എത്ര ശ്രമിച്ചാലും തനിക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിയില്ല, നന്നായി ദേഷ്യപ്പെടുന്നയാളാണ് തുടങ്ങിയ പരാതി പറയുന്നവരെ കണ്ടിട്ടുണ്ടാകും. നിത്യജീവിതത്തിലെ തിരക്കുകൾക്കിടയിൽ പലപ്പോഴും പലർക്കും നിയന്ത്രിക്കാൻ കഴിയാതെ പോകുന്ന വികാരമാണ് ദേഷ്യം. എന്നാൽ ദേഷ്യം നിയന്ത്രിക്കാൻ സാധിക്കാത്തവരാണെങ്കിൽ ഒരുനിമിഷം, അത്ര സുഖകരമല്ലാത്ത പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദേഷ്യം വരുമ്പോൾ നമ്മുടെ ശരീരത്തിനുള്ളിൽ, പ്രത്യേകിച്ച് ഹൃദയമിടിപ്പിലും രക്തക്കുഴലുകളിലും സംഭവിക്കുന്ന മാറ്റങ്ങൾ അങ്ങേയറ്റം അപകടകരമാണ്. 'ജേണൽ ഓഫ് ദി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ' പുറത്തുവിട്ട ഏറ്റവും പുതിയ പഠനറിപ്പോർട്ടുകൾ പ്രകാരം, ദേഷ്യം പ്രകടിപ്പിക്കുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യത വൻതോതിൽ വർധിപ്പിക്കുന്നു.
ഈ പഠനത്തിന്റെ ഭാഗമായി 280 യുവാക്കളെയാണ് ഗവേഷകർ നിരീക്ഷിച്ചത്. അവരെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ദേഷ്യം, സങ്കടം, ഉത്കണ്ഠ തുടങ്ങിയ വികാരങ്ങൾ കൃത്രിമമായി സൃഷ്ടിച്ചു. എട്ട് മിനിറ്റോളം നീണ്ടുനിന്ന ദേഷ്യം പ്രകടിപ്പിച്ചവരിൽ രക്തക്കുഴലുകളുടെ വികാസശേഷി (Vascular Dilation) ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി. അത്ഭുതകരമായ വസ്തുത എന്തെന്നാൽ, ദേഷ്യം മാറി മനസ്സ് ശാന്തമായതിനുശേഷവും ഏകദേശം 40 മിനിറ്റോളം രക്തക്കുഴലുകൾ പഴയ നിലയിലേക്ക് തിരിച്ചെത്തിയില്ല എന്നതാണ്. ഈ സമയമത്രയും ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നു. അൽപ നേരത്തേക്കുള്ള ദേഷ്യം പോലും രക്തക്കുഴലുകളെ ബാധിക്കുകയും രക്തചംക്രമണം തടസപ്പെടുത്തുകയും അതുവഴി ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ.
രക്തക്കുഴലുകളുടെ ഉൾവശത്തുള്ള 'എൻഡോതീലിയം' (Endothelium) എന്ന പാളിക്കാണ് ദേഷ്യം വരുമ്പോൾ പ്രധാനമായും പരിക്കേൽക്കുന്നത്. രക്തസമ്മർദം നിയന്ത്രിക്കുന്നതിലും രക്തം കട്ടപിടിക്കാതെ സൂക്ഷിക്കുന്നതിലും ഈ പാളിക്ക് നിർണായക പങ്കുണ്ട്. ദേഷ്യം വരുമ്പോൾ ശരീരം ഉത്പാദിപ്പിക്കുന്ന സ്ട്രെസ് ഹോർമോണുകൾ ഈ പാളിയുടെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുന്നു. സങ്കടമോ ഉത്കണ്ഠയോ അനുഭവപ്പെടുമ്പോൾ ഇത്തരത്തിൽ രക്തക്കുഴലുകൾക്ക് നേരിട്ടുള്ള ആഘാതം സംഭവിക്കുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു. അതായത്, മറ്റ് വികാരങ്ങളേക്കാൾ ഹൃദയത്തിന് ഏറ്റവും കൂടുതൽ ശത്രുത പുലർത്തുന്നത് ദേഷ്യമാണ്.
തുടർച്ചയായി ദേഷ്യപ്പെടുന്നവരിൽ രക്തക്കുഴലുകൾക്ക് സംഭവിക്കുന്ന ഈ താൽക്കാലിക തകരാറുകൾ കാലക്രമേണ സ്ഥിരമായ കേടുപാടുകളായി മാറുന്നു. ഇത് ധമനികൾ കട്ടിയാകാനും (Atherosclerosis) രക്തസഞ്ചാരം പൂർണമായി തടസ്സപ്പെടാനും കാരണമാകുന്നു. ഉയർന്ന രക്തസമ്മർദമോ പ്രമേഹമോ ഉള്ളവർ ദേഷ്യപ്പെടുമ്പോൾ ഈ അപകടസാധ്യത ഇരട്ടിയാകുന്നു. പെട്ടെന്നുണ്ടാകുന്ന ദേഷ്യം ഹൃദയമിടിപ്പ് വർധിപ്പിക്കുകയും ഹൃദയപേശികൾക്ക് അമിതഭാരം നൽകുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതത്തിലേക്കോ പക്ഷാഘാതത്തിലേക്കോ നയിക്കാൻ സെക്കൻഡുകൾ മതിയാകും. എന്നാൽ ഒരുതവണ ദേഷ്യപ്പെടുന്നത് ഹൃദയാരോഗ്യത്തെ പാടെ തകരാറിലാക്കുമെന്ന് ധരിക്കരുത്. പക്ഷേ ഇടക്കിടെ ദേഷ്യപ്പെടുന്നവരാണെങ്കിൽ മാത്രമാണ് ഇത്തരത്തിൽ ദോഷകരമായി ബാധിക്കുക.
ദേഷ്യം തോന്നുമ്പോൾ പ്രതികരിക്കുന്നതിന് മുൻപ് അല്പനേരം മാറിനിൽക്കാനോ ദീർഘശ്വാസം എടുക്കാനോ ശ്രമിക്കണം. കൃത്യമായ വ്യായാമം, ധ്യാനം, ആവശ്യത്തിന് ഉറക്കം എന്നിവ ശീലിക്കുന്നത് ദേഷ്യം നിയന്ത്രിക്കാൻ സഹായിക്കും. നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം നിങ്ങളുടെ കൈകളിലാണെന്ന് ഓർക്കുക. മനസ്സ് ശാന്തമാക്കുന്നത് ഹൃദയത്തെ സംരക്ഷിക്കാനുള്ള ഏറ്റവും വലിയ മരുന്നാണ്.