രാവിലെ എഴുന്നേൽക്കുമ്പോൾ തൊണ്ട വേദന ഉണ്ടാകാറുണ്ടോ?; നിസ്സാരമാക്കേണ്ട, കാരണങ്ങൾ ഇതാണ്
ഉറങ്ങുന്ന രീതി, ശ്വസിക്കുന്ന വായു, ശരീരത്തിലെ ആന്തരികമായ മാറ്റങ്ങൾ എന്നിവയെല്ലാം കാരണമാകാം
രാവിലെ എഴുന്നേൽക്കുമ്പോൾ പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് തൊണ്ടവേദന, വരൾച്ച തുടങ്ങിയവ. ചിലർക്ക് അൽപ്പസമയത്തിന് ശേഷം ഇത് മാറുമെങ്കിലും മറ്റുചിലർക്ക് നീണ്ടുനിൽക്കാറുമുണ്ട്. ഇത് വെറുമൊരു ജലദോഷം കൊണ്ടുണ്ടാകുന്നതാണെന്ന് മാത്രം കരുതി ഒരിക്കലും അവഗണിക്കരുത്. പിന്നിൽ മറ്റുചില കാരണങ്ങളുമാകാം. അതായത്, ഉറങ്ങുന്ന രീതി, ശ്വസിക്കുന്ന വായു, അല്ലെങ്കിൽ ശരീരത്തിലെ ആന്തരികമായ മാറ്റങ്ങൾ എന്നിവയൊക്കെ ഇതിന് പിന്നിലെ കാരണങ്ങളാകാം. രാവിലെ തൊണ്ട വരളുന്നതിനുള്ള പ്രധാന കാരണങ്ങളും പരിഹാരങ്ങളും നോക്കാം.
1. ഉറക്കത്തിൽ വായ തുറന്ന് ശ്വസിക്കുന്നത്
രാവിലെ തൊണ്ട വരളുന്നതിന് പ്രധാന കാരണം ഉറക്കത്തിൽ വായ തുറന്ന് ശ്വസിക്കുന്നതാണ്. മൂക്കിലൂടെയല്ലാതെ വായയിലൂടെ ശ്വാസമെടുക്കുമ്പോൾ, വായു നേരിട്ട് തൊണ്ടയിലേക്ക് കടന്നുപോവുകയും ഇതുവഴി ഈർപ്പം വറ്റിക്കുകയും ചെയ്യും. മൂക്കടപ്പ്, മൂക്കിന്റെ പാലത്തിനുള്ള വളവ്, അല്ലെങ്കിൽ സ്ലീപ്പ് അപ്നിയ എന്നിവ മൂലമാകാം ഇങ്ങനെ വായ തുറന്ന് ശ്വസിക്കുന്നത്. ഇത് പിന്നീട് തൊണ്ടയിൽ വീക്കത്തിനും വായ്നാറ്റത്തിനും കാരണമാകാറുണ്ട്. മലർന്നു കിടക്കാതെ ചരിഞ്ഞു കിടന്നു ഉറങ്ങുന്നതിലൂടെ നിങ്ങൾക്ക് ഇത് പരിഹരിക്കാവുന്നതാണ്. പതിവായി മൂക്കടപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ഇഎൻടി ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്.
2. ആസിഡ് റീഫ്ലക്സ്
ചിലപ്പോഴൊക്കെ തൊണ്ടവരൾച്ചയ്ക്ക് കാരണം ശ്വസനരീതി മാത്രമല്ല, മറിച്ച് വയറ്റിലെ ആസിഡാണ്. ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ ഒഴുകിയെത്തുമ്പോൾ ഉണ്ടാകുന്ന ആരോഗ്യസ്ഥിതിയാണ് ആസിഡ് റിഫ്ലക്സ് രോഗം. ഇതും രാവിലെ ഉണരുമ്പോഴുള്ള തൊണ്ട വേദനയ്ക്ക് കാരണമാകുന്നുണ്ട്. ഉറക്കത്തിൽ ആസിഡ് മുകളിലേക്ക് കയറി തൊണ്ടയിലെത്തുമ്പോഴാണ് ഇത് അസ്വസ്ഥത ഉണ്ടാക്കുന്നത്. കിടക്കുന്നതിന് രണ്ട്, മൂന്ന് മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുന്നത് വഴി ഇത് പരിഹരിക്കാവുന്നതാണ്.
കൂടാതെ ഉറങ്ങുമ്പോൾ തല അൽപ്പം ഉയർത്തി വെച്ച് കിടക്കുന്നതും കഫീൻ, എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ, വൈകിയുള്ള ലഘുഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുന്നതിലൂടെയും നിങ്ങൾക്ക് പരിഹാരം കിട്ടും.
3. നിർജ്ജലീകരണവും വരണ്ട അന്തരീക്ഷവും
മറ്റൊരു പ്രധാന കാരണം ശരീരത്തിൽ ആവശ്യത്തിന് വെള്ളം ഇല്ലാത്തതാണ്. നമ്മളിൽ പലരും രാവിലെ ജോലിക്ക് കയറിയാൽ എസി മുറികളിലിരുന്ന് ജോലി ചെയ്യുകയും ആവശ്യത്തിന് വെള്ളം കുടിക്കാതെയും ഇരിക്കാറുണ്ട്. പിന്നീട് ജോലി കഴിഞ്ഞ് വീട്ടിൽ വന്നാൽ രാത്രി ഉറങ്ങുന്നതും ചൂടുള്ളതായ മുറികളിലാവും. ഇതും തൊണ്ട വരണ്ടുപോകാൻ ഇടയാക്കും. ഉറക്കത്തിൽ ശ്വാസമെടുക്കുമ്പോൾ ശരീരത്തിൽ നിന്ന് ഈർപ്പം നഷ്ടപ്പെടുന്നുണ്ട്. നമ്മൾ വെള്ളം കുടിക്കാതിരിക്കുമ്പോൾ ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുന്നതോടൊപ്പം ഉമിനീരിന്റെ ഉത്പാദനവും കുറയുന്നുണ്ട് എന്നതും ഓർക്കണം. വെള്ളരി, തണ്ണിമത്തൻ, ഓറഞ്ച് തുടങ്ങിയ ജലാംശം കൂടുതലുള്ളവ കഴിക്കുന്നതും എപ്പോഴും കിടയ്ക്കയ്ക്കരികിൽ വെള്ളക്കുപ്പി കരുതുന്നതും ശരീരത്തിൽ വെള്ളം വേഗത്തിലെത്താൻ നല്ലൊരു ഓപ്ഷനാണ്.
4. സ്ലീപ്പ് അപ്നിയ
തൊണ്ടവരൾച്ചയ്ക്കൊപ്പം ഉറക്കത്തിൽ കൂർക്കംവലി, ശ്വാസം മുട്ടൽ, എട്ട് മണിക്കൂർ ഉറങ്ങിയാലും ക്ഷീണം എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് സ്ലീപ്പ് അപ്നിയ ആകാൻ സാധ്യതയുണ്ട്. ഉറക്കത്തിൽ ശ്വാസോച്ഛ്വാസം തടസ്സപ്പെടുന്ന അവസ്ഥയാണിത്. ശ്വാസതടസ്സം ഉണ്ടാകുമ്പോൾ വായയിലൂടെ ശ്വാസമെടുക്കാൻ ശരീരം നിർബന്ധിതമാകുകയും ഇത് രക്തത്തിലെ ഓക്സിജന്റെ അളവിനെയും തൊണ്ടയുടെ ആരോഗ്യത്തെയും ബാധിക്കുന്നത് വഴിയാണ് ഇങ്ങനെ സംഭവിക്കുന്നത്.
5. അലർജികളും സൈനസ് പ്രശ്നങ്ങളും
മൂക്കിന് ഇരുവശങ്ങളിലും നെറ്റിയിലുമുള്ള വായു അറകളിൽ അണുബാധയോ വീക്കമോ ഉണ്ടാകുന്നതാണ് സൈനസൈറ്റിസ്. സീസണൽ അലർജികൾ, പൊടിപടലങ്ങൾ, വളർത്തുമൃഗങ്ങളുടെ രോമം എന്നിവ കാരണം ഇതുണ്ടാകാം. ഇതും രാവിലെ തൊണ്ടയിൽ പുകച്ചിലും വരൾച്ചയും ഉണ്ടാക്കാൻ കാരണമാകുന്നുണ്ട്. കിടക്കയും വിരിപ്പുകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, കിടപ്പുമുറിയിൽ എയർ പ്യൂരിഫയർ ഉപയോഗിക്കുക, ഉറങ്ങുന്നതിന് മുമ്പ് കടുപ്പമേറിയ സുഗന്ധദ്രവ്യങ്ങളോ സ്പ്രേകളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക തുടങ്ങിയവയിലൂടെ ഇത് തടയാവുന്നതാണ്.
6. മരുന്നുകളുടെ പാർശ്വഫലങ്ങൾ
ആന്റിഹിസ്റ്റാമൈനുകൾ, ഡിപ്രഷനുള്ള മരുന്നുകൾ, പ്രഷറിന്റെ മരുന്നുകൾ എന്നിവ ഉമിനീർ ഉത്പാദനം കുറയ്ക്കാറുണ്ട്. ഉമിനീർ കുറയുന്നത് രാത്രിയിൽ തൊണ്ട വരണ്ടുപോകാൻ ഇടയാക്കുന്നുണ്ട്. പുതിയ മരുന്ന് കഴിച്ചു തുടങ്ങിയ ശേഷമാണ് ഇത് അനുഭവപ്പെടുന്നതെങ്കിൽ ഡോക്ടറോട് ഇക്കാര്യം പറഞ്ഞതിന് ശേഷം മാത്രം ഇവ തുടരുക.
എപ്പോൾ ഡോക്ടറെ കാണണം?
ശ്രദ്ധിക്കുക, ചെറിയ ചില മാറ്റങ്ങളിലൂടെ നമ്മുക്ക് രോഗമുക്തി നേടാം. കൃത്യമായി വെള്ളം കുടിക്കുക, മുറിയിലെ ഈർപ്പം നിലനിർത്തുക ന്മേൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുക തുടങ്ങിയവയിലൂടെ ഈ പ്രശ്നം ഒരുപരിധി വരെ പരിഹരിക്കാം. എന്നാൽ ആഴ്ചകളോളം ഈ ബുദ്ധിമുട്ട് തുടരുകയോ കൂടുതൽ വഷളാവുകയോ ചെയ്യുകയാണെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണേണ്ടതാണ്. ന്മേൽ പറഞ്ഞ കാരണങ്ങൾ മാത്രമാകില്ല, തൈറോയ്ഡ് പ്രശ്നങ്ങൾ അല്ലെങ്കിൽ മറ്റ് ഉറക്കസംബന്ധമായ രോഗങ്ങളുടെ ലക്ഷണവുമാകാം രാവിലെ എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന തൊണ്ടവേദന.