Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
Photo | Special Arrangement
ചായ കുടിച്ചുകൊണ്ടാണ് പലരുടെയും ഒരു ദിവസം ആരംഭിക്കുന്നത്. ചിലർ ദിവസത്തിൽ നാലോ അഞ്ചോ തവണ ചായ കുടിക്കും. ചായ ചൂടാറിയാൽ ദേഷ്യപ്പെടുന്ന ആളുകളുമുണ്ട്. ചൂട് നോക്കാതെ ഒറ്റയടിക്ക് ചായ കുടിക്കുന്ന ചിലരുമുണ്ട്. ചൂടില്ലാതെ ചായയോ കാപ്പിയോ ആസ്വദിച്ച് കുടിക്കാനാവില്ല എന്നതാണ് ഇതിന് പറയുന്ന ന്യായം. ചായ തണുത്തുപോയാൽ പലരും വീണ്ടും ചൂടാക്കി കുടിക്കാറുണ്ട്. എന്നാൽ സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാണോ എന്ന സംശയം പലർക്കും ഉണ്ട്.
തേയിലയിൽ ചില നൈട്രേറ്റ് സംയുക്തങ്ങൾ ഉണ്ടെങ്കിലും, ചായ വീണ്ടും ചൂടാക്കുമ്പോൾ അത് അപകടകരമായ അളവുകളിലേക്കു മാറുന്നുവെന്നതിന് തെളിവില്ല. തണുത്ത ചായ വീണ്ടും തിളക്കുന്ന തരത്തിൽ ചൂടാക്കുന്നില്ലെങ്കിൽ അപകട സാധ്യത കുറവാണ്. എന്നാൽ ചായ മണിക്കൂറുകളോളം (പ്രത്യേകിച്ച് പാൽ ചായ) സാധാരണ താപനിലയിൽ വെച്ചാൽ ബാക്ടീരിയ വളരാൻ സാധ്യതയുണ്ട്. അതിന് ശേഷം ചൂടാക്കുന്നത് എല്ലാ ബാക്ടീരിയകളെയും ഇല്ലാതാക്കില്ല.
ചായ വീണ്ടും ചൂടാക്കുമ്പോൾ അതിലെ ടാനിനുകളുടെ സാന്ദ്രത വർധിക്കുന്നു. ഇത് പാനീയത്തെ കൂടുതൽ കയ്പ്പുള്ളതും അസിഡിറ്റി ഉള്ളതുമാക്കുന്നു. ഈ ടാനിനുകൾ ശരീരത്തിലെ ധാതുക്കളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു. വീണ്ടും ചൂടാക്കിയ ചായ കുടിക്കുന്നത് നമ്മുടെ ദഹനവ്യവസ്ഥയിൽ അസ്വസ്ഥത, ദഹനക്കേട്, പോഷകാഹാരക്കുറവ്, മറ്റ് രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും.
ചായ ഇടയ്ക്കിടെ ചൂടാക്കിയാൽ അതിന്റെ അസിഡിറ്റി വർധിക്കും. ഇത് നെഞ്ചെരിച്ചിൽ, ഗ്യാസ്ട്രബിൾ അല്ലെങ്കിൽ ആസിഡ് റിഫ്ലക്സ് പോലുള്ള പ്രശ്നങ്ങൾ വർദ്ധിപ്പിക്കും. ആസിഡ് സംവേദനക്ഷമതയുള്ള ആളുകൾക്ക് വീണ്ടും ചൂടാക്കിയ ചായ കുടിച്ചാൽ വയറു വീർക്കുകയോ അസ്വസ്ഥത അനുഭവപ്പെടുകയോ ചെയ്യാം. ദഹനസംയുക്തങ്ങളുടെ സന്തുലിതാവസ്ഥയെ ഇത് ബാധിക്കുന്നു.
ചായ ഉണ്ടാക്കിയ ശേഷം റൂമിലെ താപനിലയിൽ കൂടുതൽ നേരം വെച്ചാൽ, അതിൽ ബാക്ടീരിയകൾ വളരാൻ സാധ്യതയുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തിന് ദോഷകരമാണ്. ഇങ്ങനെ വളരുന്ന ബാക്ടീരിയകളെ ചായ വീണ്ടും ചൂടാക്കിയാലും നശിപ്പിക്കാൻ കഴിയില്ല. ഇത്തരത്തിലുള്ള ചായ കുടിക്കുന്നത് ഭക്ഷ്യജന്യ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കും. അതുകൊണ്ട്, ചായ ഉണ്ടാക്കി കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കുടിക്കാൻ ശ്രദ്ധിക്കുക.
ചായയിലെ പ്രധാന ആൻ്റീഓക്സിഡൻ്റ് സംയുക്തങ്ങളായ കാറ്റെച്ചിനുകൾ, പോളിഫിനോളുകൾ എന്നിവ ചൂടിനോട് റിയാക്ട് ചെയ്യുന്നവയാണ്. 85 ഡിഗ്രി മുതൽ 120 ഡിഗ്രി വരെ ചൂടാക്കുന്നത് അപകടകരമല്ലെങ്കിലും ഈ ആന്റി-ഓക്സിഡന്റുകളുടെ അളവ് കുറയാനിടയുണ്ട്. ചായ വീണ്ടും ചൂടാക്കുമ്പോൾ അതിന്റെ രുചി, നിറം, മണം എന്നിവയും മാറും. പഠനങ്ങൾ പ്രകാരം തണുത്ത ചായ 85 ഡിഗ്രിയ്ക്ക് മുകളിലായി ചൂടാക്കിയാൽ മണവും നിറവും കുറയുകയും കയ്പ്പും ആസിഡിറ്റിയും വർധിക്കുകയും ചെയ്യുന്നു.