിവസവും ചായയില്‍ മാറ്റം വരുത്തുന്നത് ശരീരത്തിന് പ്രയോജനമാകും.