ടീ ബാഗുകൾ ക്യാൻസറിന് കാരണമാകുമോ? അറിയാം വിദഗ്ധർ പറയുന്നത്

ടീ ബാഗ് ഉപയോഗിക്കുന്നവർ അവയുടെ പാക്കറ്റിലോ ലേബലിലോ നൽകിയിരിക്കുന്ന ചേരുവകൾ പരിശോധിക്കുന്നത് നല്ലതാണ്

Update: 2026-09-07 09:28 GMT

രാവിലെ ഒരു കപ്പ് ചൂട് ചായയോടെ ദിവസം തുടങ്ങുന്നത് പലരുടെയും ശീലമാണ്. എന്നാൽ ചായ തയ്യാറാക്കാൻ സ്ഥിരമായി ടീ ബാഗുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ അത് നിർത്താനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു. ഈ ടീ ബാഗുകൾ ഗുണത്തേക്കാൾ കൂടുതൽ ദോഷമായിരിക്കും ചെയ്യുന്നതെന്ന് നിങ്ങളിൽ എത്ര പേർക്കറിയാം?

ചില ടീ ബാഗുകളിൽ നിന്ന് ചൂടുവെള്ളത്തിലേക്ക് പ്ലാസ്റ്റിക് കണങ്ങളും മറ്റ് രാസവസ്തുക്കളും കലരാനുള്ള സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.മോൺട്രിയലിലെ മക്ഗിൽ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ഒരു പ്ലാസ്റ്റിക് ടീ ബാഗ് ചൂടുവെള്ളത്തിൽ മുക്കുമ്പോൾ കോടിക്കണക്കിന് മൈക്രോപ്ലാസ്റ്റിക്, നാനോപ്ലാസ്റ്റിക് കണങ്ങൾ പുറത്തുവരാമെന്ന് കണ്ടെത്തിയിരുന്നു. അഞ്ച് മില്ലിമീറ്ററിൽ താഴെ വലുപ്പമുള്ള പ്ലാസ്റ്റിക് കഷണങ്ങളെയാണ് മൈക്രോപ്ലാസ്റ്റിക് എന്ന് വിളിക്കുന്നത്. അതിലും ചെറുതായ പ്ലാസ്റ്റിക് കണങ്ങളാണ് നാനോപ്ലാസ്റ്റിക്.

Advertising
Advertising

ചൂടുവെള്ളത്തിൽ ടീ ബാഗുകൾ ഉപയോഗിക്കുമ്പോൾ കോടിക്കണക്കിന് മൈക്രോ, നാനോപ്ലാസ്റ്റിക് കണങ്ങൾ പുറത്തുവരാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പോളിപ്രൊപ്പിലീൻ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കുന്ന നൈലോൺ ടീ ബാഗുകളാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, പേപ്പർ ടീ ബാഗുകളിലും ചില രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ബാഗുകൾ എളുപ്പത്തിൽ പൊട്ടിപ്പോകാതിരിക്കാൻ ഉപയോഗിക്കുന്ന എപ്പിക്ലോറോഹൈഡ്രിൻ എന്ന രാസവസ്തു ചൂടുവെള്ളത്തിലേക്ക് കലരാനുള്ള സാധ്യതയുണ്ടെന്നും ഇത് ആരോഗ്യത്തിന് ദോഷകരമാകാമെന്നും ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കി.

ടീ ബാഗുകൾ ഒഴിവാക്കണോ?

ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്ത് ചായ പൊടിക്ക്  പകരം തേയില നേരിട്ട് ഉപയോഗിക്കുന്നത് പരിഗണിക്കാമെന്നാണ് വിദഗ്ധരുടെ നിർദേശം. കോട്ടൺ പോലുള്ള തുണിയിൽ നിർമിച്ച ടീ ബാഗുകളും ബദലായി ഉപയോഗിക്കാം.

അതേസമയം, ടീ ബാഗ് ഉപയോഗിക്കുന്നവർ അവയുടെ പാക്കറ്റിലോ ലേബലിലോ നൽകിയിരിക്കുന്ന ചേരുവകൾ പരിശോധിക്കുന്നത് നല്ലതാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണെങ്കിൽ അതനുസരിച്ച് തിരഞ്ഞെടുക്കാനും സാധിക്കും.

ടീ ബാഗുകളിൽ നിന്നുള്ള മൈക്രോപ്ലാസ്റ്റിക്, ചില രാസവസ്തുക്കൾ എന്നിവയുടെ ആരോഗ്യപ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. അതിനാൽ ടീ ബാഗുകളുടെ ഉപയോഗം നേരിട്ട് ക്യാൻസറിന് കാരണമാകുമെന്ന് ഉറപ്പിച്ച് പറയാനാകില്ല. 

Tags:    

Writer - Hafeesa .P.K

contributor

Editor - Hafeesa .P.K

contributor

By - ഹെൽത്ത് ഡെസ്ക്

contributor

Similar News