ഈ പാനീയങ്ങൾ പതിവായി കുടിക്കാറുണ്ടോ? എങ്കിൽ കരളിന് പണി കിട്ടും!
നമ്മൾ ഇഷ്ടപ്പെട്ട് കുടിക്കുന്ന പല പാനീയങ്ങളും കരളിന് വില്ലനാകാം അവ ഏതൊക്കെയാണെന്ന് നോക്കാം
പ്രതീകാത്മക എഐ ചിത്രം
ശരീരത്തിൽ രക്തം ശുദ്ധീകരിക്കുന്നതിലും പ്രോട്ടീനുകൾ നിർമിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്ന ആന്തരികാവയവങ്ങളിലൊന്നാണ് കരൾ. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ഫാറ്റി ലിവർ പെട്ടെന്ന് ഒരു ദിവസം കൊണ്ട് ഉണ്ടാകുന്ന ഒന്നല്ല. കാലക്രമേണയാണ് ഇത് ഉണ്ടാകുന്നത്. വെറും മദ്യപാനം കൊണ്ട് മാത്രമല്ല, മറിച്ച് നമ്മുടെ ചില ദൈനംദിന ശീലങ്ങളും കരളിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. നമ്മൾ ഇഷ്ടപ്പെട്ട് കുടിക്കുന്ന പല പാനീയങ്ങളും കരളിന് വില്ലനാകാം. ഇത്തരത്തിലുള്ള പാനീയങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
1. പഞ്ചസാര അടങ്ങിയ സോഡകൾ
പുറത്തിറങ്ങിയാൽ പലരും ആശ്രയിക്കുന്ന ഒന്നാണ് സോഡകൾ. സോഡ കുടിക്കുന്ന സമയത്ത് നിങ്ങൾക്ക് ഉന്മേഷം തോന്നുമെങ്കിലും, ഇവയിൽ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണെന്ന് കൂടി മനസ്സിലാക്കിയിരിക്കണം. ഇതിൽ മധുരത്തിനായി ഉപയോഗിക്കുന്ന ഫ്രക്ടോസാണ് പ്രധാന വില്ലൻ. ഇത് നേരിട്ട് കരളിലേക്കാണ് എത്തുന്നത്. കാലക്രമേണ ഇത് പിന്നീട് കരളിൽ കൊഴുപ്പ് അടിയുന്നതിനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ തടസം സൃഷ്ടിക്കുന്നതിനും കാരണമാകും.
2. മദ്യം
നമ്മുക്ക് എല്ലാവർക്കും അറിയുന്നത് പോലെ മദ്യം കരളിന് അപകടമാണ്. മദ്യം കരളിലെ കോശങ്ങളെ പതുക്കെ തകരാറിലാക്കും. കരളിൽ തടിപ്പും വീക്കവും ഉണ്ടാക്കാൻ മദ്യം കാരണമാകുന്നുണ്ട്. റെഡ് വൈനും ഇതേപോലെ തന്നെയാണ്. മദ്യം പൂർണമായി ഉപേക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും, ഉപയോഗത്തിന്റെ അളവും മറ്റും കുറച്ച് കുറച്ച് കൊണ്ടുവന്ന് മുഴുവനായി ഒഴിവാക്കാൻ ശ്രദ്ധിക്കുക.
3. എനർജി ഡ്രിങ്കുകൾ
സോഡകളെ പോലെ തന്നെ പുറത്തിറങ്ങിയാൽ പലതരത്തിലുമുള്ള എനർജി ഡ്രിങ്കുകൾ നമ്മൾ കുടിക്കാറുണ്ട്. ക്ഷീണം തോന്നുമ്പോൾ പെട്ടെന്ന് ഉന്മേഷം കിട്ടാൻ പലരും ഇതിനെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ ഇവയിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. കരളിന് ഇവയെ ദഹിപ്പിക്കാൻ പ്രയാസമുള്ളതിനാലാണ് ഇത് വില്ലനായി മാറുന്നത്.
എന്നാൽ ഇനി കരളിനെ തകരാറിലാക്കാ ഇവയ്ക്ക് പകരം കുടിക്കാവുന്ന ചില പാനീയങ്ങൾ പരിചയപ്പെടാം.
സ്പാർക്ലിങ് വാട്ടർ
പഞ്ചസാര ചേർക്കാത്ത ബ്ലാക്ക് കോഫി
ഗ്രീൻ ടീ
ബ്ലാക്ക് ടീ
ശ്രദ്ധിക്കുക, കരളിന്റെ ആരോഗ്യം കാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ച് ശരീരത്തിന് ദോഷം ചെയ്യുന്ന ഭക്ഷണരീതികൾ മാറ്റിയിരിക്കണം.