ഐ ഡ്രോപ്പുകളിൽ അന്ധതയ്ക്ക് കാരണമായേക്കാവുന്ന ബാക്ടീരിയയുടെ സാന്നിധ്യം; വിപണിയിൽ നിന്ന് തിരികെ വിളിക്കാൻ പ്രമുഖ ബ്രാൻഡുകൾക്ക് നിർദേശം

മരുന്നുകൾ നിർമ്മിക്കുന്ന ഫാക്ടറികളിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ ശുചിത്വ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

Update: 2026-04-04 08:42 GMT

കാഴ്ച നഷ്ടപ്പെടുത്തുന്ന ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന സംശയത്തെ തുടർന്ന് മൂന്ന് ദശലക്ഷത്തിലധികം ഐ ഡ്രോപ്പുകൾ തിരികെവിളിക്കാൻ നിർദേശം. അമേരിക്കയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലകളായ സിവിഎസ്, വാൾഗ്രീൻസ് (Walgreens), ക്രോഗർ (Kroger) എന്നിവ വഴി വിറ്റഴിക്കുന്ന 26 തരം ഐ ഡ്രോപ്പുകളാണ് വിപണിയിൽ നിന്ന് അടിയന്തരമായി തിരിച്ചുവിളിക്കാൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) ഉത്തരവിട്ടത്. ഈ ഉൽപ്പന്നങ്ങളിൽ ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇത് ഉപഭോക്താക്കളുടെ കാഴ്ചയെ ഗുരുതരമായി ബാധിക്കുമെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

Advertising
Advertising

മരുന്നുകൾ നിർമ്മിക്കുന്ന ഫാക്ടറികളിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ ശുചിത്വ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അണുവിമുക്തമായി സൂക്ഷിക്കേണ്ട ഇടങ്ങളിൽ ബാക്ടീരിയയുടെ സാന്നിധ്യം ഉള്ളതായി എഫ്ഡിഎ നിരീക്ഷിച്ചു. സിവിഎസ് ഹെൽത്ത്, റൈറ്റ് എയ്ഡ് (Rite Aid), ടാർഗറ്റ് (Target - Up & Up), വാൾമാർട്ട് (Walmart - Equate), ലീഡർ (Leader), റഗ്ബി (Rugby) എന്നീ ബ്രാൻഡുകൾക്ക് കീഴിലുള്ള ലൂബ്രിക്കന്റ് ഐ ഡ്രോപ്പുകളാണ് പ്രധാനമായും പട്ടികയിലുള്ളത്.

ബാക്ടീരിയ കലർന്നതെന്ന് സംശയിക്കുന്ന ഐ ഡ്രോപ്പുകൾ ഉപയോഗിക്കുന്നത് കണ്ണിന് ഗുരുതരമായ അണുബാധ ഉണ്ടാക്കാൻ കാരണമാകും. ഇത് കോർണിയയുടെ നാശത്തിലേക്കോ പൂർണ്ണമായ അന്ധതയിലേക്കോ നയിച്ചേക്കാം. ഈ മരുന്നുകൾ ഉപയോഗിച്ചവർക്ക് കണ്ണിന് അമിതമായ ചുവപ്പ്, വേദന, കാഴ്ച മങ്ങൽ, അല്ലെങ്കിൽ പഴുപ്പ് എന്നിവ അനുഭവപ്പെട്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടണം. നിലവിൽ ആർക്കും ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൽ എന്ന നിലയിൽ ഈ ഉൽപ്പന്നങ്ങൾ കൈവശമുള്ളവർ അവ ഉടൻ തന്നെ ഉപേക്ഷിക്കണമെന്ന് നിർദേശമുണ്ട്. വായുസഞ്ചാരമില്ലാത്തതും അണുവിമുക്തമല്ലാത്തതുമായ സാഹചര്യങ്ങളിൽ മരുന്നുകൾ പാക്ക് ചെയ്തതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്.

ഇത്തരത്തിൽ പിൻവലിച്ചിരിക്കുന്ന ഐ ഡ്രോപ്പുകൾ പ്രധാനമായും അമേരിക്കൻ വിപണിയിലെ റീട്ടെയിൽ സ്റ്റോറുകൾക്കായി നിർമ്മിച്ചവയാണ്. സിവിഎസ്, വാൾഗ്രീൻസ്, ക്രോഗർതുടങ്ങിയവ അമേരിക്കൻ സ്റ്റോർ ബ്രാൻഡുകളായതിനാൽ ഇവ ഇന്ത്യയിലെ ഫാർമസികളിൽ ഔദ്യോഗികമായി നേരിട്ട് വിൽക്കപ്പെടുന്നില്ല. അതിനാൽ ഇന്ത്യയിലെ പ്രാദേശിക വിപണിയെ മരുന്ന് പിൻവലിക്കനാള്ള തീരുമാനം ബാധിക്കാനിടയില്ല. എന്നിരുന്നാലും ഓൺലൈൻ വഴിയോ വിദേശത്തുനിന്നോ ഈ പ്രത്യേക ബ്രാൻഡുകൾ വാങ്ങി ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - ഹെൽത്ത് ഡെസ്ക്

contributor

Similar News