രോഗനിര്‍ണയത്തിനും നിയന്ത്രണത്തിനും ആദ്യമായി ആപ്പ്: വീണാ ജോര്‍ജ്

പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, മറ്റ് ജീവിതശൈലീ രോഗങ്ങള്‍, ക്യാന്‍സറുകള്‍ എന്നിവയെകുറിച്ചുള്ള വിവിരണ ശേഖരണമാണ് പ്രാഥമികമായി ഈ ആപ്പ് വഴി നടത്തുന്നത്.

Update: 2022-05-05 13:53 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിര്‍ണയത്തിന് 'ശൈലി ആപ്പ്' എന്ന ഒരു മൊബൈല്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന ആരോഗ്യവകുപ്പ് നവകേരള കര്‍മ്മപദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന പദ്ധതിയായ പോപ്പുലേഷന്‍ ബേസ്ഡ് സ്‌ക്രീനിംഗ് അഥവാ വാര്‍ഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായാണ് ശൈലി ആപ്പ് സജ്ജമാക്കിയിരിക്കുന്നത്. ഈ പദ്ധതിയിലൂടെ മുപ്പത് വയസിന് മുകളിലുള്ള എല്ലാ വ്യക്തികളുടെയും ജിവിതശൈലീ രോഗങ്ങളെ സംബന്ധിച്ചും അതിലേക്ക് നയിക്കുന്ന ഹേതുക്കളെ കുറിച്ചുമുള്ള വിവര ശേഖരണം നടത്തുന്നതിന് ആശ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ വിവരങ്ങള്‍ വേഗത്തില്‍ ശേഖരിച്ച് ക്രോഡീകരിക്കാനാണ് ഇ-ഹെല്‍ത്ത് വഴി ശൈലി ആപ്പ് സജ്ജമാക്കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Advertising
Advertising

പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, മറ്റ് ജീവിതശൈലീ രോഗങ്ങള്‍, ക്യാന്‍സറുകള്‍ എന്നിവയെകുറിച്ചുള്ള വിവിരണ ശേഖരണമാണ് പ്രാഥമികമായി ഈ ആപ്പ് വഴി നടത്തുന്നത്. ഈ രോഗങ്ങളോടൊപ്പം ഈ രോഗങ്ങളിലേക്ക് നയിക്കുന്ന ജീവിതചര്യകളെ കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നു. രേഖപ്പെടുത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തികളുടെ ആരോഗ്യ നിലവാരത്തെ കുറിച്ചുള്ള ഒരു സ്‌കോറിംഗ് നടത്തുകയും സ്‌കോര്‍ നാലിന് മുകളിലുള്ള വ്യക്തികളെ ജീവിതശൈലീ രോഗപരിശോധനക്ക് അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് പോകുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും.

ഓരോ ആശപ്രവര്‍ത്തകയും അവരുടെ നിയന്ത്രണത്തിലുള്ള എല്ലാ വീടുകളും സന്ദര്‍ശിച്ച് ഡേറ്റ എന്‍ട്രി നടത്തുന്നതാണ്. ഇതിനായി ആശപ്രവര്‍ത്തകര്‍ക്ക് ഒരു ഇന്‍സെന്റീവും ആരോഗ്യവകുപ്പ് നല്‍കുന്നുണ്ട്. ആശ പ്രവര്‍ത്തകര്‍ വിവരശേഖരണം നടത്തി കഴിയുമ്പോള്‍ തന്നെ ആ പ്രദേശത്തെ ആരോഗ്യ വിവരങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭ്യമാകുന്നതാണ്. ഓരോ പഞ്ചായത്തിലെയും ആരോഗ്യ വിവരങ്ങള്‍ അവിടത്തെ മെഡിക്കല്‍ ഓഫീസര്‍ക്ക് ലഭിക്കുന്നതോടൊപ്പം ജില്ലാതല വിവരങ്ങള്‍ ജില്ലാ നോഡല്‍ ഓഫീസര്‍ക്കും സംസ്ഥാനതല വിവരങ്ങള്‍ സംസ്ഥാന നോഡല്‍ ഓഫീസര്‍ക്കും അവരുടെ ഡാഷ് ബോര്‍ഡില്‍ കാണാന്‍ സാധിക്കുന്നതാണ്. ഇതിലൂടെ പ്രാദേശികമായിട്ടും സംസ്ഥാനതലത്തിലുമുള്ള ജിവിതശൈലീ രോഗങ്ങളുടെ യഥാര്‍ത്ഥകണക്ക് ലഭ്യമാകുന്നതാണ്. ഇത് ജീവിതശൈലീ രോഗ നിയന്ത്രണത്തിനും ആരോഗ്യ പദ്ധതികളുടെ ആസൂത്രണത്തിനും ഏറെ സഹായകരമാകുന്നതാണ്.

ആധുനികവത്കരണത്തിന്റെയും നഗരവത്കരണത്തിന്റെയും ഫലമായി ജനങ്ങളുടെ ജീവിതശൈലിയില്‍ വന്ന കാതലായ മാറ്റത്തിനനുസൃതമായി ജീവിതശൈലീ രോഗങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജീവിതശൈലി രോഗ പ്രതിരോധിക്കുന്നതിനും സംസ്ഥാനം ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനും സംസ്ഥാന ആരോഗ്യ വകുപ്പ് ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതി (അമൃതം ആരോഗ്യം) ആരംഭിക്കുകയുണ്ടായി. ഇന്ന് സംസ്ഥാനത്തെ കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ജീവിതശൈലീ രോഗ നിര്‍ണയ ക്ലിനിക്കുകള്‍ ഉണ്ടെങ്കിലും ജനസംഖ്യാധിഷ്ഠിതമായി ഓരോ പ്രദേശത്തും നിലവിലുള്ള ജീവിതശൈലീ രോഗങ്ങളുടെ വ്യക്തമായ കണക്കുകളില്ല. ഇതിനൊരു പരിഹാരമായാണ് പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News