കോവിഡ് മഹാമാരിക്ക് ശേഷമിങ്ങോട്ട് അമിതമായ ശുചിത്വ ശീലങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.സാനിറ്റൈസറുകളുടെയും അണുനാശിനികളുടെയും അമിത ഉപയോഗം ഇപ്പോഴും പലരും തുടരുന്നുണ്ട്. രോഗങ്ങളെ പേടിച്ച് നാം ശീലമാക്കിയ ഈ 'അമിത ശുചിത്വം' യഥാർത്ഥത്തിൽ നമ്മുടെ പ്രതിരോധശേഷിയെ തളർത്തുകയാണോ? അണുവിമുക്തമായ ചുറ്റുപാടിൽ വളരുന്നതാണ് നല്ലതെന്ന് നാം കരുതുമ്പോൾ, ശാസ്ത്രം പറയുന്നത് മറ്റൊന്നാണ്.
അണുബാധകൾ തടയുന്നതിന് ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ബാക്ടീരിയകൾ, വൈറസുകൾ, ഫംഗസുകൾ എന്നിവ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാൻ വൃത്തി ആവശ്യമാണെങ്കിലും, അമിതമായ ശുചിത്വം ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ചിന്തിക്കേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ചും കുട്ടികളില്‍. മാരകമായ രോഗങ്ങൾ ഉണ്ടാക്കുന്ന അഴുക്കോ രോഗാണുക്കളോ ശരീരത്തിൽ എത്തുന്നില്ല എന്ന് ഉറപ്പുവരുത്തണം. എന്നാൽ, 99.9% അണുവിമുക്തം എന്നത് ഒരു ശീലമായി മാറുമ്പോഴാണ് പ്രശ്നം തുടങ്ങുന്നത്. ഏതെങ്കിലും ഒരു പ്രതലത്തിൽ തൊടുമ്പോഴേക്കും അപകടകാരികളായ അണുക്കളെ പേടിച്ച് സാനിറ്റൈസർ ഉപയോഗിക്കുന്നത് പലര്‍ക്കുമിന്ന് ഒരു നിയമമായി മാറിയിരിക്കുന്നു. ഈ സന്തുലിതാവസ്ഥ 'ഹൈജീൻ ഹൈപ്പോതിസിസ്' (Hygiene Hypothesis) എന്ന സിദ്ധാന്തത്തിൽ അധിഷ്ഠിതമാണ്. പൂർണ്ണമായും അണുവിമുക്തമായി ജീവിക്കുന്നത് രോഗങ്ങളെ തടയുകയല്ല, മറിച്ച് നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയാണ് ചെയ്യുകയെന്ന് ഈ സിദ്ധാന്തം പറയുന്നു.
വീടിനുള്ളിലായാലും പുറത്തായാലും പൂർണ്ണമായും അണുവിമുക്തമായ അന്തരീക്ഷത്തിൽ കഴിയുന്ന മുതിർന്നവരിലും കുട്ടികളിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അമിതമായി ക്ലീനിംഗ് സ്പ്രേകൾ ഉപയോഗിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ ബാധിച്ചേക്കാം. കാരണം, വൃത്തിയാക്കുന്നതിനിടയിൽ പ്രതിരോധശേഷി വർധിപ്പിക്കാൻ ആവശ്യമായ 'നല്ല ബാക്ടീരിയകളും' നശിപ്പിക്കപ്പെടുന്നു. അതിനാൽ, അണുവിമുക്തമായ ജീവിതശൈലിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. പ്രത്യേകിച്ച് കുട്ടികളുടെയും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ള മുതിർന്നവരുടെയും കാര്യത്തിൽ ശാസ്ത്രീയമായ വശങ്ങൾ മുൻനിർത്തി വേണം തീരുമാനങ്ങൾ എടുക്കാൻ.
എന്താണ് ശുചിത്വ സിദ്ധാന്തം?
മനുഷ്യന്റെ രോഗപ്രതിരോധ സംവിധാനം ഒരു 'പഠന സഹായി' പോലെയാണ്. കുട്ടിക്കാലം മുതൽ തന്നെ പ്രകൃതിയിലെ വിവിധ സൂക്ഷ്മാണുക്കളുമായി (ബാക്ടീരിയ, വൈറസ്, പരാദങ്ങൾ) സമ്പർക്കമുണ്ടാകുമ്പോഴാണ് പ്രതിരോധ സംവിധാനം അവയെ തിരിച്ചറിയാനും നേരിടാനും പഠിക്കുന്നത്. അമിതമായ അണുവിമുക്ത ശീലങ്ങൾ വഴി ഈ സമ്പർക്കം ഇല്ലാതാകുമ്പോൾ, പ്രതിരോധ സംവിധാനം ദുർബലമാവുകയും അലർജി, ആസ്ത്മ തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
അപ്ലൈഡ് ആൻഡ് എൻവയോൺമെന്റൽ മൈക്രോബയോളജിയിൽ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച് , അണുവിമുക്തമായ ശീലങ്ങൾ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തെ ബാധിക്കും. ഗുരുതരമായ രോഗം ഒഴിവാക്കാൻ ദോഷകരമായ സൂക്ഷ്മാണുക്കളുമായുള്ള സമ്പർക്കം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്.എന്നാല്‍ പതിവായി ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുകയാണെങ്കിൽ അവ ദഹനത്തിനും പ്രതിരോധശേഷിക്കും ആവശ്യമായ കുടലിലെ 'നല്ല ബാക്ടീരിയകളെ' നശിപ്പിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
അമിത ശുചിത്വം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ
അമിതമായി അണുനാശിനികൾ ഉപയോഗിക്കുന്നത് താഴെ പറയുന്ന പ്രശ്നങ്ങൾക്ക് കാരണമായേക്കാം:
കുടലിന്റെ ആരോഗ്യം: ദഹനത്തിനും പ്രതിരോധശേഷിക്കും ആവശ്യമായ 'നല്ല ബാക്ടീരിയകളെ' അമിതമായ ക്ലീനിംഗ് സ്പ്രേകളും സാനിറ്റൈസറുകളും നശിപ്പിക്കുന്നു.
അലർജികൾ: ശരീരത്തിന് പരിചയമില്ലാത്ത വസ്തുക്കളോട് പ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുകയും ഇത് ഭക്ഷണത്തോടും പരിസ്ഥിതിയോടുമുള്ള അലർജിക്ക് കാരണമാവുകയും ചെയ്യുന്നു.
ആന്റിബയോട്ടിക് പ്രതിരോധം: ചെറിയ കാര്യങ്ങൾക്ക് പോലും അമിതമായി ആന്റിബയോട്ടിക്കുകളും അണുനാശിനികളും ഉപയോഗിക്കുന്നത് ഭാവിയിൽ മരുന്നുകൾ ഫലിക്കാത്ത അവസ്ഥയുണ്ടാക്കും.
മാനസികാരോഗ്യം: അണുക്കളെക്കുറിച്ചുള്ള അമിതഭീതി സ്വാഭാവിക മരണസാധ്യത പോലും വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
സന്തുലിതമായ ശുചിത്വം എങ്ങനെ പാലിക്കാം?
ശുചിത്വം പൂർണ്ണമായും ഉപേക്ഷിക്കണമെന്നല്ല, മറിച്ച് അത് പ്രായോഗികമായിരിക്കണം എന്നാണ് വിദഗ്ധർ പറയുന്നത്. അതിനായി സാധ്യമാകുമ്പോഴെല്ലാം കൈ കഴുകാൻ സാനിറ്റൈസറിന് പകരം വെള്ളവും സോപ്പും ഉപയോഗിക്കുക. കുട്ടികളെ മണ്ണിലും ചെടികൾക്കിടയിലും കളിക്കാൻ അനുവദിക്കുന്നത് അവരുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. വളർത്തുമൃഗങ്ങളുമായുള്ള സമ്പർക്കം കുട്ടികളിലെ അലർജി സാധ്യത കുറയ്ക്കുന്നതായി ചില പഠനങ്ങൾ പറയുന്നു. മൗത്ത് വാഷുകളുടെ അമിത ഉപയോഗം വായയിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കും, അതിനാൽ ഇത് നിയന്ത്രിക്കുന്നതും നല്ലതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
രോഗാണുക്കൾ ഒട്ടുമില്ലാത്ത ഒരവസ്ഥയല്ല, മറിച്ച് രോഗാണുക്കളെ നേരിടാൻ ശേഷിയുള്ള കരുത്തുറ്റ ശരീരമാണ് നമുക്ക് വേണ്ടത്. അതിനാൽ അമിതമായ രോഗഭീതി വെടിഞ്ഞ് സ്വാഭാവികമായ രീതിയിൽ ആരോഗ്യകരമായ ജീവിതശൈലി കെട്ടിപ്പടുക്കാനായി ശ്രമിക്കുക.