'ഗുപ്തന്' ചൂടുചായ ഊതിക്കുടിക്കാൻ ഇഷ്ടമായിരിക്കും...പക്ഷേ നിങ്ങളത് ശീലമാക്കേണ്ട! അന്നനാളത്തിലെ കാൻസറിന് കാരണമാകും

സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരിലാണ് അന്നനാള കാൻസർ ബാധിക്കുന്നത്

Update: 2023-03-31 11:36 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: 'ചൂടുചായ ഊതിക്കുടിക്കുന്നതാണ് ഗുപ്തനിഷ്ടം' എന്ന ഹരികൃഷ്ണൻസിലെ ഡയലോഗ് മലയാളികൾ മറക്കാനിടയില്ല..ഗുപ്തനെ പോലെ ചൂടുള്ള ചായയും കാപ്പിയുമെല്ലാം ഊതിക്കുടിക്കാനാണോ നിങ്ങൾക്ക് ഇഷ്ടം...എങ്കിൽ നിങ്ങളുടെ ചായക്കപ്പിൽ അപകടം ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

ചൂടുള്ള പാനീയങ്ങൾ കഴിക്കുന്നത് പലപ്പോഴും നമ്മുടെ ശരീരത്തിനും മനസിലും ഊർജം നൽകും.എന്നാൽ ദിവസം മുഴുവൻ ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നത് പ്രത്യേകിച്ച് വലിയ അളവിൽ കുടിക്കുന്ന് അന്നനാളത്തിലെ കാൻസറിനുള്ള സാധ്യത 90 ശതമാനം വരെ വർധിപ്പിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നെന്ന് നാഷണൽ ലൈബ്രറി മെഡിസിൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

ചൂടുള്ള പാനീയങ്ങൾക്ക് കഴിക്കുമ്പോൾ എന്ത് സംഭവിക്കും?

ദിവസം മുഴുവനും ചായ, കാപ്പി, ചൂടുവെള്ളം തുടങ്ങിയവ കുടിക്കുന്നത് നിങ്ങളുടെ അന്നനാളത്തെ തകരാറിലാക്കുമെന്ന് ഡോക്ടർമാർ പറയുന്നു. കാലക്രമേണ  അന്നനാളത്തിൽ  കാൻസർ സാധ്യതയിലേക്കും നയിക്കുന്നു. 2016-ൽ ലോകാരോഗ്യ സംഘടന ചൂടുള്ള ദ്രാവകങ്ങൾ കുടിക്കുന്നത് കാൻസറിന് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. 60 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള പാനീയങ്ങൾ കുടിക്കുന്നത് അപകടം വരുത്തുമെന്നാണ് അന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയത്. പാനീയത്തിന്റെ ചൂട് കൂടുന്തോറും കാൻസറിനുള്ള സാധ്യത വർധിക്കുമെന്നും മുന്നറിയിപ്പുണ്ട്.

എന്നാൽ ചൂടുള്ള പാനീയങ്ങൾ  കുടിക്കുന്നത് കൊണ്ട് മാത്രമല്ല അന്നനാള കാന്‍സര്‍ വരുന്നത്.  സിഗരറ്റ് വലിക്കുക,അമിതമായ മദ്യപാനം,പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം, അനാരോഗ്യകരമായ ഭക്ഷണക്രമം,വായു മലിനീകരണം ഇവയും അന്നനാളകാൻസറിന് കാരണമാകും.

എന്താണ് അന്നനാള കാൻസർ?

സാധാരണയായി അന്നനാളത്തിന്റെ ഉള്ളിലെ കോശങ്ങളിലാണ് കാൻസർ ആരംഭിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നു. അർബുദം അന്നനാളത്തിൽ എവിടെയും സംഭവിക്കാം. സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരിലാണ് അന്നനാള കാൻസർ ബാധിക്കുന്നത്. 

ലക്ഷണങ്ങൾ

  • ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട്
  • വലിയ രീതിയിൽ ശരീരഭാരം കുറയുക
  • നെഞ്ചിൽ കഠിനമായ വേദന
  • ദഹനക്കേട്
  • വിട്ടുമാറാത്ത ചുമ

പ്രാരംഭ ഘട്ടത്തിൽ അന്നനാളത്തിലെ കാൻസറിന്റെ കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടമാവില്ലെന്നും ഡോക്ടർമാർ പറയുന്നു.

അപകടസാധ്യത എങ്ങനെ കുറയ്ക്കാം?

150 F-ൽ താഴെയുള്ള താപനിലയിലുള്ള പാനീയങ്ങൾ കുടിക്കാനാണ് വിദഗ്ധർ ശുപാർശ ചെയ്യുന്നത്. ചൂടു പാനീയങ്ങള്‍ അല്‍പം തണുത്തതിന് ശേഷം മാത്രം കുടിക്കുക.  ഇനി ചൂടുള്ള പാനീയങ്ങള്‍ മാത്രം ശീലമാക്കിയവര്‍ പതുക്കെപതുക്കെ ആ ശീലം മാറ്റുക. കൂടാതെ, പുകയില ഉപയോഗം, മദ്യംപാനം എന്നിവ ഒഴിവാക്കുകയും വേണം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News