ഒന്ന് കോട്ടുവായിട്ടു, പിന്നെ വാ അടക്കാൻ പറ്റുന്നില്ല... ഇങ്ങനെ പെട്ടെന്നൊരു നിമിഷം വായ തുറന്ന അവസ്ഥയിൽത്തന്നെ ലോക്കായിപ്പോകുന്നത് ചിന്തിക്കുമ്പോൾ തന്നെ പേടിതോന്നുന്നില്ലേ. ചിരിക്കുമ്പോഴോ, വലിയൊരു കഷ്ണം ഭക്ഷണം കഴിക്കുമ്പോഴോ, അതുമല്ലെങ്കിൽ ഒരു കോട്ടുവാ ഇടുമ്പോഴോ താടിയെല്ല് അതിന്റെ സ്ഥാനത്തുനിന്ന് തെന്നിമാറുകയും തിരികെ പഴയപടിയാക്കാൻ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയാണിത്. വൈദ്യശാസ്ത്രത്തിൽ ടിഎംജെ (TMJ - Temporomandibular Joint) ഡിസോർഡർ എന്ന് വിളിക്കപ്പെടുന്ന ഈ അവസ്ഥ പലപ്പോഴും അവഗണിക്കപ്പെടുന്ന ഒന്നാണെങ്കിലും, കൃത്യസമയത്ത് ശ്രദ്ധിച്ചില്ലെങ്കിൽ ഇത് നിത്യജീവിതത്തെ കാര്യമായി തന്നെ ബാധിക്കും.
നമ്മുടെ ചെവിക്ക് തൊട്ടുമുന്നിലായി കാണപ്പെടുന്ന സങ്കീർണമായ സന്ധിയാണ് താടിയെല്ലിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്നത്. ഈ സന്ധിക്കിടയിലുള്ള ഒരു ചെറിയ തരുണാസ്ഥി പാളി തെന്നിമാറുന്നതാണ് വായ അടയ്ക്കാൻ കഴിയാത്ത അവസ്ഥയുടെ പ്രധാന കാരണം. പല്ലുകൾ ഉറക്കത്തിൽ കടുപ്പിച്ചു പിടിക്കുന്ന ശീലമുള്ളവരിലും, അമിതമായ മാനസിക സമ്മർദം അനുഭവിക്കുന്നവരിലും ഈ സന്ധികൾക്ക് ചുറ്റുമുള്ള പേശികൾ വലിഞ്ഞു മുറുകുകയും താടിയെല്ലിന്റെ സ്വഭാവിക ചലനത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. സന്ധികൾക്കിടയിലെ ലൂബ്രിക്കേഷൻ കുറയുന്നതും വാതസംബന്ധമായ അസുഖങ്ങളും ഇതിന് ആക്കം കൂട്ടാറുണ്ട്.
വായ തുറക്കുമ്പോഴോ അടയ്ക്കുമ്പോഴോ കേൾക്കുന്ന 'ക്ലിക്ക്' ശബ്ദമാണ് ഇതിന്റെ ആദ്യ ലക്ഷണമായി കാണപ്പെടാറുള്ളത്. പലരും ഇത് ഗൗരവമായി എടുക്കാറില്ലെങ്കിലും, ക്രമേണ ഇത് താടിയെല്ലിൽ കടുത്ത വേദനയ്ക്കും നീർക്കെട്ടിനും കാരണമാകും. ചില സന്ദർഭങ്ങളിൽ ചെവി വേദനയോ തലവേദനയോ ആയിട്ടായിരിക്കും ഈ അസുഖം പ്രകടമാകുന്നത്. ഭക്ഷണം ചവയ്ക്കുമ്പോൾ താടിയെല്ലിന് അനുഭവപ്പെടുന്ന ബലക്കുറവും പേശീവലിവുമെല്ലാം ഈ സന്ധിയുടെ തകരാറിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഇത്തരത്തിൽ താടിയെല്ല് ലോക്ക് ആയിപ്പോയാൽ പരിഭ്രമിച്ച് സ്വയം ബലം പ്രയോഗിക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്. ഇത് സന്ധികൾക്ക് ചുറ്റുമുള്ള ലിഗമെന്റുകൾക്കും ഞരമ്പുകൾക്കും വലിയ പരിക്കേൽക്കാൻ കാരണമാകും. കടുപ്പമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കി പേശികൾക്ക് വിശ്രമം നൽകുകയാണ് പ്രാഥമികമായി ചെയ്യേണ്ടത്. ചൂടുവെള്ളം കൊണ്ടോ ഐസ് പാക്ക് കൊണ്ടോ ഉള്ള പരിചരണം വേദന കുറയ്ക്കാൻ സഹായിക്കും. ഉറക്കത്തിൽ പല്ല് കടിക്കുന്നത് തടയാൻ ഡോക്ടർമാർ നിർദേശിക്കുന്ന 'മൗത്ത് ഗാർഡുകൾ' ഉപയോഗിക്കുന്നതും താടിയെല്ലിലെ ആയാസം കുറയ്ക്കാൻ വളരെ ഫലപ്രദമാണ്.
ലളിതമായ പേശീ വ്യായാമങ്ങളിലൂടെയും ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും ഭൂരിഭാഗം പേർക്കും ഈ പ്രശ്നത്തിൽ നിന്ന് മോചനം നേടാം. എങ്കിലും പ്രശ്നം ആവർത്തിക്കുന്നുണ്ടെങ്കിൽ ഒരു മാക്സിലോഫേഷ്യൽ സർജന്റെയോ ദന്തഡോക്ടറുടെയോ സേവനം തേടേണ്ടത് അനിവാര്യമാണ്. പല്ലുകളുടെ നിര തെറ്റിക്കിടക്കുന്നത് മൂലമാണ് ഈ ബുദ്ധിമുട്ട് ഉണ്ടാകുന്നതെങ്കിൽ അത് ശരിയാക്കുന്നത് വഴി സ്ഥിരമായ പരിഹാരം കണ്ടെത്താൻ സാധിക്കും. കൃത്യമായ വ്യായാമവും ഭക്ഷണക്രമവും പാലിച്ച് ഈ 'ലോക്കിനെ' നമുക്ക് പ്രതിരോധിക്കാം.