ഡോക്ടറെ കാണും മുമ്പേ ഗൂഗിളിൽ രോഗലക്ഷണങ്ങൾ തിരയാറുണ്ടോ?
ഓൺലൈൻ വിവരങ്ങൾ ഡോക്ടറുടെ പരിശോധനയ്ക്കും രോഗനിർണയത്തിനും പകരമാകില്ല
തലവേദന, വയറുവേദന തുടങ്ങി പരിചയമില്ലാത്ത ഏതെങ്കിലും രോഗലക്ഷണം അനുഭവപ്പെട്ടാൽ ഇന്ന് പലരും ആദ്യം ചെയ്യുന്നത് ഗൂഗിളിൽ തിരയുകയാണ്. ഡോക്ടറുടെ അപ്പോയിന്റ്മെന്റ് എടുക്കുന്നതിന് മുമ്പ് ഗൂഗിൾ, യൂട്യൂബ്, രോഗികളുടെ ഓൺലൈൻ ഫോറങ്ങൾ, എ.ഐ അധിഷ്ഠിത ടൂളുകൾ എന്നിവയിലൂടെ ലക്ഷണങ്ങളെക്കുറിച്ച് വിവരങ്ങൾ തേടുന്ന പ്രവണത വർധിച്ചുവരികയാണ്.
ഇതിന് പിന്നിലെ കാരണങ്ങൾ വിശദീകരിക്കുകയാണ് ഓൺലൈൻ ചികിൽസ മിത്രയുടെ സഹസ്ഥാപകയായ സ്മൃതി ടണ്ടൻ. രോഗികൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടോ, സമാനമായ അനുഭവം മറ്റാർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ, ഏത് ഡോക്ടറെയാണ് സമീപിക്കേണ്ടത്, ചികിത്സ എങ്ങനെയായിരിക്കും, എത്ര ചെലവ് വരും തുടങ്ങിയ കാര്യങ്ങൾ ആദ്യം മനസിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഓൺലൈൻ തിരച്ചിലെന്ന് സ്മൃതി പറയുന്നു.
അനുഭവങ്ങൾ അറിയാനും ഓൺലൈൻ തിരച്ചിൽ
മെഡിക്കൽ വിവരങ്ങൾ മാത്രമല്ല, മറ്റുള്ളവരുടെ അനുഭവങ്ങളും അറിയാനാണ് പലരും ഓൺലൈനിൽ തിരയുന്നത്. പരിശോധനകൾ വേദനാജനകമായിരുന്നോ, മരുന്നുകൾക്ക് പാർശ്വഫലങ്ങളുണ്ടായിരുന്നോ, ചികിത്സയ്ക്ക് ശേഷം എങ്ങനെയായിരുന്നു എന്നതെല്ലാം ആളുകൾ അറിയാൻ ശ്രമിക്കാറുണ്ട്.
സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയവരുടെ അനുഭവങ്ങൾ രോഗികൾക്ക് ആശ്വാസവും ആത്മവിശ്വാസവും നൽകുന്നുവെന്നും സ്മൃതി ചൂണ്ടിക്കാട്ടുന്നു.
ഭയവും പ്രധാന കാരണം
ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഡോക്ടറെ കാണാനുള്ള തീരുമാനത്തിന് പിന്നിൽ ഭയവും ഒരു ഘടകമാണ്. രോഗലക്ഷണം ഗുരുതരമായ രോഗത്തിന്റെ സൂചനയാണോ, ഏതൊക്കെ പരിശോധനകൾ വേണ്ടിവരും, ചികിത്സയ്ക്ക് എത്ര ചെലവാകും തുടങ്ങിയ ആശങ്കകൾ പലർക്കുമുണ്ട്.
അപ്രതീക്ഷിതമായ ആശുപത്രി ബില്ലുകൾ, അനാവശ്യ ചികിത്സകൾ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകളും സോഷ്യൽ മീഡിയയിലെ അനുഭവങ്ങളും ഈ ആശങ്ക വർധിപ്പിക്കാമെന്നും സ്മൃതി പറയുന്നു. എന്നാൽ ഇത്തരം അനുഭവങ്ങൾ എല്ലാ ആരോഗ്യപരിചരണ സാഹചര്യങ്ങളെയും പ്രതിനിധീകരിക്കണമെന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ആദ്യം വിവരങ്ങൾ അറിഞ്ഞ് തയ്യാറെടുക്കാം
ഡോക്ടറെ കാണുന്നതിന് മുമ്പ് സ്വകാര്യമായി വിവരങ്ങൾ തേടുന്നത് രോഗികൾക്ക് കൂടുതൽ തയ്യാറെടുപ്പും നിയന്ത്രണബോധവും നൽകുന്നു. എപ്പോൾ വേണമെങ്കിലും വിവരങ്ങൾ തേടാനാകുന്നതും സംശയങ്ങൾ സ്വകാര്യമായി പരിശോധിക്കാനാകുന്നതും ഓൺലൈൻ തിരച്ചിലിന്റെ മറ്റൊരു പ്രത്യേകതയാണ്.
തിരക്കേറിയ ഒ.പി വിഭാഗങ്ങളിൽ ഏറെ നേരം കാത്തിരുന്ന ശേഷം ഡോക്ടറുമായി സംസാരിക്കാൻ പരിമിതമായ സമയം മാത്രമേ ലഭിക്കൂ എന്ന തോന്നലും ഓൺലൈൻ ആരോഗ്യവിവരങ്ങളിലേക്കുള്ള ആശ്രയം വർധിപ്പിക്കുന്നുണ്ട്.
രോഗലക്ഷണങ്ങൾ ഗൂഗിളിൽ തിരയുന്നതിനെ മാത്രം ചോദ്യം ചെയ്യുന്നതിനുപകരം, ആളുകൾ എന്തുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്ന് മനസിലാക്കുകയാണ് വേണ്ടതെന്ന് സ്മൃതി പറയുന്നു. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ വിവരവും ആശ്വാസവും നിയന്ത്രണബോധവും നേടാനാണ് പലരും ഇത്തരം തിരച്ചിലുകൾ നടത്തുന്നത്.
എന്നാൽ ഓൺലൈൻ വിവരങ്ങൾ ഡോക്ടറുടെ പരിശോധനയ്ക്കും രോഗനിർണയത്തിനും പകരമാകില്ല. രോഗലക്ഷണങ്ങളുടെ യഥാർഥ കാരണം കണ്ടെത്താനും ആവശ്യമായ ചികിത്സ തീരുമാനിക്കാനും മെഡിക്കൽ വിദഗ്ധന്റെ വിലയിരുത്തൽ ആവശ്യമാണ്.