മുന്നോട്ടേക്ക് മാത്രമല്ല, ഇടക്കൊന്ന് പിന്നോട്ടും നടന്നുനോക്കൂ; ഗുണങ്ങൾ ഏറെയാണ്...

ഏറ്റവും എളുപ്പം ചെയ്യാവുന്ന വ്യായാമങ്ങളിലൊന്നാണ് നടത്തം

Update: 2024-01-30 11:20 GMT
Editor : Lissy P | By : Web Desk
Advertising

ആരോഗ്യമുള്ള ശരീരത്തില്‍ രോഗങ്ങളും കുറവായിരിക്കും. നിത്യവും വ്യായാമം ചെയ്ത് നമുക്ക് ഫിറ്റ്‌നസ് നിലനിർത്താൻ സാധിക്കും. ജിമ്മിൽ പോകാൻ സാധിക്കാത്തവർക്ക് ഏറ്റവും എളുപ്പം ചെയ്യാവുന്ന വ്യായാമങ്ങളിലൊന്നാണ് നടത്തം. ദിവസവും ചുരുങ്ങിയത് 30 മിനിറ്റെങ്കിലും നടക്കണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ശരീരത്തിനെന്ന പോലെ മനസിനും ഒരുപാട് ഗുണങ്ങൾ നൽകുന്ന വ്യായമമാണ് നടത്തം. എന്നും നടന്നാൽ ബോറടിക്കുമെന്ന് സംശയമുണ്ടെങ്കിൽ നടത്തത്തിന്റെ രീതിയിലൊരു ചെറിയ മാറ്റം വരുത്താം. മുന്നോട്ട് നടക്കുന്നതിന് പകരം അൽപനേരം പിന്നോട്ട് നടന്നുനോക്കൂ.. റിവേഴ്‌സ് വാക്കിങ് അഥവാ ബാക്ക് വേഡ് വാക്കിങ് എന്ന് പറയുന്ന ഈ രീതിക്ക് ഒരുപാട് ഗുണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം...

മസിലുകളെ ശക്തിപ്പെടുത്തും

മസിലുകളുടെ ആരോഗ്യം വർധിപ്പിക്കാൻ പിറകോട്ടുള്ള നടത്തം സഹായിക്കും. പ്രത്യേകിച്ചും കാലുകളിലെ പേശികളെ ഇത് ശക്തിപ്പെടുത്തും. അതുപോലെ കാൽമുട്ട് വേദനയുള്ളവർക്കും പിറകോട്ടുള്ള നടത്തം ആശ്വാസം നൽകുമെന്നും പഠനങ്ങൾ പറയുന്നു. മുന്നോട്ടുള്ള നടക്കുന്നതിനെ അപേക്ഷിച്ച് പിന്നിലേക്ക് നടക്കുന്നത് കാൽമുട്ട് വേദന കുറയ്ക്കുന്നതായി ബയോമെക്കാനിക്സ് ട്രസ്റ്റഡ് സോഴ്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. നടുവേദനക്കും പിറകോട്ടുള്ള നടത്തം മികച്ചൊരു വ്യായാമമാണ്. 


ഭാര നിയന്ത്രണം

ആരോഗ്യകരമായ ശരീരഭാരം നിയന്ത്രിക്കാൻ പിറകോട്ടുള്ള നടത്തം സഹായിക്കും. ശരീരത്തിലെ അനാവശ്യമായ കലോറി കത്തിക്കാനും മെറ്റബോളിസം ഉയർത്താനും ഇത് സഹായകരമാകും. പിറകോട്ട് നടക്കുന്നത് മൂലം മിനിറ്റിൽ ഏകദേശം 40 ശതമാനം കൂടുതൽ കലോറി കത്തിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നു.


ഹൃദയാരോഗ്യത്തിന്

പിറകിലോട്ട് നടക്കുന്നത് ശരീരത്തിലെ രക്തപ്രവാഹത്തെ സഹായിക്കുന്നു. ഇന്റർനാഷണൽ ജേണൽ ഓഫ് സ്പോർട്സ് മെഡിസിൻ ട്രസ്റ്റഡ് സോഴ്സിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പിന്നോട്ടുള്ള നടത്തം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് പറയുന്നതായി ഹെൽത്ത് ലൈൻ റിപ്പോർട്ട് ചെയ്യുന്നു.


മാനസികാരോഗ്യം

മനുഷ്യന്റെ മൊത്തത്തിലുള്ള മാനസികാവസ്ഥ മെച്ചപ്പെടുത്താൻ പിറകോട്ടുള്ള നടത്തം സഹായിക്കും. കൂടാതെ നല്ല ഉറക്കം ലഭിക്കാനും ഇത് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. വ്യായാമം ചെയ്യാനുള്ള മടി ഒഴിവാക്കാൻ സാധിക്കും എന്നത് തന്നെയാണ് പിറകോട്ടുള്ള നടത്തിന്റെ ഗുണങ്ങളിലൊന്ന്. പിറകോട്ട് നടക്കുന്നത് മൂലം നമ്മുടെ ചിന്തയും ഏകാഗ്രതയും വര്‍ധിക്കും.

കൂടുതല്‍ ശ്രദ്ധ വേണം

പിറകോട്ട് നടക്കുന്ന സമയത്ത് കൂടുതൽ ശ്രദ്ധയോടെ വേണം നടക്കാൻ. തടസ്സങ്ങളൊന്നുമില്ലാത്ത സ്ഥലത്ത് വേണം നടക്കാൻ .ആദ്യ ഘട്ടത്തിൽ കുറഞ്ഞ സ്‌റ്റെപ്പ് മാത്രം നടന്നാൽ മതി. പിന്നീട് അതിന്റെ എണ്ണം കൂട്ടാം..ആദ്യ ആഴ്ചയിൽ 10 മിനിറ്റും അതിനുശേഷം ആഴ്ചയിൽ 15 മിനിറ്റും ദിവസവും നടക്കുക. സമയവും വേഗതയും ക്രമേണ വർധിപ്പിക്കുക.നടക്കുന്നതിന് മുമ്പ് ശരീരം വാം അപ് ചെയ്യാൻ മറക്കരുത്...സ്ഥിരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കില്‍ വ്യായാമം ആരംഭിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കാം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News